റോമർ 7:15-24

റോമർ 7:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‍വാനുള്ള താൽപര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‍വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്താണു ഞാൻ ചെയ്യുന്നതെന്ന് വാസ്തവത്തിൽ ഞാൻ അറിയുന്നില്ല; ചെയ്യണമെന്നു ഞാൻ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാൻ ചെയ്തുപോകുന്നത്. ഞാൻ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോൾ, ധർമശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്. എന്റെ ഇച്ഛയ്‍ക്കു വിപരീതമായി പ്രവർത്തിക്കുമ്പോൾ അതു ചെയ്യുന്നത് ഞാനല്ല എന്നിൽ കുടികൊള്ളുന്ന പാപമത്രേ. എന്നിൽ, അതായത് എന്റെ മാനുഷിക സ്വഭാവത്തിൽ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല. ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാൻ ചെയ്യുന്നത്. ഞാൻ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കിൽ അതു പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ. അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്നത്. ദൈവത്തിന്റെ ധാർമികനിയമത്തിൽ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു. എന്നാൽ എന്റെ അവയവങ്ങളിൽ ഒരു വ്യത്യസ്ത പ്രമാണം പ്രവർത്തിക്കുന്നതായി ഞാൻ കാണുന്നു. എന്റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിർക്കുന്നു. എന്റെ അവയവങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു. ഹാ! എന്റെ സ്ഥിതി എത്ര ദയനീയം! ഈ മർത്യശരീരത്തിൽനിന്ന് എന്നെ ആർ മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്റെ പ്രമാണത്തെയും ഞാൻ സേവിക്കുന്നു.

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ പ്രവർത്തിക്കുന്നതെന്തെന്ന് യഥാർത്ഥമായി എനിക്ക് മനസ്സിലാകുന്നില്ല; കാരണം ഞാൻ ഇച്ഛിക്കുന്നതിനെ അല്ല, വെറുക്കുന്നതിനെ അത്രേ ചെയ്യുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവച്ചാൽ എന്‍റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ട്; എന്നാൽ അത് പ്രവർത്തിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്യുവാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ല; ഇച്ഛിക്കാത്ത തിന്മയത്രെ പ്രവർത്തിക്കുന്നത്. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്യുവാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്‍റെ പക്കൽ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ട് ഞാൻ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു. എങ്കിലും എന്‍റെ മനസ്സിന്‍റെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്‍റെ അവയവങ്ങളിൽ കാണുന്നു; അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന് അധീനമായ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ പ്രവർത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു. ആകയാൽ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ. അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?

പങ്ക് വെക്കു
റോമർ 7 വായിക്കുക

റോമർ 7:15-24 സമകാലിക മലയാളവിവർത്തനം (MCV)

എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്. ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്. എന്നാൽ, അതു ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്. എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്. അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അതു പ്രവർത്തിക്കുന്നത്. അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു; എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു. അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും?

പങ്ക് വെക്കു
റോമർ 7 വായിക്കുക