സങ്കീർത്തനങ്ങൾ 89:20-37
സങ്കീർത്തനങ്ങൾ 89:20-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല. ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകയ്ക്കുന്നവരെ സംഹരിക്കും, എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. അവന്റെ കൈയെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലംകൈയെ നദികളുടെമേലും നീട്ടുമാറാക്കും. അവൻ എന്നോട്: നീ എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും. ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന് എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന് സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽനിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനു ഭേദം വരുത്തുകയോ ചെയ്കയില്ല. ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കു പറകയില്ല. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
സങ്കീർത്തനങ്ങൾ 89:20-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി, വിശുദ്ധതൈലംകൊണ്ടു ഞാൻ അവനെ അഭിഷേകം ചെയ്തു. എന്റെ കരം എപ്പോഴും അവനോടൊത്ത് ഉണ്ടായിരിക്കും, എന്റെ ഭുജം അവനെ ശക്തനാക്കും. ശത്രു അവനെ തോല്പിക്കുകയില്ല; ദുഷ്ടൻ അവന്റെമേൽ വിജയം നേടുകയില്ല. ഞാൻ അവന്റെ ശത്രുക്കളെ അവന്റെ മുമ്പിൽ വച്ചു തകർക്കും. അവനെ ദ്വേഷിക്കുന്നവരെ ഞാൻ സംഹരിക്കും. എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അവന്റെ കൂടെ ഉണ്ടായിരിക്കും. ഞാൻ കൂടെയുള്ളതുകൊണ്ട് അവന്റെ ശക്തി വർധിക്കും. ഞാൻ അവന്റെ അധികാരം സമുദ്രത്തിന്മേലും നദികളിന്മേലും ഉറപ്പിക്കും.” അവിടുന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷാശൈലം, എന്ന് അവൻ എന്നോട് ഉച്ചത്തിൽ പറയും. ഞാൻ അവനെ എന്റെ ആദ്യജാതനും ഭൂമിയിലെ രാജാക്കന്മാരിൽ അത്യുന്നതനുമാക്കും. എന്റെ അചഞ്ചലസ്നേഹം ഞാനെന്നും അവനോടു കാണിക്കും. അവനോടുള്ള എന്റെ ഉടമ്പടി സുസ്ഥിരമായിരിക്കും. ഞാൻ അവന്റെ രാജവംശത്തെ ശാശ്വതമായി നിലനിർത്തും. അവന്റെ സന്തതികൾ ആകാശമുള്ളിടത്തോളം കാലം രാജാക്കന്മാരായിരിക്കും. അവന്റെ സന്തതി എന്റെ ധർമശാസ്ത്രം ഉപേക്ഷിക്കുകയും എന്റെ അനുശാസനം അനുസരിക്കാതിരിക്കുകയും എന്റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ ഞാൻ അവരുടെ അതിക്രമങ്ങൾക്ക് അവരെ വടികൊണ്ട് അടിക്കും. അവരുടെ അധർമങ്ങൾക്ക് അവരെ ചാട്ടവാറുകൊണ്ടു പ്രഹരിക്കും. എങ്കിലും എന്റെ അചഞ്ചലസ്നേഹം ഞാൻ അവരിൽനിന്നു പിൻവലിക്കുകയില്ല. ഞാൻ എന്നും അവനോടു വിശ്വസ്തത പുലർത്തും. ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയില്ല. എന്റെ വാഗ്ദാനത്തിൽനിന്നു പിൻമാറുകയില്ല. എന്റെ വിശുദ്ധനാമത്തെപ്രതി ഞാൻ എന്നേക്കുമായി ശപഥം ചെയ്തിരിക്കുന്നു. ദാവീദിനോടുള്ള എന്റെ വാഗ്ദാനം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല. അവന്റെ വംശം ശാശ്വതമായിരിക്കും അവന്റെ സിംഹാസനം സൂര്യനുള്ളിടത്തോളം കാലം നിലനില്‌ക്കും. ദാവീദിന്റെ രാജത്വം ചന്ദ്രനെപ്പോലെ നിലനില്‌ക്കും. ആകാശമുള്ളിടത്തോളം കാലം അതു സുസ്ഥിരമായിരിക്കും.
സങ്കീർത്തനങ്ങൾ 89:20-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു. എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. ശത്രു അവനെ തോല്പിക്കുകയില്ല; വഷളൻ അവനെ പീഡിപ്പിക്കുകയും ഇല്ല. ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ വെറുക്കുന്നവരെ സംഹരിക്കും, എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പ് ഉയർന്നിരിക്കും. അവന്‍റെ കൈ ഞാൻ സമുദ്രത്തിന്മേലും അവന്‍റെ വലങ്കൈ നദികളുടെമേലും നീട്ടുമാറാക്കും. അവൻ എന്നോട്: ‘അങ്ങ് എന്‍റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ’ എന്നിങ്ങനെ വിളിച്ചുപറയും. ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന് എന്‍റെ ദയ എന്നേക്കും കാണിക്കും; എന്റെ നിയമം അവനുവേണ്ടി സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്‍റെ വിധികൾ അനുസരിച്ചുനടക്കാതിരിക്കുകയും എന്‍റെ ചട്ടങ്ങൾ ലംഘിക്കുകയും എന്റെ കല്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. എങ്കിലും എന്‍റെ ദയ ഞാൻ അവനിൽ നിന്നു നീക്കിക്കളയുകയില്ല; എന്‍റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല. ഞാൻ എന്‍റെ നിയമം ലംഘിക്കുകയോ എന്‍റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന് മാറ്റം വരുത്തുകയോ ചെയ്യുകയില്ല. ഞാൻ ഒരിക്കൽ എന്‍റെ വിശുദ്ധിയിൽ സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാൻ ഭോഷ്കുപറയുകയില്ല. അവന്‍റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അത് ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും.” സേലാ.
സങ്കീർത്തനങ്ങൾ 89:20-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു. എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും. ശത്രു അവനെ തോല്പിക്കയില്ല; വഷളൻ അവനെ പീഡിപ്പിക്കയും ഇല്ല. ഞാൻ അവന്റെ വൈരികളെ അവന്റെ മുമ്പിൽ തകർക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും, എന്നാൽ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തിൽ അവന്റെ കൊമ്പു ഉയർന്നിരിക്കും. അവന്റെ കയ്യെ ഞാൻ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും. അവൻ എന്നോടു: നീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും. ഞാൻ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും. ഞാൻ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നില്ക്കും. ഞാൻ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിർത്തും. അവന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ ഞാൻ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദർശിക്കും. എങ്കിലും എന്റെ ദയയെ ഞാൻ അവങ്കൽ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല. ഞാൻ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല. ഞാൻ ഒരിക്കൽ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ ഭോഷ്കുപറകയില്ല. അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും. അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
സങ്കീർത്തനങ്ങൾ 89:20-37 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു. എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും; എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം. ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല; ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല. അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും. എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും. അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും. അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’ ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും, ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും. അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും, അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല. അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും, അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും. “അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ, അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ, ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും; എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല. ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല. എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല. അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും; അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും, ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” സേലാ.