സർദ്ദീസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളുമുള്ളവൻ അരുൾച്ചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു; സചേതനൻ എന്നു നിനക്കു പേരുണ്ട്. പക്ഷേ നീ അചേതനനാണ്. ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്‍ടിയിൽ നിന്റെ പ്രവൃത്തികൾ കുറ്റമറ്റതായി ഞാൻ കണ്ടില്ല. അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓർത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാൻ വരുന്നതെന്നു നീ അറിയുകയില്ല. എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോർ സർദ്ദീസിലുണ്ട്. അവർ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവർ യോഗ്യരാണ്. ജയിക്കുന്നവൻ ശുഭ്രവസ്ത്രം ധരിക്കും; ജീവന്റെ പുസ്തകത്തിൽനിന്ന് അവന്റെ പേർ ഞാൻ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പിൽ ഞാൻ അവന്റെ പേർ അംഗീകരിക്കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ. ഫിലദെൽഫിയയിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “പരിശുദ്ധനും, സത്യവാനും, ദാവീദിന്റെ താക്കോൽ കൈവശമുള്ളവനും ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവണ്ണം തുറക്കുന്നവനും, ആർക്കും തുറക്കുവാൻ കഴിയാത്തവണ്ണം അടയ്‍ക്കുന്നവനുമായവൻ അരുൾചെയ്യുന്നു: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. ഇതാ നിന്റെ മുമ്പിൽ ആർക്കും അടയ്‍ക്കുവാൻ കഴിയാത്തവിധം തുറന്നിരിക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിനക്കു പരിമിതമായ ശക്തിയേ ഉള്ളൂ. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചിട്ടുമില്ല. യഥാർഥത്തിൽ യെഹൂദന്മാരല്ലാതിരിക്കെ തങ്ങൾ യെഹൂദന്മാരാണെന്നു വ്യാജം പറയുന്ന ചിലരെ ഞാൻ സാത്താന്റെ സുനഗോഗിൽനിന്നു വരുത്തി നിങ്ങളുടെ മുമ്പിൽ സാഷ്ടാംഗപ്രണാമം ചെയ്യിക്കും. ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അവർ മനസ്സിലാക്കും. എന്റെ ക്ഷമയോടുകൂടിയ സഹനത്തിന്റെ വചനം നീ ജീവിതത്തിൽ പാലിച്ചതുകൊണ്ട്, ഭൂമിയിൽ നിവസിക്കുന്നവരെ ശോധന ചെയ്യുന്നതിനായി പ്രപഞ്ചത്തിന് ആകമാനമുണ്ടാകുന്ന അഗ്നിപരീക്ഷണകാലത്ത്, ഞാൻ നിന്നെ സംരക്ഷിക്കും. ഞാൻ വേഗം വരുന്നു. നിനക്കുള്ളതിനെ മുറുകെപ്പിടിച്ചുകൊള്ളുക. നിന്റെ വിജയകിരീടം ആരും തട്ടിയെടുക്കാതിരിക്കട്ടെ. ജയിക്കുന്നവനെ എന്റെ ദൈവത്തിന്റെ ആലയത്തിന് ഞാൻ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു മാറ്റപ്പെടുകയില്ല; എന്റെ ദൈവത്തിന്റെ നാമം ഞാൻ അവന്റെമേൽ എഴുതും; സ്വർഗത്തിൽനിന്ന് എന്റെ ദൈവത്തിന്റെ അടുക്കൽനിന്നുതന്നെ, ഇറങ്ങിവരുന്ന എന്റെ ദൈവത്തിന്റെ നഗരമായ നവയെരൂശലേമിന്റെ നാമവും, എന്റെ പുതിയ നാമവും അവന്റെമേൽ എഴുതും. “ആത്മാവ് സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ” ലവൊദിക്യ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “വിശ്വസ്തനും, സത്യസാക്ഷിയും, ഈശ്വരസൃഷ്‍ടിയുടെ ആരംഭവുമായ ആമേൻ അരുൾചെയ്യുന്നത്: നിന്റെ പ്രവൃത്തികൾ ഞാൻ അറിയുന്നു. നീ ശീതവാനും ഉഷ്ണവാനും അല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ നന്നായിരുന്നു. ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാൻ ആയതിനാൽ എന്റെ വായിൽനിന്നു നിന്നെ ഞാൻ തുപ്പിക്കളയും. ‘ഞാൻ ധനാഢ്യനാണ്; എനിക്കു വേണ്ടുവോളം സമ്പൽസമൃദ്ധി ഉണ്ട്; ഒന്നിനും എനിക്കു ബുദ്ധിമുട്ടില്ല’ എന്നു നീ പറയുന്നു. എന്നാൽ നീ നിർഭാഗ്യവാനും അരിഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നീ അറിയുന്നില്ല. നീ സമ്പന്നനാകുവാൻ അഗ്നിയിൽ ശുദ്ധീകരിച്ച സ്വർണവും, നിന്റെ നഗ്നത മറയ്‍ക്കുന്നതിനുവേണ്ടി ധരിക്കുവാനുള്ള ശുഭ്രവസ്ത്രവും, നിനക്കു കാഴ്ച ലഭിക്കുവാൻ കണ്ണിലെഴുതാനുള്ള അഞ്ജനവും, എന്റെ പക്കൽനിന്നു വാങ്ങിക്കൊള്ളുക എന്നു ഞാൻ നിനക്കു ബുദ്ധി ഉപദേശിക്കുന്നു. ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ദത്തശ്രദ്ധനായിരിക്കുക; അനുതപിച്ചു പാപത്തിൽനിന്നു പിന്തിരിയുക. ഇതാ, ഞാൻ വാതില്‌ക്കൽനിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറക്കുന്നെങ്കിൽ ഞാൻ അകത്തുവരും; ഞാൻ അവനോടുകൂടിയും അവൻ എന്നോടുകൂടിയും ഭക്ഷണം കഴിക്കുകയും ചെയ്യും. ജയിക്കുന്നവന് എന്റെ സിംഹാസനത്തിൽ എന്നോടുകൂടി ഇരിക്കുവാനുള്ള വരം നല്‌കും. ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ. “ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.”
THUPUAN 3 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: THUPUAN 3:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