മനസ്സിന്‍റെ യുദ്ധക്കളം ധ്യാനചിന്തകള്‍ഉദാഹരണം
നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍
അവന്‍ തന്‍റെ മനസ്സില്‍ കണക്കുകൂട്ടുന്നതുപോലെ ആകുന്നു. - സദൃശവാക്യങ്ങള്‍ 23:7
വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഞാന്‍ അമൂല്യമായൊരു പാഠം പഠിച്ചു. നാം എന്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അത് ആയിത്തീരും. ഈ ലളിതമായ പ്രസ്താവന ഏറെ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. നമ്മുടെ ഊര്‍ജ്ജവും ശ്രദ്ധയും എവിടെയാണോ കേന്ദ്രീകരിക്കുന്നത്, അത് വളരും. മറ്റൊരു വിധത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. "എവിടെയാണോ മനസ്സ് പോകുന്നത്, അവിടേയ്ക്ക് മനുഷ്യന്‍ പിന്തുടരും!"
ഞാന്‍ ഐസ്ക്രീമിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഞാന്‍ എന്‍റെ കാറില്‍ ഐസ്ക്രീമിനെ പിന്തുടരുന്നതായി അനുഭവപ്പെടും. എന്‍റെ ചിന്തകള്‍ ആഗ്രഹങ്ങളെയും, വികാരങ്ങളെയും സജീവമാക്കും. അവയെ പിന്തുടരാന്‍ ഞാന്‍ തീരുമാനമെടുക്കും.
നമ്മുടെ ജീവിതത്തില്‍ നിഷേധാത്മകമായ കാര്യങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കില്‍, നാം നിഷേധാത്മക വ്യക്തിത്വങ്ങളായി മാറും. വൈകാതെ നമ്മുടെ സന്തോഷം നഷ്ടമാകുകയും നാം ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുകയും ചെയ്യും - ഇതെല്ലാം ആരംഭിക്കുന്നത് നമ്മുടെ ചിന്താരീതികള്‍ക്ക് ഒപ്പമാണ്.
നിങ്ങള്‍ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ നേരിടുകയായിരിക്കാം. നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് അത് തെരഞ്ഞെടുത്തുകൊണ്ട് അതിന്‍റെ അനന്തരഫലമാണ് അനുഭവിക്കുന്നതെന്ന തിരിച്ചറിവ് ഒരുപക്ഷേ നിങ്ങള്‍ക്കുണ്ടായിരിക്കില്ല. നിങ്ങള്‍ ചിന്തിക്കുന്നതെന്താണെന്ന് ചിന്തിക്കുവാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുകയാണ്!
നിങ്ങള്‍ നിരാശനാകുകയും മാനസിക തകര്‍ച്ച നേരിടുകയും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വിലപിക്കുകയും ചെയ്യുകയാകാം. എന്നാല്‍ നിങ്ങളുടെ ചിന്താജീവിതം പരിശോധിക്കുമെങ്കില്‍ അവിടെ നിഷേധാത്മക ചിന്തകളാല്‍ നിറയപ്പെട്ടിരിക്കുന്നതായി കാണാന്‍ സാധിക്കും. നിരാശയ്ക്കും മാനസികതകര്‍ച്ചയ്ക്കും മറ്റ് വൈകാരിക പ്രശ്നങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല ഇന്ധനമാണ് നിഷേധാത്മക ചിന്തകള്‍.
നാം നമ്മുടെ ചിന്തകളെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കേണ്ടതുണ്ട്. നമ്മുടെ ജീവിതത്തില്‍ എന്താണ് തെറ്റായി സംഭവിച്ചതെന്നും അല്ലെങ്കില്‍ എന്താണ് ശരിയായതെന്നും ചിന്തിക്കാന്‍ നമുക്ക് സാധിക്കും. നാമുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും എന്തൊക്കെയാണ് കുഴപ്പങ്ങള്‍ എന്നു വേണമെങ്കില്‍ നമുക്ക് ചിന്തിക്കാം. അതേപോലെ അവരുടെ ശരിയായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് അതിനെ വിശകലനം ചെയ്യാനും സാധിക്കും. ഏറ്റവും നല്ലതായതില്‍ വിശ്വസിക്കാനാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. അങ്ങനെ നാം ചെയ്യുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ കൂടുതല്‍ ശാന്തപൂര്‍ണ്ണവും സന്തോഷഭരിതവും ആക്കിത്തീര്‍ക്കും.
