SAM 95:1-11

SAM 95:1-11 MALCLBSI

വരുവിൻ, നമുക്കു സർവേശ്വരനെ പ്രകീർത്തിക്കാം, നമ്മുടെ രക്ഷാശിലയെ ഉല്ലാസത്തോടെ പാടിപ്പുകഴ്ത്താം. സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം. സർവേശ്വരൻ മഹാദൈവമല്ലോ! അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ. അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങൾ മുതൽ പർവതശൃംഗങ്ങൾവരെ സകലത്തിന്റെയും അധിപൻ അവിടുന്നാകുന്നു. സമുദ്രത്തെ ഭരിക്കുന്നത് അവിടുന്നാണ്, അവിടുന്നാണ് അതിനെ നിർമ്മിച്ചത്. കരയ്‍ക്കു രൂപം നല്‌കിയത് അവിടുത്തെ കരങ്ങളാണ്. വരുവിൻ, നമുക്ക് കുമ്പിട്ട് ആരാധിക്കാം. നമ്മെ സൃഷ്‍ടിച്ച സർവേശ്വരന്റെ മുമ്പിൽ മുട്ടുകുത്താം. അവിടുന്നാണു നമ്മുടെ ദൈവം; നാം അവിടുന്നു മേയ്‍ക്കുന്ന ജനം അവിടുന്നു പരിപാലിക്കുന്ന അജഗണം തന്നെ. ഇന്നു നിങ്ങൾ അവിടുത്തെ സ്വരം ശ്രദ്ധിച്ചിരുന്നെങ്കിൽ! “മെരീബയിൽ, മരുഭൂമിയിലെ മസ്സായിൽ, നിങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ, നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. അവിടെ അവർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും എന്നെ പരിശോധിച്ചു. നാല്പതു വർഷം എനിക്കവരോടു വെറുപ്പു തോന്നി; അവർ എത്ര അവിശ്വസ്തർ; അവർ എന്റെ കല്പനകൾ അനുസരിക്കുന്നില്ല എന്നു ഞാൻ പറഞ്ഞു. ഞാൻ സ്വസ്ഥത നല്‌കുമായിരുന്ന ദേശത്ത് അവർ പ്രവേശിക്കുകയില്ലെന്ന് ഞാൻ കോപത്തോടെ ശപഥം ചെയ്തു.

SAM 95 വായിക്കുക