വെളിപ്പാട് 4:4-11
വെളിപ്പാട് 4:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാലു സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; സിംഹാസനത്തിൽനിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിനൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്ക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകിനു സദൃശം. നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണ് നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും, ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പിൽ ഇടും.
വെളിപ്പാട് 4:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിംഹാസനത്തിനു ചുറ്റും അതാ ഇരുപത്തിനാലു സിംഹാസനങ്ങൾ! അവയിൽ ശുഭ്രവസ്ത്രവും സ്വർണക്കിരീടവും ധരിച്ച ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ഇരിക്കുന്നു. സിംഹാസനത്തിൽ നിന്നു മിന്നൽപ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ. അവ ദൈവത്തിന്റെ ഏഴ് ആത്മാക്കളാകുന്നു. സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കുപോലെ തെളിമയുള്ള സ്ഫടികസമുദ്രം. “മധ്യത്തിൽ, സിംഹാസനത്തിനു ചുറ്റും നാലു ജീവികൾ. അവയ്ക്ക് മുമ്പിലും പിറകിലും നിറയെ കണ്ണുകൾ ഉണ്ട്. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെയിരുന്നു. രണ്ടാമത്തേത് കാളയെപ്പോലെയും, മൂന്നാമത്തേത് മനുഷ്യന്റെ മുഖത്തോടുകൂടിയും, നാലാമത്തേത് പറക്കുന്ന കഴുകനെപ്പോലെയും കാണപ്പെട്ടു. ഈ നാലു ജീവികൾക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും. “ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും വരുവാനിരിക്കുന്നവനുമായ സർവശക്തനായ ദൈവമായ കർത്താവു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് രാവും പകലും ആ ജീവികൾ അവിരാമം പാടിക്കൊണ്ടിരുന്നു. “സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോൾ, ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ സിംഹാസനത്തിൽ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ അവരുടെ കിരീടങ്ങൾ സമർപ്പിച്ചുകൊണ്ടു പ്രകീർത്തിക്കുകയും ചെയ്യുന്നു. “ഞങ്ങളുടെ ദൈവവും കർത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ യോഗ്യൻ! എന്തുകൊണ്ടെന്നാൽ അവിടുന്നു സമസ്തവും സൃഷ്ടിച്ചു. തിരുഹിതത്താൽ അവയ്ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവർ പാടുന്നു.
വെളിപ്പാട് 4:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തിനാല് ഇരിപ്പിടം; ഇരിപ്പിടങ്ങളിൽ വെള്ളവസ്ത്രം ധരിച്ചുംകൊണ്ട് ഇരുപത്തിനാല് മൂപ്പന്മാർ ഇരുന്നിരുന്നു. സിംഹാസനത്തിൽ നിന്ന് മിന്നലും, ഇടിമുഴക്കവും, ശബ്ദഘോഷവും പുറപ്പെട്ടിരുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുവിളക്കുകൾ സിംഹാസനത്തിന്റെ മുമ്പിൽ കത്തിക്കൊണ്ടിരുന്നു; സിംഹാസനത്തിന്റെ മുമ്പിൽ സ്ഫടിക തുല്യമായ കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ ചുറ്റിലും, മുമ്പിലും പുറകിലും കണ്ണുകൾ നിറഞ്ഞിരുന്ന നാലു ജീവികൾ. ഒന്നാം ജീവി സിംഹത്തെപ്പോലെ; രണ്ടാം ജീവി കാളയെപ്പോലെ മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകനൊടു സമം. നാലു ജീവികൾക്കും ആറു ചിറകുകൾ വീതം, അവയ്ക്കുള്ളിൽ നിറയെ കണ്ണുകളും ഉണ്ടായിരുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായ സർവ്വശക്തനായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ ഭേദം കൂടാതെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന് ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ മുമ്പിൽ ഇരുപത്തിനാല് മൂപ്പന്മാരും വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിക്കുകയും അവരുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇട്ടുകൊണ്ട്, ഞങ്ങളുടെ കർത്താവേ, മഹത്വവും, ബഹുമാനവും ശക്തിയും സ്വീകരിക്കുവാൻ നീ യോഗ്യൻ. നിന്റെ സന്തോഷത്തിനായി അവ ഉളവാകുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടിരിക്കുന്നു.
വെളിപ്പാട് 4:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സിംഹാസനത്തിന്റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളിൽ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാർ; അവരുടെ തലയിൽ പൊൻകിരീടം; സിംഹാസനത്തിൽനിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ ജ്വലിച്ചുകൊണ്ടിരിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കിന്നൊത്ത കണ്ണാടിക്കടൽ; സിംഹാസനത്തിന്റെ നടുവിലും സിംഹാസനത്തിന്റെ ചുറ്റിലും നാലു ജീവികൾ; അവെക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തിൽ ഇരിക്കുന്നവന്നു ആ ജീവികൾ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്റെ മുമ്പിൽ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിൻ മുമ്പിൽ ഇടും.
വെളിപ്പാട് 4:4-11 സമകാലിക മലയാളവിവർത്തനം (MCV)
സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ. സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു. സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ. കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു. ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം. നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ, “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, ‘സർവശക്തിയുള്ള ദൈവമായ കർത്താവ്, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ” എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു. സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്: “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ, അങ്ങ് സകലത്തെയും സൃഷ്ടിച്ചു. അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ, അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,” എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.