സെഖര്യാവ് 7:4-10
സെഖര്യാവ് 7:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ: നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനംചെയ്യുമ്പോഴും നിങ്ങൾ തന്നെയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നത്? യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ? യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്വിൻ. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുത്.
സെഖര്യാവ് 7:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾ സർവശക്തനായ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “നീ ദേശത്തെ സർവജനത്തോടും പുരോഹിതന്മാരോടും പ്രസ്താവിക്കുക: ഈ എഴുപതു വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും നിങ്ങൾ ഉപവാസവും വിലാപവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ? നിങ്ങൾ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നത് എനിക്കുവേണ്ടിയാണോ? യെരൂശലേമിലും അതിന്റെ ചുറ്റുമുള്ള നഗരങ്ങളിലും കുടിപ്പാർപ്പും ഐശ്വര്യസമൃദ്ധിയും ഉണ്ടായിരുന്നപ്പോഴും നെഗബുദേശവും താഴ്‌വരപ്രദേശവും ജനനിബിഡം ആയിരുന്നപ്പോഴും ഈ വചനങ്ങൾ തന്നെയല്ലേ പണ്ടത്തെ പ്രവാചകന്മാരിലൂടെ സർവേശ്വരൻ അരുളിച്ചെയ്തത്?” സർവേശ്വരൻ സെഖര്യാപ്രവാചകനോട് അരുളിച്ചെയ്തു: “സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: സത്യസന്ധമായി വിധിക്കുക. എല്ലാവരും തങ്ങളുടെ സഹോദരരോടു സ്നേഹവും ദയയും കാട്ടുക. അനാഥനെയും വിധവയെയും ദരിദ്രനെയും പരദേശിയെയും പീഡിപ്പിക്കരുത്. നിങ്ങളിൽ ആരും തന്നെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്.”
സെഖര്യാവ് 7:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ: “നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: ‘നിങ്ങൾ ഈ എഴുപത് വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കുകയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്? യെരൂശലേമിനും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?” യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്‍റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’
സെഖര്യാവ് 7:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ: നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു? നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു? യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്‌വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ? യഹോവയുടെ അരുളപ്പാടു സെഖര്യാവിന്നുണ്ടായതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്വിൻ. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
സെഖര്യാവ് 7:4-10 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്? നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്? ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ” യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക. വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’