ROM 4

4
വിശ്വാസം പഴയനിയമത്തിൽ
1നമ്മുടെ പൂർവപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക? 2തന്റെ കർമാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കിൽ അദ്ദേഹത്തിന് അഭിമാനിക്കുവാൻ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്റെ മുമ്പിൽ അഭിമാനിക്കുവാൻ സാധ്യമല്ല. 3വേദഗ്രന്ഥത്തിൽ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’ 4ഒരു മനുഷ്യൻ വേല ചെയ്താൽ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്. 5എന്നാൽ പ്രവൃത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും. 6പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു:
7അതിക്രമങ്ങൾ ക്ഷമിക്കപ്പെടുകയും
പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ!
8ഏതൊരു മനുഷ്യന്റെ പാപങ്ങൾ
സർവേശ്വരൻ പരിഗണിക്കാതിരിക്കുന്നുവോ
അവൻ അനുഗ്രഹിക്കപ്പെട്ടവൻതന്നെ!
9ദാവീദു വർണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകർമം അനുഷ്ഠിക്കുന്നവർക്കു മാത്രമുള്ളതാണോ? തീർച്ചയായും അല്ല! പരിച്ഛേദനകർമം അനുഷ്ഠിക്കാത്തവർക്കും കൂടിയുള്ളതാണ് അത്. തന്റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു. 10അബ്രഹാമിന് അതു നീതിയായി പരിഗണിക്കപ്പെട്ടത് എപ്പോഴാണ്? പരിച്ഛേദനകർമത്തിനു മുമ്പോ പിമ്പോ? തീർച്ചയായും അതിനു മുമ്പുതന്നെ. 11പരിച്ഛേദനകർമത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കർമം നല്‌കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകർമം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീർന്നു അബ്രഹാം. 12അദ്ദേഹം പരിച്ഛേദനകർമം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവർ പരിച്ഛേദനകർമം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്.
ദൈവത്തിന്റെ വാഗ്ദാനം വിശ്വാസത്തിൽകൂടി
13ലോകത്തെ അവകാശമാക്കും എന്ന വാഗ്ദാനം അബ്രഹാമിനും സന്താനപരമ്പരകൾക്കും നല്‌കിയത് ഏതെങ്കിലും നിയമം അനുസരിച്ചതുകൊണ്ടല്ല, പ്രത്യുത, അദ്ദേഹം വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്. 14നിയമം അനുസരിക്കുന്നവർ മാത്രമാണ് ലോകത്തെ അവകാശപ്പെടുത്തുന്നതെങ്കിൽ വിശ്വാസം വ്യർഥമാണ്. ദൈവത്തിന്റെ വാഗ്ദാനത്തിനു വിലയുമില്ല. 15നിയമലംഘനത്തിനുള്ള ദൈവശിക്ഷ നിയമത്തിൽ അന്തർഭവിച്ചിരിക്കുന്നു. നിയമം ഇല്ലാത്തിടത്ത് അതു ലംഘിക്കുന്ന പ്രശ്നമില്ലല്ലോ.
16അതുകൊണ്ട് അബ്രഹാമിന്റെ സന്താന പരമ്പരകൾക്ക് എല്ലാവർക്കും ദൈവത്തിന്റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധർമശാസ്ത്രം ഉള്ളവർക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവർക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ. 17‘ഞാൻ നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നു’ എന്ന് വേദലിഖിതങ്ങളിൽ പറയുന്നുണ്ടല്ലോ. മരിച്ചവർക്കു ജീവൻ നല്‌കുകയും ഇല്ലാത്തതിനെ ഉണ്മയിലേക്കു നയിക്കുകയും ചെയ്യുന്ന ദൈവത്തെ അബ്രഹാം വിശ്വസിച്ചു. 18ആശിക്കുന്നതിന് ഒരു വഴിയുമില്ലാതിരുന്നപ്പോൾ അബ്രഹാം പ്രത്യാശിക്കുകയും വിശ്വസിക്കുകയും ചെയ്തു. അങ്ങനെ ‘നിന്റെ സന്തതികൾ നക്ഷത്രജാലം കണക്കെ വർധിക്കും’ എന്ന് വേദലിഖിതങ്ങളിൽ പറയുന്നതുപോലെ അബ്രഹാം അനേകം ജനതകളുടെ പിതാവായിത്തീർന്നു. 19-21ഏകദേശം നൂറു വയസ്സായ തനിക്ക് ഒരു പിതാവാകാനുള്ള പ്രായം കഴിഞ്ഞു എന്നും, സാറായുടെ ഗർഭാശയം നിർജീവമായിത്തീർന്നു എന്നും അബ്രഹാമിന് അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ വിശ്വാസം ദുർബലമായിത്തീരുകയോ, ദൈവത്തിന്റെ വാഗ്ദാനത്തെ അദ്ദേഹം സംശയിക്കുകയോ ചെയ്തില്ല. പ്രത്യുത, വിശ്വാസത്താൽ അദ്ദേഹം പൂർവോപരി ശക്തിപ്രാപിക്കുകയും തന്റെ വാഗ്ദാനം നിറവേറ്റുവാനുള്ള കഴിവു ദൈവത്തിനുണ്ടെന്നുള്ള പൂർണബോധ്യത്തോടുകൂടി ദൈവത്തെ പ്രകീർത്തിക്കുകയും ചെയ്തു. 22അതുകൊണ്ടാണ് അബ്രഹാമിന്റെ വിശ്വാസത്താൽ അദ്ദേഹത്തെ നീതിമാനായി ദൈവം അംഗീകരിച്ചത്. 23തന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെട്ടു എന്ന് എഴുതിയിരിക്കുന്നത് അബ്രഹാമിനെ സംബന്ധിച്ചു മാത്രമല്ല, നമ്മെ സംബന്ധിച്ചും കൂടിയാണ്. 24-25ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരണത്തിന് ഏല്പിക്കപ്പെടുകയും, നാം കുറ്റമറ്റവരായി അംഗീകരിക്കപ്പെടുന്നതിനുവേണ്ടി അവിടുന്ന് ഉയിർക്കുകയും ചെയ്തു. നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചവനിൽ വിശ്വസിക്കുന്ന നാമും അങ്ങനെ നീതിമാന്മാരായി പരിഗണിക്കപ്പെടും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ROM 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

ROM 4 - നുള്ള വീഡിയോ