സെഖര്യാവ് 4:6-10

സെഖര്യാവ് 4:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവതമേ, നീ ആർ? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നെ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്റെ കൈയിലുള്ള തൂക്കുകട്ട കണ്ടു സന്തോഷിക്കുന്നു.

സെഖര്യാവ് 4:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൂതൻ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്റെ ആത്മാവിനാലാണു വിജയം” എന്നു സർവശക്തനായ സർവേശ്വരൻ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു. മഹാപർവതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പിൽ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആർപ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്‍ക്കും. സർവേശ്വരൻ വീണ്ടും എന്നോട് അരുളിച്ചെയ്തു: “സെരുബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു. അവൻ അതു പൂർത്തിയാക്കുകയും ചെയ്യും. സർവശക്തനായ സർവേശ്വരനാണ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നത് എന്ന് അപ്പോൾ നീ അറിയും.” ദേവാലയനിർമിതിയിൽ കാര്യമായ പുരോഗതികാണാതെ നിരാശരായി കഴിയുന്നവർ സെരുബ്ബാബേലിന്റെ നേതൃത്വത്തിലുള്ള നിർമാണം കണ്ട് സന്തോഷിക്കും. ഈ ഏഴെണ്ണം സർവേശ്വരന്റെ കണ്ണുകളാണ്. ഭൂമി മുഴുവൻ അവ നിരീക്ഷിക്കുന്നു.

സെഖര്യാവ് 4:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അവൻ എന്നോട് ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” “സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന് ‘കൃപ, കൃപ’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും.” യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ: “സെരുബ്ബാബേലിന്‍റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്‍റെ കൈ തന്നെ അത് തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. “അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ നിസ്സാരമാക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.”

സെഖര്യാവ് 4:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീർക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും. അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു? സർവ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.

സെഖര്യാവ് 4:6-10 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.” അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “സെരൂബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു. അവന്റെ കരങ്ങൾത്തന്നെ അതു പൂർത്തിയാക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. “ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല് സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.”