റോമർ 4:13-25
റോമർ 4:13-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചത്. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർഥവും വാഗ്ദത്തം ദുർബലവും എന്നു വരും. ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിനുതന്നെ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവച്ചു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. “നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്ന് അവൻ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജീവമായിപ്പോയതും സാറായുടെ ഗർഭപാത്രത്തിന്റെ നിർജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണമായി ഉറച്ചു. അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു. അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽതന്നെ.
റോമർ 4:13-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലോകത്തെ അവകാശമാക്കും എന്ന വാഗ്ദാനം അബ്രഹാമിനും സന്താനപരമ്പരകൾക്കും നല്‌കിയത് ഏതെങ്കിലും നിയമം അനുസരിച്ചതുകൊണ്ടല്ല, പ്രത്യുത, അദ്ദേഹം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്. നിയമം അനുസരിക്കുന്നവർ മാത്രമാണ് ലോകത്തെ അവകാശപ്പെടുത്തുന്നതെങ്കിൽ വിശ്വാസം വ്യർഥമാണ്. ദൈവത്തിന്റെ വാഗ്ദാനത്തിനു വിലയുമില്ല. നിയമലംഘനത്തിനുള്ള ദൈവശിക്ഷ നിയമത്തിൽ അന്തർഭവിച്ചിരിക്കുന്നു. നിയമം ഇല്ലാത്തിടത്ത് അതു ലംഘിക്കുന്ന പ്രശ്നമില്ലല്ലോ. അതുകൊണ്ട് അബ്രഹാമിന്റെ സന്താന പരമ്പരകൾക്ക് എല്ലാവർക്കും ദൈവത്തിന്റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധർമശാസ്ത്രം ഉള്ളവർക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവർക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ. ‘ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് വേദലിഖിതങ്ങളിൽ പറയുന്നുണ്ടല്ലോ. മരിച്ചവർക്കു ജീവൻ നല്‌കുകയും ഇല്ലാത്തതിനെ ഉണ്മയിലേക്കു നയിക്കുകയും ചെയ്യുന്ന ദൈവത്തെ അബ്രഹാം വിശ്വസിച്ചു. ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോൾ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്റെ സന്തതികൾ നക്ഷത്രജാലം കണക്കെ വർധിക്കും’ എന്ന് വേദലിഖിതങ്ങളിൽ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീർന്നു. ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗർഭാശയം നിർജീവമായിത്തീർന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വിശ്വാസം ദുർബലമായിത്തീരുകയോ, ദൈവത്തിന്റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താൽ അദ്ദേഹം പൂർവോപരി ശക്തിപ്രാപിക്കുകയും തന്റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂർണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്തു. അതുകൊണ്ടാണ് അബ്രഹാമിന്റെ വിശ്വാസത്താൽ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്. തന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിർക്കുകയും ചെയ്തു. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും.
റോമർ 4:13-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ലോകത്തിന്‍റെ അവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്‍റെ സന്തതിയ്ക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്‍റെ നീതിയിലൂടെയാണ് ലഭിച്ചത്. എന്നാൽ ന്യായപ്രമാണമുള്ളവരാണ് അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും. ന്യായപ്രമാണമോ കോപത്തിന് ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തിടത്ത് ലംഘനവുമില്ല. അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കുകയും ചെയ്യുന്നവനായി താൻ വിശ്വാസം അർപ്പിച്ച ദൈവത്തിന്‍റെ സന്നിധിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന് തന്നെ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. “നിന്റെ സന്തതി ഇപ്രകാരം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു സാഹചര്യങ്ങൾക്ക് വിരോധമായി അവൻ ഉറപ്പോടെ ദൈവത്തിൽ വിശ്വസിച്ചു. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും, സാറായുടെ ഗർഭപാത്രത്തിൻ്റെ നിർജ്ജീവത്വം ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിന്‍റെ വാഗ്ദത്തത്തെ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന് മഹത്വം കൊടുത്തു, ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു അവനു പൂർണ്ണമായി ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു. അവനു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നെ.
റോമർ 4:13-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു. എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യർത്ഥവും വാഗ്ദത്തം ദുർബ്ബലവും എന്നു വരും. ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. “നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല. ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു. അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു. അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയർപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
റോമർ 4:13-25 സമകാലിക മലയാളവിവർത്തനം (MCV)
ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ. ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു. ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ. അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം. “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്. “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു. ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല. ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു. ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു. അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.” “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല; നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്. അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.