ROM 11:11-21

ROM 11:11-21 MALCLBSI

അപ്പോൾ ഞാൻ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങൾമൂലം വിജാതീയർക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാർ അസൂയാലുക്കളായിത്തീർന്നിരിക്കുന്നു. ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാർക്കു നഷ്ടമായത് വിജാതീയർക്കു നേട്ടമായിത്തീർന്നു. അപ്പോൾ സർവയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയിൽ ഉൾപ്പെട്ടാൽ ആ അനുഗ്രഹം എത്ര വലുതായിരിക്കും! വിജാതീയരായ നിങ്ങളോടു ഞാൻ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിൽ ഞാൻ അഭിമാനംകൊള്ളുന്നു. എന്റെ സ്വജാതികൾ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കിൽ, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരിൽനിന്നുള്ള ഉയിർത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്? ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അർപ്പിക്കുന്നെങ്കിൽ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കിൽ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും. നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില ശാഖകൾ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോൾ തായ്മരത്തിന്റെ ചൈതന്യത്തിൽ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാൻ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓർക്കുക. എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ?

ROM 11 വായിക്കുക

ROM 11:11-21 - നുള്ള വീഡിയോ