സെഖ. 7

7
ഉപവാസത്തെക്കാൾ നല്ലത് നീതിയും കരുണയും
1ദാര്യാവേശ്‌രാജാവിന്‍റെ നാലാം വർഷത്തിൽ, കിസ്ലേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി. 2ബേഥേലുകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന് സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു, 3സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “ഞങ്ങൾ ഇത്ര വർഷമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കണമോ?” എന്നു ചോദിപ്പിച്ചു.
4അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ: 5“നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: ‘നിങ്ങൾ ഈ എഴുപത് വർഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കുകയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? 6നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടി തന്നെയല്ലയോ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്? 7യെരൂശലേമിനും അതിന്‍റെ ചുറ്റും അതിന്‍റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും#7:7 തെക്കേ ദേശത്തിനും വടക്കേ ദേശത്തുള്ള പട്ടണങ്ങള്‍ക്കും താഴ്വീതിക്കും#7:7 താഴ്വീതിക്കും വടക്കേ പട്ടണത്തിന്‍റെ താഴ്വരക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?”
8യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ: 9“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായം പാലിക്കുകയും ഓരോരുത്തൻ അവനവന്‍റെ സഹോദരനോട് ദയയും കരുണയും കാണിക്കുകയും ചെയ്യുവിൻ. 10വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്‍റെ സഹോദരന്‍റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കുകയും അരുത്.’ 11എന്നാൽ ചെവികൊടുക്കുവാൻ അവർക്ക് മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കുകയും കേൾക്കാത്തവിധം ചെവി പൊത്തിക്കളയുകയും ചെയ്തു. 12അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാത്തവിധം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
13“ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നെ അവർ നിലവിളിക്കും; ഞാൻ കേൾക്കുകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 14ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവർ അറിയാത്ത സകലജനതകളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശം ആൾ സഞ്ചാരമില്ലാത്തവിധം അവരുടെ പിമ്പിൽ ശൂന്യമായിത്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.”

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സെഖ. 7: IRVMAL

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക