രൂത്ത് 3:7-11

രൂത്ത് 3:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ബോവസ് തിന്നു കുടിച്ച് ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു. അർധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്ന് അവൻ ചോദിച്ചു. ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പ് അടിയന്റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവൾ പറഞ്ഞു. അതിന് അവൻ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമസ്ത്രീ എന്ന് എന്റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.

പങ്ക് വെക്കു
രൂത്ത് 3 വായിക്കുക

രൂത്ത് 3:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവൾ മെല്ലെ അടുത്തുചെന്നു കാലിൽനിന്നു പുതപ്പു മാറ്റി അവിടെ കിടന്നു. അർധരാത്രിയിൽ ബോവസ് ഞെട്ടി ഉണർന്നു തിരിഞ്ഞുനോക്കിയപ്പോൾ ഒരു സ്‍ത്രീ തന്റെ കാൽക്കൽ കിടക്കുന്നതു കണ്ടു. “നീ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസിയായ രൂത്ത് ആണ് ഞാൻ. അങ്ങ് എന്നെ വീണ്ടെടുക്കാൻ കടപ്പെട്ടവനാണല്ലോ. അതുകൊണ്ട് അങ്ങയുടെ പുതപ്പ് എന്റെമേൽ ഇടണമേ” എന്നു രൂത്ത് പറഞ്ഞു. അതിനു മറുപടിയായി ബോവസ് പറഞ്ഞു: “സർവേശ്വരൻ നിന്നെ അനുഗ്രഹിക്കട്ടെ. ഇപ്പോൾ നീ കാണിച്ചിരിക്കുന്ന സ്നേഹം ആദ്യത്തേതിലും മികച്ചതാണ്; ധനികനോ ദരിദ്രനോ ആയ ഒരു യുവാവിനു പിന്നാലെ പോകാതെ നീ എന്റെ അടുക്കൽ വന്നതു നന്നായി. മകളേ, ഭയപ്പെടേണ്ടാ; നിനക്കു വേണ്ടതെല്ലാം ഞാൻ ചെയ്തുതരും; നീ നല്ലവളാണെന്ന് ഈ പട്ടണത്തിലുള്ള എന്റെ ആളുകൾക്കെല്ലാം അറിയാം.

പങ്ക് വെക്കു
രൂത്ത് 3 വായിക്കുക

രൂത്ത് 3:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ബോവസ് തിന്ന് കുടിച്ച് സന്തോഷഭരിതനായി, യവക്കൂമ്പാരത്തിന്‍റെ ഒരു വശത്ത് ചെന്നു കിടന്നു. അവളും സാവധാനം ചെന്നു അവന്‍റെ കാലിന്മേലുള്ള പുതപ്പ് മാറ്റി അവിടെ കിടന്നു. അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാല്‍ക്കൽ ഒരു സ്ത്രീ കിടക്കുന്നത് കണ്ടു. “നീ ആരാകുന്നു?” എന്നു അവൻ ചോദിച്ചു. “ഞാൻ നിന്‍റെ ദാസിയായ രൂത്ത്, നിന്‍റെ പുതപ്പിന്‍റെ അറ്റം എന്‍റെ മേൽ ഇടേണമേ, നീ അടുത്ത വീണ്ടെടുപ്പുകാരനാണല്ലോ” എന്ന് അവൾ പറഞ്ഞു. അതിന് അവൻ പറഞ്ഞത്: “മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ. ദരിദ്രന്മാരോ ധനവാന്മാരോ ആയ യൗവനക്കാരെ നീ പിന്തുടരാതിരിക്കുകയാൽ തുടക്കത്തേക്കാളും അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം. നീ സ്വഭാവഗുണമുള്ള സ്ത്രീ എന്നു എന്‍റെ ജനമായ പട്ടണക്കാർക്ക് എല്ലാവർക്കും അറിയാം.

പങ്ക് വെക്കു
രൂത്ത് 3 വായിക്കുക

രൂത്ത് 3:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ബോവസ് തിന്നു കുടിച്ചു ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്നു അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു. അർദ്ധരാത്രിയിൽ അവൻ ഞെട്ടിത്തിരിഞ്ഞു, തന്റെ കാല്ക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആർ എന്നു അവൻ ചോദിച്ചു. ഞാൻ നിന്റെ ദാസിയായ രൂത്ത്; നിന്റെ പുതപ്പു അടിയന്റെ മേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്നു അവൾ പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൾ; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു. ആകയാൽ മകളേ ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരാം; നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം.

പങ്ക് വെക്കു
രൂത്ത് 3 വായിക്കുക

രൂത്ത് 3:7-11 സമകാലിക മലയാളവിവർത്തനം (MCV)

ബോവസ് ഭക്ഷിച്ചുപാനംചെയ്തു സന്തുഷ്ടനായശേഷം ധാന്യകൂമ്പാരത്തിൽനിന്നു ദൂരെമാറി ഒരു കോണിൽ കിടക്കാൻ പോയി. രൂത്ത് നിശ്ശബ്ദയായി വന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടന്നു. അർധരാത്രിയിൽ ഞെട്ടിയുണർന്ന അദ്ദേഹം, ചുറ്റും നോക്കി—തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു! “ആരാണു നീ?” അദ്ദേഹം ചോദിച്ചു. “ഞാൻ അങ്ങയുടെ ദാസിയായ രൂത്താണ്,” അവൾ അപേക്ഷിച്ചു: “അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരനായതുകൊണ്ട് അങ്ങയുടെ പുതപ്പിന്റെ അഗ്രം എന്റെമേൽ ഇടണമേ!” അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ. അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം.

പങ്ക് വെക്കു
രൂത്ത് 3 വായിക്കുക