ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)ഉദാഹരണം

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

7 ദിവസത്തിൽ 3 ദിവസം

കെട്ടിക്കിടക്കുന്ന  ജലവും  ഒഴുകുന്ന നദിയും: 'ഐസൊലേഷൻ' കാലവും ആത്മപരിശോധനയും

ആത്മീക (ക്രിസ്‌തീയ) ജീവിതത്തിന്റെ അപചയത്തെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്ന രൂപകങ്ങളാണ്  'കെട്ടിക്കിടക്കുന്ന  ജലവും' (stagnant water), 'ഒഴുകുന്ന നദിയും' (running water).

കെട്ടിക്കിടക്കുന്ന  ജലം കൃമികീടങ്ങളെയും സാമൂഹ്യ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന രോഗാണുക്കളെയും സൃഷ്ടിക്കുന്നു. എന്നാൽ ഒഴുകുന്ന നദി ജീവന്റെ തുടിപ്പുകൾ നില നിർത്താൻ കാരണമാകുന്നു. ഇവിടെയാണ് യോഹന്നാൻ 7:37-39 വരെയുള്ള വാക്യങ്ങളിൽ യേശു നൽകുന്ന ആഹ്വാനത്തിന്റെയും (invitation)  വാഗ്‌ദത്തത്തിന്റെയും (promise) പ്രസക്തി. കേവലം ചടങ്ങുകളിൽ സ്വയ-സംതൃപ്തിയടയുന്ന ആത്മികതയേക്കാൾ ഉപരിയായി, ഹൃദയപൂർവ്വം ദൈവത്തിങ്കലേക്ക് മടങ്ങിവരികയും, ദൈവത്തിന്റെ ശ്രേഷ്ഠ ദാനങ്ങളിലൊന്നായ ആത്മാവിനെ പാനം ചെയ്തതിനു ശേഷം  മറ്റുള്ളവരിലേക്ക് ഒഴുകുന്ന ജീവജലനദികളാവുകയാണ്  ഈ കാലഘട്ടത്തിന്റെ ആവശ്യകത. ജീവൻ നിലനിർത്താൻ സാമൂഹിക അകലം ആവശ്യമായ സന്ദർഭത്തിൽ, അതനുസരിക്കുന്നതാണ് ഒഴുകുന്ന നദിയുടെ അനുഭവം. 

ഈ ഐസൊലേഷൻ കാലയളവിൽ സ്വയത്തിലും, സ്വന്ത താല്പര്യങ്ങളിലും, സ്വാതന്ത്ര്യങ്ങളിലും മാത്രം ശ്രദ്ധയൂന്നുന്ന, കെട്ടികിടക്കുന്ന ജലമാകാതെ മറ്റുള്ളവരിൽ ജീവന്റെ തുടിപ്പുകൾ ഉളവാകത്തക്ക നിലയിൽ സ്നേഹവും, പ്രത്യാശയും, സഹായത്തിന്റെ കരങ്ങളുമായി ഒഴുകുന്ന ജീവജലനദികളായി നമുക്ക് മാറാം. മരണത്തിന്റെ താഴ്വരയിലൂടെ നടന്നു പോകുന്ന ലോകത്തെ, ജീവന്റെ തുടിപ്പുകളിലേക്കു നയിക്കുന്ന ശുദ്ധ-ജീവജല നദിയായി മാറുന്നുണ്ടോ  എന്ന് ആത്മ പരിശോധന നടത്തേണ്ടതാണ്. 

സഭാശുശ്രൂഷകന്മാരും, 'ആത്മീക' സംഘടനകളും ശ്രദ്ധാലുക്കളാകേണ്ടത്  ഈ അവസരത്തിലാണ്. ചടങ്ങുകൾ എല്ലാം തെറ്റാതെ നടത്തണം  എന്ന സമ്മർദ്ദത്തിനു അടിമപ്പെടേണ്ട ആവശ്യമില്ല. സഭയുടെ കൂദാശകൾ നടത്തിയില്ലെങ്കിലും, രോഗം പരത്താൻ കാരണമാകാതിരിക്കുക. രോഗം പരത്തി, മരണത്തിലേക്ക് ആളുകളെ തള്ളിവിടാതെ നിയമങ്ങൾക്കും സാമൂഹിക നന്മക്കും വേണ്ടി ഐസൊലേഷൻ പാലിക്കാം... ജീവന്റെ തുടിപ്പുകൾക്കു നിദാനമാകാം. ഇവിടെയാണ് ആത്മപരിശോധനയുടെ ആവശ്യം. നാം രോഗം പരത്തുന്നവരോ (കെട്ടികിടക്കുന്ന ജലമോ), ജീവൻ  നിലനിർത്തുന്നവരോ (ഒഴുകുന്ന നദിയോ)?.

തിരുവെഴുത്ത്

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

ഐസൊലേഷൻ ചിന്തകൾ (ഡോ. ബിജു ചാക്കോ)

ഈ ലോക് ഡൗൺ സമയത്ത്‌ വേദാധ്യാപകനും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. ബിജു ചാക്കോ (ഡെറാഡൂൺ) ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൽ എഴുതിയ തിരഞ്ഞെടുത്ത ഏഴ് പ്രതിദിന ചിന്തകൾ... ഈ ചിന്തകൾ അനേകർക്ക്‌ ആശ്വാസവും അനുഗ്രഹവുമായിരുന്നു.

More

 ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ എഴുത്തുപുരയ്‌ക്ക്‌ നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : https://www.kraisthavaezhuthupura.com/​​​​​​​