വെളിപ്പാട് 3:1-22

വെളിപ്പാട് 3:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്ന് നിനക്കു പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണതയുള്ളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തത് എങ്ങനെ എന്ന് ഓർത്ത് അത് കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്റെമേൽ വരും എന്ന് നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ട്. അവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും. സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊൾക. ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്ന്, സ്വർഗത്തിൽനിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിനു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധി പറയുന്നു. എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും. ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ച് എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവൻ അരുൾച്ചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു; സചേതനൻ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്. ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്‍ടിയിൽ നിന്റെ പ്രവൃത്തികൾ കുറ്റമറ്റതായി ഞാൻ കണ്ടില്ല. അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓർത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാൻ വരുന്നതെന്നു നീ അറിയുകയില്ല. എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോർ സർദ്ദീസിലുണ്ട്. അവർ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവർ യോഗ്യരാണ്. ജയിക്കുന്നവൻ ശുഭ്രവസ്ത്രം ധരിക്കും; ജീവന്റെ പുസ്തകത്തിൽനിന്ന് അവന്റെ പേർ ഞാൻ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പിൽ ഞാൻ അവന്റെ പേർ അംഗീകരിക്കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ. ഫിലദെൽഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്റെ താക്കോൽ കൈവശമുള്ളവനും ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവണ്ണം തുറക്കുന്നവനും, ആർക്കും തുറക്കുവാൻ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. ഇതാ നിന്റെ മുമ്പിൽ ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചിട്ടുമില്ല. യഥാർഥത്തിൽ യെഹൂദന്മാരല്ലാതിരിക്കെ തങ്ങൾ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാൻ സാത്താന്റെ സുനഗോഗിൽനിന്നു വരുത്തി നിങ്ങളുടെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അവർ മനസ്സിലാക്കും. എന്റെ ക്ഷമയോടുകൂടിയ സഹനത്തിന്റെ വചനം നീ ജീവിതത്തിൽ പാലിച്ചതുകൊണ്ട്, ഭൂമിയിൽ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാൻ നിന്നെ സംരക്ഷിക്കും. ഞാൻ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ. ജയിക്കുന്നവനെ എന്റെ ദൈവത്തിന്റെ ആലയത്തിന് ഞാൻ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്റെ ദൈവത്തിന്റെ നാമം ഞാൻ അവന്റെമേൽ എഴുതും; സ്വർഗത്തിൽനിന്ന് എന്റെ ദൈവത്തിന്റെ അടുക്കൽനിന്നുതന്നെ, ഇറങ്ങിവരുന്ന എന്റെ ദൈവത്തിന്റെ നഗരമായ നവയെരൂശലേമിന്റെ നാമവും, എന്റെ പുതിയ നാമവും അവന്റെമേൽ എഴുതും. “ആത്മാവ് സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” ലവൊദിക്യ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്‍ടിയുടെ ആരംഭവുമായ ആമേൻ അരുൾചെയ്യുന്നത്: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ നന്നായിരുന്നു. ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാൻ ആയതിനാൽ എന്റെ വായിൽനിന്നു നിന്നെ ഞാൻ തുപ്പിക്കളയും. ‘ഞാൻ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പൽസമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാൽ നീ നിർഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല. നീ സമ്പന്നനാകുവാൻ അഗ്നിയിൽ ശുദ്ധീകരിച്ച സ്വർണവും, നിന്റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാൻ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്റെ പക്കൽനിന്നു വാങ്ങിക്കൊള്ളുക എന്നു ഞാൻ നിനക്കു ബുദ്ധി ഉപദേശിക്കുന്നു. ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തിൽനിന്നു പിന്തിരിയുക. ഇതാ, ഞാൻ വാതില്‌ക്കൽനിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറക്കുന്നെങ്കിൽ ഞാൻ അകത്തുവരും; ഞാൻ അവനോടുകൂടിയും അവൻ എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും. ജയിക്കുന്നവന് എന്റെ സിംഹാസനത്തിൽ എന്നോടുകൂടി ഇരിക്കുവാനുള്ള വരം നല്‌കും. ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ. “ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”

