വെളിപ്പാട് 2:12-17

വെളിപ്പാട് 2:12-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്: നീ എവിടെ പാർക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തുതന്നെ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ട്; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ ഇടർച്ച വയ്പാൻ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്. അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ട്. ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

വെളിപ്പാട് 2:12-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പെർഗ്ഗമൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: “മൂർച്ചയേറിയ ഇരുമുനവാൾ ഉള്ളവൻ അരുൾചെയ്യുന്നു: നീ എവിടെയാണു വസിക്കുന്നത് എന്ന് എനിക്കറിയാം; സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ. നീ എന്റെ നാമം മുറുകെപ്പിടിച്ചു. സാത്താൻ നിവസിക്കുന്ന, നിങ്ങളുടെ സ്ഥലത്തുവച്ച് എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസിനെ വധിച്ച കാലത്തുപോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല. എങ്കിലും നിങ്ങളെപ്പറ്റി എനിക്കു പറയുവാനുണ്ട്. വിഗ്രഹങ്ങൾക്കു നിവേദിച്ചതു ഭക്ഷിക്കുവാനും, അസാന്മാർഗിക പ്രവൃത്തികൾ ചെയ്യുവാനും ഇസ്രായേൽമക്കൾക്കു പ്രേരണനല്‌കി അവർക്കു പ്രതിബന്ധം സൃഷ്‍ടിക്കുവാൻ ബാലാക്കിനെ ഉപദേശിച്ച ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിക്കുന്ന ചിലർ അവിടെയുണ്ട്. അതുപോലെതന്നെ നിക്കൊലാവ്യരുടെ സിദ്ധാന്തങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരും അവിടെയുണ്ട്. അതുകൊണ്ട് അനുതപിക്കുക. അല്ലെങ്കിൽ ഞാൻ വേഗം വന്ന് എന്റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും. ആത്മാവു സഭകളോട് അരുൾചെയ്യുന്നത് എന്തെന്ന് ചെവിയുള്ളവൻ കേൾക്കട്ടെ. “ജയിക്കുന്നവനു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; വെണ്മയുള്ള ഒരു കല്ലും ഞാൻ അവനു നല്‌കും. അതിൽ ഒരു പുതിയ നാമം എഴുതിയിരിക്കും. ആ കല്ലു ലഭിക്കുന്നവനല്ലാതെ മറ്റാരും അതു മനസ്സിലാക്കുകയില്ല.

വെളിപ്പാട് 2:12-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്: നിന്‍റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന് ഉപദേശിച്ചുകൊടുത്ത ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്. അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്. അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്‍റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന തിന്മാൻ കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.

വെളിപ്പാട് 2:12-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പെർഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂർച്ചയേറിയ ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നതു: നീ എവിടെ പാർക്കുന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാൻ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ പാർക്കുന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാൻ ഉണ്ടു; യിസ്രായേൽമക്കൾ വിഗ്രഹാർപ്പിതം തിന്നേണ്ടതിന്നും ദുർന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പിൽ ഇടർച്ചവെപ്പാൻ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ടു. അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവർ നിനക്കും ഉണ്ടു. ആകയാൽ മാനസാന്തരപ്പെടുക; അല്ലാഞ്ഞാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

വെളിപ്പാട് 2:12-17 സമകാലിക മലയാളവിവർത്തനം (MCV)

“പെർഗമൊസിലുള്ള സഭയുടെ ദൂതന് എഴുതുക: “മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാളുള്ള ഞാൻ അരുളിച്ചെയ്യുന്നു: “നീ വസിക്കുന്നത് എവിടെയെന്നും അവിടെ സാത്താന്റെ സിംഹാസനമുണ്ടെന്നും എനിക്കറിയാം. എങ്കിലും നീ എന്റെ നാമത്തോടുള്ള വിശ്വസ്തതപുലർത്തുന്നു. നിങ്ങളുടെയിടയിൽ, സാത്താൻ താമസിക്കുന്നിടത്തുനിന്നുതന്നെയുള്ള എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് രക്തസാക്ഷിയായിത്തീർന്ന കാലത്തുപോലും, നീ എന്നിലുള്ള വിശ്വാസം ത്യജിച്ചില്ല. “എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്. അതുപോലെതന്നെ നിക്കൊലാവ്യരുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നവരും നിങ്ങൾക്കിടയിലുണ്ട്. അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും. “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അറിയാത്ത ഒരു പുതിയ പേരും ആ കല്ലിന്മേൽ എഴുതപ്പെട്ടിരിക്കും.