സങ്കീർത്തനങ്ങൾ 90:1-14

സങ്കീർത്തനങ്ങൾ 90:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവതങ്ങൾ ഉണ്ടായതിനും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു. ആയിരം സംവത്സരം നിന്റെ ദൃഷ്‍ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു. നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് അരിഞ്ഞു വാടിപ്പോകുന്നു. ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു. ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നുപോകയും ചെയ്യുന്നു. നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തുതന്നെ ഞങ്ങളെ നിന്റെ ദയ കൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

സങ്കീർത്തനങ്ങൾ 90:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, അവിടുന്നാണ് തലമുറതലമുറയായി ഞങ്ങളുടെ അഭയസ്ഥാനം. അവിടുന്നു നിത്യനായ ദൈവം, പർവതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, പ്രപഞ്ചത്തെ അവിടുന്നു നിർമ്മിക്കുന്നതിനു മുമ്പുതന്നെ. അവിടുന്ന് എന്നേക്കും ദൈവം ആകുന്നു. അവിടുന്നു മർത്യനെ മണ്ണിലേക്കു തിരികെ ചേർക്കുന്നു; മനുഷ്യമക്കളേ, മണ്ണിലേക്കു മടങ്ങുവിൻ എന്നു കല്പിക്കുന്നു. ആയിരം വർഷം അങ്ങേക്ക് ഒരു ദിവസം പോലെയും, രാത്രിയിലെ ഒരു യാമംപോലെയും ആകുന്നു. അവിടുന്നു മനുഷ്യനെ തുടച്ചുനീക്കുന്നു, ഉണരുമ്പോൾ മറന്നുപോകുന്ന സ്വപ്നം പോലെയാണവർ; പ്രഭാതത്തിൽ നാമ്പു നീട്ടുന്ന പുല്ലു പോലെയാണവർ. രാവിലെ അതു മുളച്ചുവളരുന്നു, വൈകുന്നേരം വാടിക്കരിയുന്നു. അവിടുത്തെ ക്രോധം ഞങ്ങളെ പരിഭ്രാന്തരാക്കുന്നു. അവിടുത്തെ രോഷത്താൽ ഞങ്ങൾ നശിക്കുന്നു. ഞങ്ങളുടെ അപരാധങ്ങൾ തിരുമുമ്പിൽ വച്ചിരിക്കുന്നു. ഞങ്ങളുടെ രഹസ്യപാപങ്ങൾ തിരുസന്നിധിയിൽ വെളിപ്പെട്ടിരിക്കുന്നു. അവിടുത്തെ ക്രോധത്താൽ ഞങ്ങളുടെ ആയുസ്സ് ചുരുങ്ങുന്നു. ഞങ്ങളുടെ ജീവിതം ഒരു നെടുവീർപ്പുപോലെ പെട്ടെന്ന് അവസാനിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപതു വർഷം, ഏറിയാൽ എൺപത്. എന്നിട്ടും അക്കാലമത്രയും ഞങ്ങൾക്കു കഷ്ടതയും ദുരിതവുമത്രേ. ആയുസ്സ് പെട്ടെന്നു തീർന്നു ഞങ്ങൾ കടന്നു പോകുന്നു. അങ്ങയുടെ കോപത്തിന്റെ ഉഗ്രത ആരറിയുന്നു? അങ്ങയുടെ ക്രോധം എത്ര ഭീകരമെന്നറിഞ്ഞ് അങ്ങയെ ഭയപ്പെടുന്നവർ ആര്? ഞങ്ങളുടെ ആയുസ്സിന്റെ നാളുകൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ വിവേകികൾ ആകട്ടെ. സർവേശ്വരാ, ഈ ദാസരോട് അവിടുന്നു എത്രനാൾ കോപിക്കും? കനിവുണ്ടാകണമേ, അവിടുത്തെ ദാസരോടു കരുണ തോന്നണമേ. അവിടുത്തെ അചഞ്ചലസ്നേഹത്താൽ, ഞങ്ങളെ പ്രഭാതംതോറും സംതൃപ്തരാക്കണമേ. ഞങ്ങൾ ആയുഷ്കാലം മുഴുവൻ ആനന്ദിച്ചുല്ലസിക്കട്ടെ.

സങ്കീർത്തനങ്ങൾ 90:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

കർത്താവേ, അവിടുന്ന് തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിനും അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു. ആയിരം വര്‍ഷം അവിടുത്തെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു. അവിടുന്ന് മനുഷ്യരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അത് രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് വാടി കരിഞ്ഞുപോകുന്നു. ഞങ്ങൾ അങ്ങേയുടെ കോപത്താൽ ക്ഷയിച്ചും അങ്ങേയുടെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു. അങ്ങ് ഞങ്ങളുടെ അകൃത്യങ്ങൾ അങ്ങേയുടെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങൾ അങ്ങേയുടെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു. ഞങ്ങളുടെ നാളുകൾ എല്ലാം അങ്ങേയുടെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങൾ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപത് വര്‍ഷം; ഏറെ ആയാൽ എൺപത്; അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അത് വേഗം തീരുകയും ഞങ്ങൾ പറന്നു പോകുകയും ചെയ്യുന്നു. അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങേയുടെ കോപത്തിന്‍റെ ശക്തിയെയും അങ്ങേയുടെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആര്‍? ഞങ്ങൾ ജ്ഞാനമുള്ള ഒരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോട് സഹതാപം തോന്നേണമേ. കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

സങ്കീർത്തനങ്ങൾ 90:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു. ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു. നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു. ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചുംപോകുന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു. ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു. ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു. നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ. യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

സങ്കീർത്തനങ്ങൾ 90:1-14 സമകാലിക മലയാളവിവർത്തനം (MCV)

കർത്താവേ, തലമുറതലമുറയായി അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു. പർവതങ്ങൾ ജനിക്കുന്നതിനും ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ, അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു. “മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്, അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു. ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു. പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു. രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു, എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു. അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു. അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു. ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു; ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു. ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം, കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ; എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ, അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു. അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക? അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ. ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ. യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? അവിടത്തെ സേവകരോട് കനിവു തോന്നണമേ. അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.