റോമർ 11:11-21

റോമർ 11:11-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളൂ. എന്നാൽ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുത്തുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർധ ജനിപ്പിച്ച്, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവച്ചുതന്നെ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിനു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:11-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ഞാൻ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങൾമൂലം വിജാതീയർക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാർ അസൂയാലുക്കളായിത്തീർന്നിരിക്കുന്നു. ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാർക്കു നഷ്ടമായത് വിജാതീയർക്കു നേട്ടമായിത്തീർന്നു. അപ്പോൾ സർവയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയിൽ ഉൾപ്പെട്ടാൽ ആ അനുഗ്രഹം എത്ര വലുതായിരിക്കും! വിജാതീയരായ നിങ്ങളോടു ഞാൻ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിൽ ഞാൻ അഭിമാനംകൊള്ളുന്നു. എന്റെ സ്വജാതികൾ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കിൽ, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരിൽനിന്നുള്ള ഉയിർത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്? ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അർപ്പിക്കുന്നെങ്കിൽ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കിൽ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും. നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില ശാഖകൾ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോൾ തായ്മരത്തിന്റെ ചൈതന്യത്തിൽ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാൻ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓർക്കുക. എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ?

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:11-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജനതകൾക്ക് രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജനതകൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജനതകളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്‍റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു; അത് ഒരുപക്ഷേ ഞാൻ എന്‍റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ. അവരുടെ തിരസ്കരണം ലോകത്തിന്‍റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്‍റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:11-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ. കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:11-21 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്. എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും! ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു; കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ. അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും? ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ. ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക. “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.

പങ്ക് വെക്കു
റോമർ 11 വായിക്കുക