വെളി. 2:12-17

വെളി. 2:12-17 IRVMAL

പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്: നിന്‍റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന് ഉപദേശിച്ചുകൊടുത്ത ബിലെയാമിന്‍റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്. അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്. അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്‍റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന തിന്മാൻ കൊടുക്കും; ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.