ROM 7

7
വിവാഹം: ഒരുദാഹരണം
1സഹോദരരേ, നിങ്ങൾ നിയമത്തെക്കുറിച്ച് അറിവുള്ളവരാണല്ലോ. അതുകൊണ്ടു ഞാൻ പറയുന്നത് നിങ്ങൾക്കു നിശ്ചയമായും മനസ്സിലാകും. നിയമത്തിന്റെ ആധിപത്യം ഒരുവന്റെമേലുള്ളത് അവൻ ജീവിച്ചിരിക്കുമ്പോൾ മാത്രമാണ്. 2ഉദാഹരണമായി വിവാഹിതയായ ഒരു സ്‍ത്രീ ഭർത്താവു ജീവിച്ചിരിക്കുന്നിടത്തോളം, അയാളോടു നിയമപരമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചു കഴിഞ്ഞാൽ അയാളോടു അവൾക്കുള്ള നിയമപരമായ ബന്ധം അവസാനിക്കുന്നു. 3ഭർത്താവു ജീവിച്ചിരിക്കുമ്പോൾ അന്യപുരുഷനോട് ബന്ധം പുലർത്തിയാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. ഭർത്താവു മരിച്ചശേഷം അവൾ മറ്റൊരുവനെ വിവാഹം ചെയ്താൽ വ്യഭിചാരിണിയാകുന്നില്ല. എന്തെന്നാൽ ആദ്യത്തെ ഭർത്താവിനോട് തന്നെ ബന്ധിപ്പിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയാണല്ലോ. 4സഹോദരന്മാരേ, നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ക്രിസ്തുവിന്റെ ശരീരത്തോടു നിങ്ങൾ ഏകീഭവിച്ചിരിക്കുന്നതിനാൽ നിയമത്തിന്റെ മുമ്പിൽ നിങ്ങളും മരിച്ചിരിക്കുന്നു. അത് മൃതരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനോടു നിങ്ങൾ ഐക്യപ്പെടുവാനും ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കാനുമാണ്. 5നമ്മുടെ പാപപ്രകൃതിയനുസരിച്ച് നാം ജീവിച്ചിരുന്നപ്പോൾ നിയമം ഉണർത്തിയ പാപാസക്തികൾ നമ്മുടെ അവയവങ്ങളിൽ മരണത്തിന്റെ ഫലങ്ങൾ ഉളവാക്കിക്കൊണ്ട് പ്രവർത്തിച്ചിരുന്നു. 6ഒരിക്കൽ നമ്മെ ബന്ധനസ്ഥരാക്കിയിരുന്ന നിയമത്തെ സംബന്ധിച്ചിടത്തോളം നാം മരിച്ചതുകൊണ്ട് ഇപ്പോൾ അതിൽനിന്നു നാം സ്വതന്ത്രരായിരിക്കുന്നു. അതിനാൽ എഴുതപ്പെട്ട നിയമത്തിന്റെ പഴയ മാർഗത്തിലല്ല ആത്മാവിന്റെ പുതിയ മാർഗത്തിലാണ് നാം ദൈവത്തെ സേവിക്കുന്നത്.
നിയമവും പാപവും
7അപ്പോൾ നാം എന്താണു പറയുക? നിയമസംഹിത പാപകരമാണെന്നോ? ഒരിക്കലുമല്ല! എന്നാൽ പാപം എന്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത് നിയമമാണ്. ‘മോഹിക്കരുത്’ എന്ന് നിയമം അനുശാസിക്കാതിരുന്നെങ്കിൽ മോഹം എന്താണെന്നു ഞാൻ അറിയുമായിരുന്നില്ല. 8ആ കല്പനയാൽ എല്ലാവിധത്തിലുമുള്ള മോഹവും എന്നിൽ ഉണർത്തുന്നതിന് പാപം അവസരം കണ്ടെത്തി. നിയമം ഇല്ലെങ്കിൽ പാപം നിർജീവമാകുന്നു. 9ഒരു കാലത്ത് നിയമം കൂടാതെ ഞാൻ ജീവിച്ചു. എന്നാൽ കല്പന ആവിർഭവിച്ചപ്പോൾ പാപം എന്നിൽ സജീവമായിത്തീരുകയും ഞാൻ മരിക്കുകയും ചെയ്തു. 10എന്നെ ജീവനിലേക്കു നയിക്കുവാൻ ഉദ്ദേശിക്കപ്പെട്ട കല്പന എനിക്കു മരണഹേതുവായിത്തീർന്നു. 11എന്തുകൊണ്ടെന്നാൽ പാപം കല്പനയിൽ കൂടി അവസരം കണ്ടെത്തി എന്നെ വഞ്ചിച്ചു. മാത്രമല്ല, അതിൽ കൂടി എന്നെ കൊലപ്പെടുത്തുകയും ചെയ്തു. 12യഥാർഥത്തിൽ ധർമശാസ്ത്രം വിശുദ്ധമാണ്; കല്പന വിശുദ്ധവും നീതിയുക്തവും ഉൽകൃഷ്ടവുമാകുന്നു. 13അപ്പോൾ ഉൽകൃഷ്ടമായത് എന്റെ മരണത്തിന് ഹേതുകമായിത്തീർന്നുവെന്നോ? ഒരിക്കലുമല്ല! പാപം അതിന്റെ തനിനിറത്തിൽ വെളിപ്പെടുവാൻ ഉൽകൃഷ്ടമായതിലൂടെ അത് എനിക്കു മരണഹേതുവായി പരിണമിച്ചു. അങ്ങനെ കല്പന മുഖാന്തരം പാപത്തിന്റെ പാപാത്മകത എത്ര ഗുരുതരമാണെന്നു വെളിപ്പെടുന്നു.
