സങ്കീർത്തനങ്ങൾ 90:10-17
സങ്കീർത്തനങ്ങൾ 90:10-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളുടെ ആയുഷ്കാലം എഴുപതു വർഷം, ഏറിയാൽ എൺപത്. എന്നിട്ടും അക്കാലമത്രയും ഞങ്ങൾക്കു കഷ്ടതയും ദുരിതവുമത്രേ. ആയുസ്സ് പെട്ടെന്നു തീർന്നു ഞങ്ങൾ കടന്നു പോകുന്നു. അങ്ങയുടെ കോപത്തിന്റെ ഉഗ്രത ആരറിയുന്നു? അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവർ ആര്? ഞങ്ങളുടെ ആയുസ്സിന്റെ നാളുകൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ വിവേകികൾ ആകട്ടെ. സർവേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാൾ കോപിക്കും? കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താൽ, ഞങ്ങളെ പ്രഭാതംതോറും സംതൃപ്തരാക്കണമേ. ഞങ്ങൾ ആയുഷ്കാലം മുഴുവൻ ആനന്ദിച്ചുല്ലസിക്കട്ടെ. അവിടുന്നു ഞങ്ങളെ പീഡിപ്പിച്ചിടത്തോളം നാളുകളും ഞങ്ങൾ ദുരിതമനുഭവിച്ചിടത്തോളം വർഷങ്ങളും സന്തോഷിക്കാൻ ഞങ്ങളെ അനുവദിക്കണമേ. അവിടുത്തെ ദാസന്മാർക്ക് അങ്ങയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങയുടെ മഹാപ്രഭാവവും കാണിച്ചുകൊടുക്കണമേ. ഞങ്ങളുടെ ദൈവമായ സർവേശ്വരന്റെ പ്രസാദം ഞങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ. ഞങ്ങളുടെ പ്രവൃത്തികളെ സഫലമാക്കണമേ. അതേ, ഞങ്ങളുടെ പ്രവൃത്തികളെ എന്നും സഫലമാക്കണമേ.
സങ്കീർത്തനങ്ങൾ 90:10-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു. നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തുതന്നെ ഞങ്ങളെ നിന്റെ ദയ കൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ. നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്ത്വവും വെളിപ്പെടുമാറാകട്ടെ. ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ.
സങ്കീർത്തനങ്ങൾ 90:10-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞങ്ങളുടെ ആയുഷ്കാലം എഴുപത് വര്‍ഷം; ഏറെ ആയാൽ എൺപത്; അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു. അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്‍റെ ശക്തിയെയും അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്‍? ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നേണമേ. കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. അവിടുന്ന് ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ. അങ്ങേയുടെ ദാസന്മാർക്ക് അങ്ങേയുടെ പ്രവൃത്തിയും അവരുടെ മക്കൾക്ക് അങ്ങേയുടെ മഹത്വവും വെളിപ്പെടുമാറാകട്ടെ. ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സാദ്ധ്യമാക്കി തരേണമേ.
സങ്കീർത്തനങ്ങൾ 90:10-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു. നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും. നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ. നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ. ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.
സങ്കീർത്തനങ്ങൾ 90:10-17 സമകാലിക മലയാളവിവർത്തനം (MCV)
ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം, കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ; എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ, അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു. അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക? അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ. ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ. യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? അവിടത്തെ സേവകരോട് കനിവു തോന്നണമേ. അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും. അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ. അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ— അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.