എനിക്ക് മഹത്തരമായ ഒരു ജീവിതമുണ്ട് - സ്നേഹിക്കുന്ന ഒരു ഭര്‍ത്താവും മക്കളുമുണ്ട്. എനിക്ക് നല്‍കപ്പെട്ട അനുഗ്രഹീതമായ ശുശ്രൂഷയിലൂടെ ലോകമെമ്പാടുമുള്ള അനേക ലക്ഷം ആളുകള്‍ക്ക് അനുഗ്രഹമായിത്തീരാനുള്ള അവസരവും ദൈവം എനിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്‍റെ മനസ്സില്‍ നിഷേധാത്മക ചിന്തകള്‍ കൂടുകെട്ടാന്‍ സാത്താനെ അനുവദിച്ചാല്‍ - ഞാന്‍ പരാജയപ്പെടും.
ഞാന്‍ ദൈവകൃപയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എന്‍റെ ജീവിതത്തില്‍ നല്‍കിയ എല്ലാ നന്മകള്‍ക്കും നന്ദി പറയുകയും ചെയ്യുന്നു. എനിക്ക് ഇല്ലാത്തവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു പഴയ സുഹൃത്ത് ഈ ഉദ്ധരണി ആവര്‍ത്തിക്കുമായിരുന്നു. "ജീവിതത്തില്‍ നിങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍, നിങ്ങളുടെ ലക്ഷ്യം എന്തുതന്നെയായിരുന്നാലും മാളത്തെയല്ല, പക്ഷിയില്‍ തന്നെ ഉന്നം വയ്ക്കുക." പല ആളുകളും ഇല്ലാത്തതും ശരിയല്ലാത്തതുമായ കാര്യങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്.
നമ്മുടെ ചിന്തകളായിരിക്കും നമ്മുടെ ഭാവിയെ നിശ്ചയിക്കുക എന്ന് പറയാനാണ് ഇത്രയും പറഞ്ഞത്. നമ്മുടെ ചിന്തകള്‍ നമ്മുടെ സന്തോഷത്തെയും നിശ്ചയിക്കും. സദൃശവാക്യങ്ങള്‍ 23:7 എന്‍റെ പ്രിയപ്പെട്ട വാക്യങ്ങളിലൊന്നാണ്. ചിന്തകള്‍ ശക്തമാണ്. അവ കേവലം നമ്മുടെ മനസ്സില്‍ നിന്ന് ഒഴുകിയെത്തുന്ന വാക്കുകള്‍ മാത്രമല്ല. അതുകൊണ്ടുതന്നെ എന്തൊക്കെയാകണം നമ്മുടെ മനസ്സിന്‍റെ ഉള്ളില്‍ വിശ്രമിക്കേണ്ടതെന്ന് നാം തീരുമാനമെടുക്കേണ്ടതുണ്ട്.
നമ്മുടെ മനസ്സ് ഒരു യുദ്ധക്കളമാണെന്ന കാര്യം നാം മറന്നുപോകരുത്. നമ്മുടെ ശത്രു അതിനെ ഏത് തന്ത്രം ഉപയോഗിച്ചും നമ്മെ കെണിയില്‍പെടുത്താനായി ഉപയോഗിക്കാന്‍ ശ്രമിക്കും.
ഞങ്ങളുടെ ഒരു യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ ഒരു മനുഷ്യനെക്കുറിച്ച് ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. അശ്ലീല വെബ്സൈറ്റുകള്‍ കാണുന്നതില്‍ നിന്നുള്ള വിടുതലായിരുന്നു അവന് ആവശ്യമായിരുന്നത്. ഈ മനുഷ്യന്‍ ഇന്‍റര്‍നെറ്റില്‍ എന്തോ പരതിക്കൊണ്ടിരുന്നതിനിടയില്‍ അശ്ലീല ചിത്രങ്ങള്‍ നിറഞ്ഞ ഒരു വെബ്സൈറ്റിലേക്ക് യാദൃശ്ചികമായി പ്രവേശിക്കുകയായിരുന്നു. അടുത്ത ദിവസം തികച്ചും നിസാരമായി തന്‍റെ സഹപ്രവര്‍ത്തകരോട് പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു. "ഇത്തരം കാഴ്ചകള്‍ ആരാണ് കാണുക?"
