വെളിപ്പാട് 20:1-15

വെളിപ്പാട് 20:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ടു സ്വർഗത്തിൽനിന്ന് ഇറങ്ങുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെശേഷം അവനെ അല്പകാലത്തേക്ക് അഴിച്ച് വിടേണ്ടതാകുന്നു. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും. ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽനിന്ന് അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധിയുണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തനും അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാട് 20:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പിന്നീട് പാതാളത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് ഒരു മാലാഖ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. ആ മാലാഖ ഉഗ്രസർപ്പത്തെ, പിശാചും സാത്താനുമാകുന്ന പഴയ സർപ്പത്തെത്തന്നെ പിടിച്ച് ആയിരം വർഷത്തേക്കു ബന്ധിച്ച് പാതാളത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം കഴിയുന്നതുവരെ മനുഷ്യവർഗത്തെ അവൻ വഞ്ചിക്കാതിരിക്കുവാൻ, പാതാളത്തിന്റെ വാതിൽ അടച്ചുപൂട്ടി മുദ്രവയ്‍ക്കുകയും ചെയ്തു. അതിനുശേഷം അല്പകാലത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാണ്. അനന്തരം ഞാൻ സിംഹാസനങ്ങൾ കണ്ടു. അവയിൽ ഇരുന്നവർക്കു വിധിക്കുവാനുള്ള അധികാരം നല്‌കപ്പെട്ടു. യേശുവിനു സാക്ഷ്യം വഹിച്ചതിനുവേണ്ടിയും ദൈവവചനത്തിനുവേണ്ടിയും ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ കണ്ടു. അവർ മൃഗത്തെ ആരാധിക്കുകയോ, അവന്റെ മുദ്ര നെറ്റിത്തടത്തിലോ കൈയിലോ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അവർ ജീവൻ പ്രാപിച്ച് ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാണു. അവശേഷിച്ച മരിച്ചവർ ആയിരം വർഷം കഴിയുന്നതുവരെ ജീവൻ പ്രാപിച്ചില്ല. ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ അനുഗൃഹീതനും വിശുദ്ധനും ആണ്. ഇങ്ങനെയുള്ളവരുടെമേൽ രണ്ടാമത്തെ മരണത്തിന് അധികാരമില്ല. അവർ ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടി ആയിരം വർഷം വാഴും. എന്നാൽ ആയിരം വർഷം കഴിയുമ്പോൾ സാത്താനെ ബന്ധനത്തിൽനിന്നു മോചിപ്പിക്കും. ഭൂമിയുടെ നാലു കോണിലുമുള്ള ജനതകളെ വഴിതെറ്റിക്കുന്നതിനായി അവൻ പുറപ്പെടും. യുദ്ധത്തിനുവേണ്ടി ഗോഗിനെയും മാഗോഗിനെയും കൂട്ടിച്ചേർക്കുന്നതിനാണ് അവന്റെ പുറപ്പാട്. അവരുടെ സംഖ്യ കടല്പുറത്തെ മണൽപോലെ ആയിരിക്കും. വിശാലമായ ഭൂതലത്തിൽ അവരുടെ പട മുന്നേറി വിശുദ്ധന്മാരുടെ പാളയവും അവരുടെ പ്രിയപ്പെട്ട നഗരവും വളയും. എന്നാൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി അവരെ വിഴുങ്ങിക്കളയും. അവരെ വഴിതെറ്റിച്ച പിശാച്, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിയപ്പെടും. അവർ അവിടെ രാപകൽ നിത്യയാതന അനുഭവിക്കും. വെണ്മയുള്ള ഒരു വലിയ സിംഹാസനം ഞാൻ കണ്ടു; അതിൽ ഉപവിഷ്ടനായിരിക്കുന്ന ഒരു ആളിനെയും. ആകാശവും ഭൂമിയും അവിടുത്തെ സന്നിധിയിൽനിന്ന് ഓടിപ്പോയി. അവയെ പിന്നെ കണ്ടതേയില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിന്റെ മുമ്പിൽ നില്‌ക്കുന്നതും ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു. ജീവന്റെ പുസ്‍തകം എന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. അവയിൽ എഴുതിയിരുന്നതുപോലെ മരിച്ചവരുടെ പ്രവൃത്തികൾക്കൊത്തവണ്ണം അവർ വിധിക്കപ്പെട്ടു. സമുദ്രം അതിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു. മരണവും പാതാളവും അപ്രകാരം ചെയ്തു. ഓരോ വ്യക്തിക്കും സ്വന്തം പ്രവൃത്തികൾക്ക് അനുയോജ്യമായ വിധി ഉണ്ടാവുകയും ചെയ്തു. പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും ആ തീപ്പൊയ്കയിൽ എറിഞ്ഞു.

വെളിപ്പാട് 20:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിൻ്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു. ആയിരം വർഷക്കാലം ജനതകളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ടു; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്‍റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു. ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും. ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു. അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ടു; അവന്‍റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു. വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്‍റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാട് 20:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു; അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. മരിച്ചവരിൽ ശേഷമുള്ളവർ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേൽ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവർ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും. ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു അഴിച്ചുവിടും. അവൻ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയിൽ കടല്പുറത്തെ മണൽപോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേർക്കേണ്ടതിന്നു വശീകരിപ്പാൻ പുറപ്പെടും. അവർ ഭൂമിയിൽ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാൽ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും. ഞാൻ വലിയോരു വെള്ളസിംഹാസനവും അതിൽ ഒരുത്തൻ ഇരിക്കുന്നതും കണ്ടു; അവന്റെ സന്നിധിയിൽനിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല. മരിച്ചവർ ആബാലവൃദ്ധം സിംഹാസനത്തിൻ മുമ്പിൽ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവർക്കു അവരുടെ പ്രവൃത്തികൾക്കടുത്ത ന്യായവിധി ഉണ്ടായി. സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാട് 20:1-15 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു. ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്. തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു. മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം. ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും. ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും. അയാൾ പുറപ്പെട്ട് ഭൂമിയുടെ നാലു ദിക്കുകളിലുമുള്ള ജനതകളായ ഗോഗ്, മാഗോഗ് എന്നിവരെ വശീകരിച്ചു യുദ്ധത്തിനു കൂട്ടിച്ചേർക്കും. അവർ കടൽപ്പുറത്തെ മണൽപോലെ അസംഖ്യമാണ്. അവർ ഭൂമിയിൽ എല്ലായിടവും സഞ്ചരിച്ച് ദൈവജനത്തിന്റെ പാളയത്തെയും ദൈവത്തിനു പ്രിയപ്പെട്ട നഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്ന് അഗ്നിവർഷമുണ്ടായി അവർ ഭസ്മീകരിക്കപ്പെടും. അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും. പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല. വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി. സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം. ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.