റോമർ 11:1-18

റോമർ 11:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻഗോത്രത്തിൽ ജനിച്ചവൻതന്നെ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ? അവൻ യിസ്രായേലിനു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നുതന്നെ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻപ്രകാരം ഒരു ശേഷിപ്പുണ്ട്. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. ആകയാൽ എന്ത്? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. “അവരുടെ മേശ അവർക്കു കെണിയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ മുതുക് എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളൂ. എന്നാൽ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുത്തുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർധ ജനിപ്പിച്ച്, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവച്ചുതന്നെ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിനു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാൻ തന്നെ ഇസ്രായേല്യനും അബ്രഹാമിന്റെ വംശജനും ബെന്യാമീൻ ഗോത്രക്കാരനുമാകുന്നു. ലോകാരംഭത്തിനു മുമ്പുതന്നെ താൻ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തിൽ പറയുന്നത് എന്താണെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകൻ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സർവേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവർ തകർക്കുകയും ചെയ്തു. പ്രവാചകന്മാരിൽ ഞാൻ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാൻ അവർ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാൽദേവന്റെ മുമ്പിൽ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.” അതുപോലെതന്നെ ഇന്നും, തന്റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കിൽ കൃപ യഥാർഥത്തിൽ കൃപയല്ല. എന്താണ് ഇതിന്റെ അർഥം? ഇസ്രായേൽ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവർ ദൈവത്തിന്റെ വിളി കേൾക്കുവാൻ കഴിയാത്തവരായിത്തീർന്നു. ദൈവം അവർക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു; അത് ഇന്നും ആ നിലയിൽത്തന്നെയാണിരിക്കുന്നത് എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ‘അവരുടെ വിരുന്നുകൾ അവർക്ക് കെണിയും കുരുക്കുമായിത്തീരട്ടെ, അവർ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ; അവർക്കു കാണാൻ കഴിയാതെവണ്ണം അവരുടെ കണ്ണുകൾ അന്ധമായിത്തീരട്ടെ; കഷ്ടപ്പാടുകൾകൊണ്ട് അവരുടെ നട്ടെല്ലുകൾ വളഞ്ഞു പോകട്ടെ’ എന്നു ദാവീദും പറയുന്നു. അപ്പോൾ ഞാൻ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങൾമൂലം വിജാതീയർക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാർ അസൂയാലുക്കളായിത്തീർന്നിരിക്കുന്നു. ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാർക്കു നഷ്ടമായത് വിജാതീയർക്കു നേട്ടമായിത്തീർന്നു. അപ്പോൾ സർവയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയിൽ ഉൾപ്പെട്ടാൽ ആ അനുഗ്രഹം എത്ര വലുതായിരിക്കും! വിജാതീയരായ നിങ്ങളോടു ഞാൻ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിൽ ഞാൻ അഭിമാനംകൊള്ളുന്നു. എന്റെ സ്വജാതികൾ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കിൽ, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരിൽനിന്നുള്ള ഉയിർത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്? ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അർപ്പിക്കുന്നെങ്കിൽ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കിൽ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും. നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില ശാഖകൾ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോൾ തായ്മരത്തിന്റെ ചൈതന്യത്തിൽ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാൻ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓർക്കുക.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ ദൈവം തന്‍റെ ജനത്തെ തള്ളിക്കളഞ്ഞുവോ? എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നെ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ? അവൻ യിസ്രായേലിനു വിരോധമായി: “കർത്താവേ, അവർ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവനു അരുളപ്പാടു ഉണ്ടായത് എന്ത്? “ബാലിന് മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നെ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല. ആകയാൽ എന്ത്? യിസ്രായേൽ അന്വേഷിച്ചത് പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അത് പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്ക് ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. “അവരുടെ മേശ അവർക്ക് കണിയും കുടുക്കും ഇടർച്ചക്കല്ലും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്‌പ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജനതകൾക്ക് രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജനതകൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജനതകളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്‍റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു; അത് ഒരുപക്ഷേ ഞാൻ എന്‍റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ. അവരുടെ തിരസ്കരണം ലോകത്തിന്‍റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ? അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ. “അവരുടെ മേശ അവർക്കു കണിയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ. കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-18 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ. ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ? “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.” എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.” അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു. കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല. അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു. “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ! ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ. കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.” ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്. എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും! ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു; കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ. അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും? ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ. ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.

പങ്ക് വെക്കു
റോമർ 11 വായിക്കുക