സെഫന്യാവ് 3:14-20
സെഫന്യാവ് 3:14-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേംപുത്രിയേ, പൂർണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മധ്യേ ഇരിക്കുന്നു; ഇനി നീ അനർഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോട്: ഭയപ്പെടരുതെന്നും സീയോനോട്: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും. നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്ത് ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകല ജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
സെഫന്യാവ് 3:14-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സീയോൻനിവാസികളേ, ഉറക്കെ പാടുവിൻ; ഇസ്രായേല്യരേ, ആർപ്പുവിളിക്കുവിൻ. യെരൂശലേംനിവാസികളേ, പൂർണഹൃദയത്തോടെ ആനന്ദിച്ചുല്ലസിക്കുക. സർവേശ്വരൻ നിങ്ങൾക്കെതിരെയുള്ള വിധി മാറ്റി നിങ്ങളുടെ ശത്രുക്കളെ നീക്കിക്കളഞ്ഞു. ഇസ്രായേലിന്റെ രാജാവായ സർവേശ്വരൻ നിങ്ങളുടെ മധ്യത്തിലുണ്ട്. നിങ്ങൾ ഇനിമേൽ ഒരനർഥവും ഭയപ്പെടേണ്ടതില്ല. അന്ന് യെരൂശലേമിനോടു ഭയപ്പെടരുതെന്നും സീയോനോടു നിന്റെ കൈകൾ തളർന്നു പോകരുതെന്നും പറയും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ ജയം നല്‌കുന്ന യോദ്ധാവായി നിങ്ങളുടെ മധ്യത്തിലുണ്ട്; അവിടുന്നു സന്തോഷാധിക്യത്താൽ നിങ്ങളെക്കുറിച്ച് ആനന്ദിക്കും; അവിടുന്ന് സ്നേഹത്താൽ നിങ്ങളെ നവീകരിക്കും. ഉത്സവദിവസത്തിലെന്നപോലെ അവിടുന്നു നിങ്ങളെപ്രതി ആനന്ദഗീതം ഉയർത്തും. നിങ്ങളിൽനിന്ന് അനർഥം ഞാൻ നീക്കും; അങ്ങനെ അതുമൂലമുള്ള അപമാനം നിങ്ങൾ നേരിടുകയില്ല; കണ്ടുകൊൾക, അന്നാളിൽ നിങ്ങളുടെ മർദകരെ ഞാൻ നേരിടും. ഞാൻ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവൻ വ്യാപിക്കുന്ന സ്തുതിയും കീർത്തിയുമായി മാറ്റും. അന്നു ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും; അന്നു ഞാൻ നിങ്ങളെ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുവരും. നിങ്ങൾ കാൺകെ നിങ്ങളുടെ സുസ്ഥിതി പുനഃസ്ഥാപിക്കുമ്പോൾ ഭൂമിയിലെ എല്ലാ ജനതകൾക്കും ഇടയിൽ നിങ്ങളെ ഞാൻ പേരും പെരുമയും ഉള്ളവരാക്കും.” ഇതു സർവേശ്വരന്റെ വചനം.
സെഫന്യാവ് 3:14-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സീയോൻപുത്രിയേ, ഘോഷിച്ചാനന്ദിക്കുക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്‍റെ മദ്ധ്യത്തിൽ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്ന് അവർ യെരൂശലേമിനോട്: “ഭയപ്പെടരുത്” എന്നും സീയോനോട്: “അധൈര്യപ്പെടരുത്” എന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്താൽ അവൻ പുതുതാക്കുന്നു; ഉത്സവദിനത്തിലെപ്പോലെ അവൻ നിന്നിൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും. നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും. ആ കാലത്ത് ഞാൻ നിങ്ങളെ വരുത്തുകയും, ഞാൻ നിങ്ങളെ ശേഖരിക്കുകയും ചെയ്യും; നിങ്ങളുടെ കൺമുൻപിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജനതകളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു.
സെഫന്യാവ് 3:14-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക. യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനർത്ഥം കാണുകയില്ല. അന്നാളിൽ അവർ യെരൂശലേമിനോടു: ഭയപ്പെടരുതെന്നും സീയോനോടു: അധൈര്യപ്പെടരുതെന്നും പറയും. നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവൻ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തിൽ അവൻ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവൻ നിങ്കൽ ആനന്ദിക്കും. ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാൻ ചേർത്തുകൊള്ളും. നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും. ആ കാലത്തു ഞാൻ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാൻ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങൾ കാൺകെ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ ഞാൻ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയിൽ കീർത്തിയും പ്രശംസയും ആക്കിത്തീർക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
സെഫന്യാവ് 3:14-20 സമകാലിക മലയാളവിവർത്തനം (MCV)
സീയോൻപുത്രീ, പാടുക, ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക! ജെറുശലേംപുത്രീ, പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക! യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു, അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്; നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല. ആ ദിവസത്തിൽ അവർ ജെറുശലേമിനോടു പറയും: “സീയോനേ, ഭയപ്പെടേണ്ട, നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല. നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്, അവിടന്ന് രക്ഷിക്കാൻ ശക്തൻ. അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും; യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല, എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.” “നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത് നിങ്ങൾക്കൊരു ഭാരവും ലജ്ജയും ആണല്ലോ അതേക്കുറിച്ച് വിലപിക്കുന്നവർ ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല. നിന്നെ പീഡിപ്പിച്ച സകലരോടും ആ കാലത്ത് ഞാൻ ഇടപെടും. ഞാൻ മുടന്തനെ വിടുവിക്കും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും. അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും. ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും; ആ കാലത്ത് ഞാൻ നിങ്ങളെ ഭവനങ്ങളിൽ കൂട്ടിച്ചേർക്കും. നിങ്ങളുടെ സ്വന്തം ദൃഷ്ടികൾക്കുമുമ്പിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ, ഭൂമിയിലെ സകലജനങ്ങളുടെയും മധ്യത്തിൽ ഞാൻ നിങ്ങൾക്കു മഹത്ത്വവും പുകഴ്ചയും നൽകും,” ഇത് യഹോവയുടെ അരുളപ്പാട്.