ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ. ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ? “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.” എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.” അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു. കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല. അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു. “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ! ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ. കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.” ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്. എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും! ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു; കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ. അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും? ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ. ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.
റോമർ 11 വായിക്കുക
കേൾക്കുക റോമർ 11
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: റോമർ 11:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