സെഖര്യാവ് 4:1-7
സെഖര്യാവ് 4:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽ നിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി. നീ എന്തു കാണുന്നു എന്ന് എന്നോടു ചോദിച്ചതിനു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും അതിനരികെ കുടത്തിന്റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇത് എന്താകുന്നു എന്നു ചോദിച്ചു. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോട്: ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. അവൻ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവതമേ, നീ ആർ? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
സെഖര്യാവ് 4:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നോടു സംസാരിച്ച ദൈവദൂതൻ ഉറക്കത്തിൽനിന്ന് ഒരുവനെ വിളിച്ചുണർത്തുന്നതുപോലെ എന്നെ ഉണർത്തി, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അതാ, ഒരു സ്വർണ വിളക്കുതണ്ട്; ആ തണ്ടിന്റെ മുകളിൽ ഒരു പാത്രം; അതിന്മേൽ ഏഴു വിളക്ക്; ഓരോ വിളക്കിന്റെയും മുകളിൽ ഓരോ ദളം. വിളക്കുതണ്ടിന്റെ വലത്തും ഇടത്തും ഓരോ ഒലിവു മരം.” എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു: “പ്രഭോ, ഇവയെല്ലാം എന്താണ്?” അതിനു ദൂതൻ പറഞ്ഞു: “ഇവ എന്തെന്ന് അറിഞ്ഞുകൂടേ?” “ഇല്ല പ്രഭോ” ഞാൻ പറഞ്ഞു. ദൂതൻ എന്നോടു പറഞ്ഞു: “സൈന്യബലത്താലോ കരബലത്താലോ അല്ല, എന്റെ ആത്മാവിനാലാണു വിജയം” എന്നു സർവശക്തനായ സർവേശ്വരൻ സെരുബ്ബാബേലിനോട് അരുളിച്ചെയ്യുന്നു. മഹാപർവതമേ, നീ ആര്? സെരുബ്ബാബേലിന്റെ മുമ്പിൽ നീ സമതലമായിത്തീരും. കൃപ, ദൈവകൃപ എന്ന ആർപ്പുവിളിയോടുകൂടി അവിടെ നീ ദേവാലയത്തിന്റെ അവസാനത്തെ കല്ലുവയ്‍ക്കും.
സെഖര്യാവ് 4:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്നോട് സംസാരിക്കുന്ന ദൂതൻ പിന്നെയും വന്ന്, ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി: “നീ എന്ത് കാണുന്നു?” എന്ന് എന്നോട് ചോദിച്ചതിന് ഞാൻ: “മുഴുവനും പൊന്നുകൊണ്ടുള്ള ഒരു വിളക്കുതണ്ടും അതിന്റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലയ്ക്കലുള്ള ഏഴു വിളക്കിന് ഏഴു കുഴലും അതിനരികിൽ കുടത്തിന്‍റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു” എന്നു പറഞ്ഞു. എന്നോട് സംസാരിക്കുന്ന ദൂതനോട് ഞാൻ: “യജമാനനേ, ഇത് എന്താകുന്നു?” എന്നു ചോദിച്ചു. എന്നോട് സംസാരിക്കുന്ന ദൂതൻ എന്നോട്: “ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ?” എന്നു ചോദിച്ചതിന്: “ഇല്ല, യജമാനനേ,” എന്നു ഞാൻ പറഞ്ഞു. അവൻ എന്നോട് ഉത്തരം പറഞ്ഞത് എന്തെന്നാൽ: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാട് ഇതാകുന്നു: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” “സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന് ‘കൃപ, കൃപ’ എന്ന ആർപ്പോടുകൂടി അവൻ ആണിക്കല്ലു കയറ്റും.”
സെഖര്യാവ് 4:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നോടു സംസാരിക്കുന്ന ദൂതൻ പിന്നെയും വന്നു, ഉറക്കത്തിൽനിന്നു ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി: നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാൻ: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്റെ തലെക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാൻ കാണുന്നു എന്നു പറഞ്ഞു. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ: യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു. എന്നോടു സംസാരിക്കുന്ന ദൂതൻ എന്നോടു: ഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു: ഇല്ല, യജമാനനേ, എന്നു ഞാൻ പറഞ്ഞു. അവൻ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതു: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപർവ്വതമേ, നീ ആർ? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആർപ്പോടുകൂടെ അവൻ ആണിക്കല്ലു കയറ്റും.
സെഖര്യാവ് 4:1-7 സമകാലിക മലയാളവിവർത്തനം (MCV)
എന്നോടു സംസാരിച്ച ദൂതൻ മടങ്ങിവന്നു, ഒരു മനുഷ്യനെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി. “നീ എന്തു കാണുന്നു?” അദ്ദേഹം എന്നോടു ചോദിച്ചു. അതിനു ഞാൻ, “മുഴുവനും തങ്കനിർമിതമായ ഒരു വിളക്കുതണ്ടും അതിനു മുകളിൽ ഒരു ചെറിയ കുടവും അതിൽ ഏഴുവിളക്കുകളും അവയ്ക്കു വിളക്കു തെളിയിക്കുന്നതിനുള്ള ഏഴു കുഴലുകളും കാണുന്നു. കൂടാതെ, കുടത്തിന്റെ വലത്തുവശത്ത് ഒന്നും, ഇടത്തുവശത്തു മറ്റൊന്നുമായി രണ്ട് ഒലിവുവൃക്ഷങ്ങളും കാണുന്നു” എന്നു പറഞ്ഞു. എന്നോടു സംസാരിച്ച ദൂതനോട്, “എന്റെ യജമാനനേ, ഇവ എന്താണ്?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോട്: “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” എന്നു ചോദിച്ചു. “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.”