വെളിപ്പാട് 8:6-13

വെളിപ്പാട് 8:6-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏഴു കാഹളമുള്ള ദൂതന്മാർ എഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു. ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കന്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്ന് വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്ന് ചേതം വന്നു. മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്. ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ബാധ തട്ടി; അവയിൽ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറക്കുന്നത് ഞാൻ കാൺകയും കേൾക്കയും ചെയ്തു.

വെളിപ്പാട് 8:6-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കാഹളങ്ങൾ കൈയിലേന്തിയ ഏഴു മാലാഖമാർ അവ മുഴക്കുവാൻ ഒരുങ്ങിനിന്നു. ഒന്നാമൻ കാഹളം ഊതി. അപ്പോൾ രക്തം കലർന്ന കന്മഴയും അഗ്നിയും ഭൂമിയിൽ വർഷിക്കപ്പെട്ടു. ഭൂമിയുടെ മൂന്നിലൊരു ഭാഗം വെന്തു വെണ്ണീറായി. വൃക്ഷങ്ങളിൽ മൂന്നിലൊന്നും വെന്തെരിഞ്ഞു. പച്ചപ്പുല്ലു മുഴുവൻ കത്തിക്കരിഞ്ഞുപോയി. രണ്ടാമത്തെ മാലാഖ കാഹളം ഊതി. എരിയുന്ന ഒരു വലിയ തീമലപോലെ ഏതോ ഒന്നു സമുദ്രത്തിലേക്ക് എറിയപ്പെട്ടു. സമുദ്രത്തിന്റെ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രജീവികളിൽ മൂന്നിലൊന്നു ചത്തൊടുങ്ങി. സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന കപ്പലുകളിൽ മൂന്നിലൊന്നു നശിച്ചുപോയി. പിന്നീട് മൂന്നാമത്തെ മാലാഖ കാഹളം ഊതി. അപ്പോൾ പന്തംപോലെ എരിയുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവകളിന്മേലും വീണു. ആ നക്ഷത്രത്തിന് തിക്തകം എന്നുപേർ. ജലത്തിന്റെ മൂന്നിലൊന്നു കയ്പായിത്തീർന്നു. ആ തിക്തജലം പാനം ചെയ്ത അനേകം ആളുകൾ മൃതിയടഞ്ഞു. നാലാമത്തെ മാലാഖ കാഹളം മുഴക്കിയപ്പോൾ സൂര്യന്റെ മൂന്നിലൊന്നും ചന്ദ്രന്റെ മൂന്നിലൊന്നും തകർക്കപ്പെട്ടു. തന്മൂലം അവയുടെ മൂന്നിലൊന്ന് ഇരുണ്ടുപോയി. പകലിന്റെ മൂന്നിലൊന്ന് ഇരുളടഞ്ഞു. അതുപോലെതന്നെ രാത്രിയുടെ മൂന്നിലൊന്നും. പിന്നീട് ആകാശമധ്യത്തിലൂടെ പറക്കുന്ന ഒരു കഴുകൻ “ഇനിയുള്ള മൂന്നു മാലാഖമാർ കാഹളം മുഴക്കുമ്പോൾ ഭൂമിയിൽ നിവസിക്കുന്നവർക്ക് ഹാ കഷ്ടം! ഹാ കഷ്ടം! എന്ന് ഉച്ചത്തിൽ വിളിച്ചുപറയുന്നതും ദർശനത്തിൽ ഞാൻ കേട്ടു.

വെളിപ്പാട് 8:6-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഏഴു കാഹളങ്ങളുള്ള ഏഴു ദൂതന്മാർ കാഹളം ഊതുവാൻ ഒരുങ്ങിനിന്നു. ഒന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ രക്തം കലർന്ന കൽമഴയും തീയും ഭൂമിയിൽ പതിച്ചു; ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. രണ്ടാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്ന് സമുദ്രത്തിലേക്കു വീണിട്ട് കടൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ ജീവനുണ്ടായിരുന്ന സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു നശിച്ചുപോയി. മൂന്നാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും വീണു. ആ നക്ഷത്രത്തിന് കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു വിഷമയം ആയിത്തീർന്നു. കയ്പായ വെള്ളത്താൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നും ചന്ദ്രനിൽ മൂന്നിലൊന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നും ബാധിക്കപ്പെട്ടു; അതുകൊണ്ട് അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി; മൂന്നിലൊന്നു പകലും മൂന്നിലൊന്നു രാവും വെളിച്ചമില്ലാതെയായി. ഇനിയും ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം നിമിത്തം ഭൂമിയിൽ ജീവിക്കുന്നവർക്ക് കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറന്നുകൊണ്ടിരിക്കുന്ന ഒരു കഴുകനെ ഞാൻ കാണുകയും അതിന്‍റെ ശബ്ദം കേൾക്കുകയും ചെയ്തു.

വെളിപ്പാട് 8:6-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏഴു കാഹളമുള്ള ദൂതന്മാർ ഏഴുവരും കാഹളം ഊതുവാൻ ഒരുങ്ങിനിന്നു. ഒന്നാമത്തവൻ ഊതി; അപ്പോൾ രക്തം കലർന്ന കല്മഴയും തീയും ഭൂമിമേൽ ചൊരിഞ്ഞിട്ടു ഭൂമിയിൽ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളിൽ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. രണ്ടാമത്തെ ദൂതൻ ഊതി; അപ്പോൾ തീ കത്തുന്ന വൻമലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലിൽ മൂന്നിലൊന്നു രക്തമായിത്തീർന്നു. സമുദ്രത്തിൽ പ്രാണനുള്ള സൃഷ്ടികളിൽ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു. മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി. നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികൾക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാൻ കാൺകയും കേൾക്കയും ചെയ്തു.

വെളിപ്പാട് 8:6-13 സമകാലിക മലയാളവിവർത്തനം (MCV)

കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു. ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തംകലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്തുവെണ്ണീറായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി. രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു. സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു. മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു. —ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു. നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.”