സങ്കീർത്തനങ്ങൾ 95:1-11

സങ്കീർത്തനങ്ങൾ 95:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വരുവിൻ, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക. യഹോവ മഹാദൈവമല്ലോ; അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു; പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ. സമുദ്രം അവനുള്ളത്; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനഞ്ഞിരിക്കുന്നു. വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളുംതന്നെ. ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്. അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു. നാല്പത് ആണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളൊരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു. ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

സങ്കീർത്തനങ്ങൾ 95:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

വരുവിൻ, നമുക്കു സർവേശ്വരനെ പ്രകീർത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം. സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം. സർവേശ്വരൻ മഹാദൈവമല്ലോ! അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ. അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങൾ മുതൽ പർവതശൃംഗങ്ങൾവരെ സകലത്തിന്റെയും അധിപൻ അവിടുന്നാകുന്നു. സമുദ്രത്തെ ഭരിക്കുന്നത് അവിടുന്നാണ്, അവിടുന്നാണ് അതിനെ നിർമ്മിച്ചത്. കരയ്‍ക്കു രൂപം നല്‌കിയത് അവിടുത്തെ കരങ്ങളാണ്. വരുവിൻ, നമുക്ക് കുമ്പിട്ട് ആരാധിക്കാം. നമ്മെ സൃഷ്‍ടിച്ച സർവേശ്വരന്റെ മുമ്പിൽ മുട്ടുകുത്താം. അവിടുന്നാണു നമ്മുടെ ദൈവം; നാം അവിടുന്നു മേയ്‍ക്കുന്ന ജനം അവിടുന്നു പരിപാലിക്കുന്ന അജഗണം തന്നെ. ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രദ്ധിച്ചിരുന്നെങ്കിൽ! “മെരീബയിൽ, മരുഭൂമിയിലെ മസ്സായിൽ, നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ അവർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും എന്നെ പരിശോധിച്ചു. നാല്പതു വർഷം എനിക്കവരോടു വെറുപ്പു തോന്നി; അവർ എത്ര അവിശ്വസ്തർ; അവർ എന്റെ കല്പനകൾ അനുസരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു. ഞാൻ സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവർ പ്രവേശിക്കുകയില്ലെന്ന് ഞാൻ കോപത്തോടെ ശപഥം ചെയ്തു.

സങ്കീർത്തനങ്ങൾ 95:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

വരുവിൻ, നാം യഹോവയ്ക്കു പാടുക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക. നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്‍റെ മുമ്പാകെ ഘോഷിക്കുക. യഹോവ മഹാദൈവമല്ലോ; അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ. ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്‍റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ. സമുദ്രം അവിടുത്തേതാണ്; ദൈവം അതിനെ ഉണ്ടാക്കി; കരയെയും അവിടുത്തെ കൈകൾ മനഞ്ഞിരിക്കുന്നു. വരുവിൻ, നാം വണങ്ങി നമസ്കരിക്കുക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവിടുന്ന് നമ്മുടെ ദൈവമാകുന്നു; നാമോ അവിടുന്ന് മേയിക്കുന്ന ജനവും അവിടുത്തെ കൈകളിലെ ആടുകളും തന്നെ. ഇന്ന് നിങ്ങൾ ദൈവത്തിന്‍റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിലെപ്പോലെയും നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധന ചെയ്തു. നാല്പത് വർഷം ഞാൻ ആ തലമുറയെക്കുറിച്ച് ദു:ഖിച്ചു. “അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനം എന്നും എന്‍റെ കല്‍പ്പനകളെ അനുസരിച്ചിട്ടില്ലാത്തവര്‍” എന്നും ഞാൻ പറഞ്ഞു. “ആകയാൽ അവർ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്നു ഞാൻ എന്‍റെ ക്രോധത്തിൽ സത്യംചെയ്തു.

സങ്കീർത്തനങ്ങൾ 95:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക. യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ. ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ. സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു. വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ. ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു. അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു. നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാൻ പറഞ്ഞു. ആകയാൽ അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.

സങ്കീർത്തനങ്ങൾ 95:1-11 സമകാലിക മലയാളവിവർത്തനം (MCV)

വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം. സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം. കാരണം യഹോവ മഹാദൈവം ആകുന്നു, എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ. ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്, പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്. സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു, കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു. വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം, നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം. കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ. ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, “മെരീബയിൽവെച്ചു ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്, അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച് ചെയ്തതുപോലെതന്നെ. അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു. നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു. അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”