THUPUAN 4:4-11

THUPUAN 4:4-11 MALCLBSI

സിംഹാസനത്തിനു ചുറ്റും അതാ ഇരുപത്തിനാലു സിംഹാസനങ്ങൾ! അവയിൽ ശുഭ്രവസ്ത്രവും സ്വർണക്കിരീടവും ധരിച്ച ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ ഇരിക്കുന്നു. സിംഹാസനത്തിൽ നിന്നു മിന്നൽപ്പിണരുകളും മുഴക്കങ്ങളും ഇടിനാദങ്ങളും പുറപ്പെടുന്നു. ജ്വലിക്കുന്ന ഏഴു ദീപങ്ങൾ സിംഹാസനത്തിന്റെ മുമ്പിൽ. അവ ദൈവത്തിന്റെ ഏഴ് ആത്മാക്കളാകുന്നു. സിംഹാസനത്തിന്റെ മുമ്പിൽ പളുങ്കുപോലെ തെളിമയുള്ള സ്ഫടികസമുദ്രം. “മധ്യത്തിൽ, സിംഹാസനത്തിനു ചുറ്റും നാലു ജീവികൾ. അവയ്‍ക്ക് മുമ്പിലും പിറകിലും നിറയെ കണ്ണുകൾ ഉണ്ട്. ഒന്നാമത്തെ ജീവി സിംഹത്തെപ്പോലെയിരുന്നു. രണ്ടാമത്തേത് കാളയെപ്പോലെയും, മൂന്നാമത്തേത് മനുഷ്യന്റെ മുഖത്തോടുകൂടിയും, നാലാമത്തേത് പറക്കുന്ന കഴുകനെപ്പോലെയും കാണപ്പെട്ടു. ഈ നാലു ജീവികൾക്കും ആറു ചിറകു വീതം ഉണ്ടായിരുന്നു. അവയുടെ അകവും പുറവും നിറയെ കണ്ണുകളും. “ഉണ്ടായിരുന്നവനും ഇപ്പോഴും ഉള്ളവനും വരുവാനിരിക്കുന്നവനുമായ സർവശക്തനായ ദൈവമായ കർത്താവു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ” എന്ന് രാവും പകലും ആ ജീവികൾ അവിരാമം പാടിക്കൊണ്ടിരുന്നു. “സിംഹാസനാരൂഢനായി എന്നും എന്നേക്കും വാണരുളുന്നവന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോൾ, ഇരുപത്തിനാലു ശ്രേഷ്ഠപുരുഷന്മാർ സിംഹാസനത്തിൽ എന്നും എന്നേക്കും ഇരിക്കുന്നവനെ സാഷ്ടാംഗം പ്രണമിക്കുന്നു; സിംഹാസനത്തിന്റെ മുമ്പിൽ അവരുടെ കിരീടങ്ങൾ സമർപ്പിച്ചുകൊണ്ടു പ്രകീർത്തിക്കുകയും ചെയ്യുന്നു. “ഞങ്ങളുടെ ദൈവവും കർത്താവുമായ അങ്ങ് മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്ളുവാൻ യോഗ്യൻ! എന്തുകൊണ്ടെന്നാൽ അവിടുന്നു സമസ്തവും സൃഷ്‍ടിച്ചു. തിരുഹിതത്താൽ അവയ്‍ക്ക് അങ്ങനെ അസ്തിത്വം കൈവരികയും അവ സൃഷ്‍ടിക്കപ്പെടുകയും ചെയ്തു” എന്നിങ്ങനെ അവർ പാടുന്നു.

THUPUAN 4 വായിക്കുക