എന്നാല്‍ അടുത്ത രാത്രിയില്‍ വീണ്ടും അവന്‍ ആ വെബ്സൈറ്റിലെത്തി. അനേക രാത്രികള്‍ക്ക് ശേഷം അവന്‍ ലൈംഗിക പുസ്തകങ്ങള്‍ വാങ്ങുവാനിടയായി. അവന്‍ ഇക്കാര്യം തന്‍റെ കുടുംബാംഗങ്ങളില്‍ നിന്ന് മറച്ചുവച്ചു. "ഇത്രയും ചെറിയൊരു കാര്യം ആരെയാണ് മുറിവേല്‍പ്പിക്കാന്‍ പോകുന്നത്?" അവന്‍ ചിന്തിച്ചു.
കൂടുതലായി ഇത്തരം ചിത്രങ്ങള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകളെക്കുറിച്ച് തന്‍റെ സന്തോഷത്തിനുവേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രമായാണ് അവന്‍ ചിന്തിച്ചത്. ഒരു ദിവസം അവന്‍റെ ഭാര്യ പറഞ്ഞു. "നിങ്ങള്‍ക്കെന്താണ് സംഭവിച്ചിരിക്കുന്നത്? ഒന്നുകില്‍ നിങ്ങള്‍ നിങ്ങളുടെ മനോഭാവം മാറ്റുക. അല്ലെങ്കില്‍ എനിക്ക് നിങ്ങളെ ഉപേക്ഷിച്ച് പോകേണ്ടിവരും."
അവന്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുന്നതിനുമുമ്പ് അവന്‍റെ ജീവിതം വളരെ അധോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. "ഏതാനും ചില അശ്ലീല ചിത്രങ്ങള്‍ കണ്ടത് ഇത്തരമൊരു അടിമത്വത്തിലേക്ക് നയിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു." അവന്‍ പറഞ്ഞു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നമുക്ക് ഒരേ സമയം ഒരു ക്രിയാത്മകമായ ജീവിതവും നിഷേധാത്മകമായ മനസ്സുമായി ജീവിക്കാന്‍ സാധിക്കുകയില്ല. നാം എവിടെ അവസാനിക്കുമെന്ന് തീരുമാനിക്കുന്നത് നമ്മുടെ ചിന്തകളാണ്.
നമ്മുടെ മനസ്സുകള്‍ ക്രിയാത്മകവും, മനോഹരവും, ആരോഗ്യകരവുമായ ചിന്തകള്‍ കൊണ്ട് നിറയപ്പെടണമെന്ന് നമ്മുടെ രക്ഷിതാവും സ്നേഹിതനുമായ യേശു ആഗ്രഹിക്കുന്നു, നാം അത്തരം ചിന്തകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നമുക്ക് സാത്താന്‍റെ ആക്രമണങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കും.
__________________
സ്നേഹനിധിയും, ദീര്‍ഘക്ഷമയുള്ളവനുമായ ഞങ്ങളുടെ ദൈവമെ, അങ്ങേയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളില്‍ എന്‍റെ ചിന്ത കേന്ദ്രീകരിച്ചതില്‍ എന്നോട് ക്ഷമിക്കേണമെ. വിശുദ്ധവും, നിര്‍മ്മലവുമായ ചിന്തകള്‍ കൊണ്ട് എന്‍റെ മനസ്സിനെ നിറയ്ക്കുവാന്‍ എന്നെ സഹായിക്കേണമെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
വ്യാജത്തിലൂടെ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ശത്രുവിന്റെ തന്ത്രങ്ങൾ നിങ്ങൾക്കു വെളിപ്പെടുത്തുന്നതാണ് ഈ ധ്യാനം. നശിപ്പിക്കുന്ന ചിന്തകളെ ചെറുക്കുന്നതിനും, ചിന്താഗതികൾക്കു മാറ്റം വരുത്തി അതിൽ വിജയിക്കുന്നതിനും കരുത്തും ഉത്തേജനവും പ്രാപിക്കുന്നതിനും ഇതു നിങ്ങളെ സഹായിക്കുന്നു. പരമപ്രധാനമായി, മാനസികമായ ഓരോ പോരാട്ടത്തിന്മേലും വിജയം വരിക്കുന്നതിനും ഇതു സഹായകമാണ്. തിരിച്ചടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ട്. ദിവസം ഒരു പ്രാവശ്യമെങ്കിലും നിങ്ങളതു ചെയ്യേണ്ടത് അനിവാര്യമാണ്!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://tv.joycemeyer.org/Malayalam