മനുഷ്യന്റെ ആന്തരിക സംഘർഷം
14ധർമശാസ്ത്രം ആത്മികമാണെന്നു നമുക്കറിയാം. എന്നാൽ ഞാൻ മർത്യശരീരിയും പാപത്തിന് അടിമയായി വില്‌ക്കപ്പെട്ടവനുമാകുന്നു. 15എന്താണു ഞാൻ ചെയ്യുന്നതെന്ന് വാസ്തവത്തിൽ ഞാൻ അറിയുന്നില്ല; ചെയ്യണമെന്നു ഞാൻ ഇച്ഛിക്കുന്ന നന്മയല്ല, പിന്നെയോ വെറുക്കുന്ന തിന്മയാണ് ഞാൻ ചെയ്തുപോകുന്നത്. 16ഞാൻ ചെയ്യുന്നത് ചെയ്യരുതാത്തതാണെന്നു സമ്മതിക്കുമ്പോൾ, ധർമശാസ്ത്രം ശരിയാണെന്നു സമ്മതിക്കുകയാണു ചെയ്യുന്നത്. 17എന്റെ ഇച്ഛയ്‍ക്കു വിപരീതമായി പ്രവർത്തിക്കുമ്പോൾ അതു ചെയ്യുന്നത് ഞാനല്ല എന്നിൽ കുടികൊള്ളുന്ന പാപമത്രേ. 18എന്നിൽ, അതായത് എന്റെ മാനുഷിക സ്വഭാവത്തിൽ നന്മ വസിക്കുന്നില്ലെന്ന് എനിക്കറിയാം. നന്മ ചെയ്യുവാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും എനിക്കു കഴിയുന്നില്ല. 19ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നന്മയല്ല, പ്രത്യുത ആഗ്രഹിക്കാത്ത തിന്മയാണല്ലോ ഞാൻ ചെയ്യുന്നത്. 20ഞാൻ ആഗ്രഹിക്കാത്തതാണു ചെയ്യുന്നതെങ്കിൽ അതു പ്രവർത്തിക്കുന്നതു ഞാനല്ല, എന്നിൽ വസിക്കുന്ന പാപമത്രേ.
21അതുകൊണ്ട് നന്മ ചെയ്യണമെന്ന് ഇച്ഛിക്കുന്ന എനിക്കു തിന്മ തിരഞ്ഞെടുക്കുവാനേ കഴിയൂ എന്ന പ്രമാണമാണ് എന്നെ സംബന്ധിച്ചിടത്തോളം ഞാൻ കാണുന്നത്. 22ദൈവത്തിന്റെ ധാർമികനിയമത്തിൽ എന്റെ അന്തരാത്മാവ് ആനന്ദിക്കുന്നു. 23എന്നാൽ എന്റെ അവയവങ്ങളിൽ ഒരു വ്യത്യസ്ത പ്രമാണം പ്രവർത്തിക്കുന്നതായി ഞാൻ കാണുന്നു. എന്റെ മനസ്സ് അംഗീകരിക്കുന്ന പ്രമാണത്തെ അത് എതിർക്കുന്നു. എന്റെ അവയവങ്ങളിൽ വ്യാപരിച്ചുകൊണ്ടിരിക്കുന്ന പാപത്തിന്റെ പ്രമാണത്തിന് അത് എന്നെ അടിമയാക്കുന്നു. 24ഹാ! എന്റെ സ്ഥിതി എത്ര ദയനീയം! ഈ മർത്യശരീരത്തിൽനിന്ന് എന്നെ ആർ മോചിപ്പിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം. ഇങ്ങനെ മനസ്സുകൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും മാനുഷിക പ്രകൃതികൊണ്ട് പാപത്തിന്റെ പ്രമാണത്തെയും ഞാൻ സേവിക്കുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ROM 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

ROM 7 - നുള്ള വീഡിയോ