വെളിപ്പാട് 3:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്‍റെ ഏഴു ആത്മാക്കളും ഏഴു നക്ഷത്രവും വഹിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു ഒരു പേർ ഉണ്ട് എങ്കിലും നീ മരിച്ചവനാകുന്നു. ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്‍റെ പ്രവൃത്തി ദൈവത്തിന്‍റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്തു കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല. എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്‍റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോൽ കയ്യിൽ ഉള്ളവനും ആർക്കും അടച്ചുകൂടാതവണ്ണം തുറക്കുന്നവനും ആർക്കും തുറക്കാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ, ആർക്കും അടയ്ക്കുവാൻ കഴിയാത്തതായ ഒരു തുറന്ന വാതിൽ ഞാൻ നിന്‍റെ മുമ്പിൽ വെച്ചിരിക്കുന്നു; നിനക്കു അല്പം ശക്തി മാത്രമേയുള്ളൂ എങ്കിലും നീ എന്‍റെ വചനം അനുസരിച്ചു, എന്‍റെ പേർ തള്ളികളഞ്ഞിട്ടും ഇല്ല. ജാഗ്രതയായിരിക്ക! യെഹൂദരല്ലാതിരിക്കെ യഹൂദരെന്ന് കളവായി പറയുന്ന സാത്താന്‍റെ പള്ളിക്കാരായവരെ ഞാൻ വരുത്തുകയും നിന്‍റെ പാദത്തിൽ നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അവർ അറിയുവാനും ഇടവരുത്തും. ക്ഷമയോടുകൂടി ഇരിപ്പാനുള്ള എന്‍റെ കല്പന നീ കാത്തുസൂക്ഷിച്ചതിനാൽ ഭൂമിയിൽ ഒക്കെയും ഉള്ളവരെ ശോധന ചെയ്യേണ്ടതിന് ലോകത്തിൽ വരുവാനുള്ള ശോധനാകാലത്ത് ഞാനും നിന്നെ കാത്തുസൂക്ഷിക്കും. ഞാൻ വേഗം വരുന്നു; നിന്‍റെ കിരീടം ആരും തട്ടിയെടുക്കാതിരിക്കുവാൻ തക്കവണ്ണം നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾക. ജയിക്കുന്നവനെ ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അതിൽനിന്ന് പുറത്തുപോകയില്ല; എന്‍റെ ദൈവത്തിന്‍റെ പേരും എന്‍റെ ദൈവത്തിൽ നിന്നു, സ്വർഗ്ഗത്തിൽനിന്ന് തന്നെ ഇറങ്ങിവരുന്ന, പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിൻ നഗരത്തിന്‍റെ പേരും എന്‍റെ പുതിയ പേരും ഞാൻ അവന്‍റെമേൽ എഴുതും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: ആമേൻ എന്ന വിശ്വസ്തനും സത്യസാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവും ആയിരിക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ചൂടുള്ളവനുമല്ല; തണുപ്പുള്ളവനുമല്ല; നീ തണുപ്പുള്ളവനോ ചൂടുള്ളവനോ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്‍റെ വായിൽനിന്നു തുപ്പിക്കളയും. ഞാൻ ധനവാൻ; എനിക്ക് ഭൗതിക സ്വത്തുക്കൾ ധാരാളം ഉണ്ട്. എനിക്ക് ഒന്നുംതന്നെ ആവശ്യം ഇല്ല എന്നു നീ പറയുന്നതുകൊണ്ടും; നീ ഏറ്റവും ദുരിതപൂർണ്ണനും ഗതികെട്ടവനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയായ്കകൊണ്ടും; നീ സമ്പന്നൻ ആകേണ്ടതിന് തീയിൽ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നത വെളിവാകാതവണ്ണം ധരിക്കേണ്ടതിന് തിളങ്ങുന്ന ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കേണ്ടതിന് കണ്ണിൽ പുരട്ടുവാൻ ലേപവും എന്നോട് വിലയ്ക്കുവാങ്ങുക എന്ന എന്‍റെ ഉപദേശം കേൾക്കുക. എനിക്ക് പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു; അതുകൊണ്ട് നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. ഇതാ, ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവന്‍റെ അടുക്കൽ ചെല്ലുകയും ഞാൻ അവനോടും അവൻ എന്നോടും കൂടെ ആഹാരം കഴിക്കുകയും ചെയ്യും. ജയിക്കുന്നവന് ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിക്കുവാൻ അവകാശം നല്കും; ഞാനും ജയിച്ചു എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നെ. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക: ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു. അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ഫിലദെൽഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവെച്ചിരിക്കുന്നു; അതു ആർക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല. യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും. സഹിഷ്ണതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊൾക. ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും. ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു. എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. ഞാൻ വാതില്ക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ചു എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ തന്നേ. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:1-22 സമകാലിക മലയാളവിവർത്തനം (MCV)

“സർദിസിലെ സഭയുടെ ദൂതന് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്. ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല. “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും. വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. “ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക: “വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാത്തവിധം തുറക്കുന്നവനും ആരും തുറക്കാത്തവിധം അടയ്ക്കുന്നവനുമായ ഞാൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. നിനക്കു ശക്തി അൽപ്പമേ അവശേഷിച്ചിട്ടുള്ളൂ എങ്കിലും എന്റെ വചനം അനുസരിക്കുകകയും എന്റെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്തു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ, യെഹൂദരെന്ന വ്യാജേന മിഥ്യാഭിമാനം പുലർത്തുന്നവരാണ് സാത്താന്റെ പള്ളിക്കാർ. ഞാൻ നിന്നെ വാസ്തവമായി സ്നേഹിച്ചു എന്ന് അവർ ഗ്രഹിച്ചിട്ട് നിന്റെ കാൽക്കൽ വീഴാനിടയാക്കുന്നതു നീ കണ്ടുകൊള്ളുക. സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും. “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക. വിജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അയാൾ ഒരുനാളും അവിടംവിട്ട് പുറത്തുപോകുകയില്ല. അവന്റെമേൽ എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ ജെറുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. “ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: “വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും. ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല. നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു. “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക. ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും. “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”