സങ്കീർത്തനങ്ങൾ 78:21-33
സങ്കീർത്തനങ്ങൾ 78:21-33 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻകാറ്റ് വരുത്തി. അവൻ അവർക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായിത്തീർന്നു; അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
സങ്കീർത്തനങ്ങൾ 78:21-33 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇതു കേട്ടപ്പോൾ സർവേശ്വരൻ കോപിച്ചു. യാക്കോബിന്റെ സന്തതികളുടെമേൽ അവിടുത്തെ അഗ്നി ജ്വലിച്ചു. ഇസ്രായേൽജനത്തിനു നേരേ അവിടുത്തെ കോപം ഉയർന്നു. അവർ ദൈവത്തിൽ ശരണപ്പെടുകയോ, അവിടുന്നു രക്ഷിക്കാൻ ശക്തൻ എന്നു വിശ്വസിക്കുകയോ ചെയ്തില്ലല്ലോ. എന്നാൽ അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു, ആകാശത്തിന്റെ വാതിലുകൾ തുറന്നു. അവിടുന്ന് അവർക്കു ഭക്ഷിക്കാൻ മന്ന വർഷിച്ചു. സ്വർഗത്തിലെ ധാന്യംതന്നെ. അങ്ങനെ അവർ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു. അവിടുന്ന് അവർക്കു സമൃദ്ധമായി ഭക്ഷണം നല്‌കി. അവിടുന്ന് ആകാശത്ത് കിഴക്കൻ കാറ്റടിപ്പിച്ചു, തന്റെ ശക്തിയാൽ അവിടുന്നു തെക്കൻ കാറ്റിനെ ഇളക്കിവിട്ടു. അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും കടൽപ്പുറത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിച്ചു. അവിടുന്ന് അവയെ അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റും വർഷിച്ചു. അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയർ നിറഞ്ഞു. അവർ കൊതിച്ചത് അവിടുന്ന് അവർക്കു നല്‌കി. എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ, ഭക്ഷണം വായിലിരിക്കുമ്പോൾതന്നെ, ദൈവം അവരോടു കോപിച്ചു. അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു. ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ. ഇവയെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു. ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങൾ കണ്ടിട്ടും അവർ അവിടുത്തെ വിശ്വസിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ആയുസ്സിന്റെ നാളുകൾ, ഒരു ശ്വാസംപോലെ അവസാനിപ്പിച്ചു. അവരുടെ വർഷങ്ങൾ ഭീതികൊണ്ടു നിറച്ചു.
സങ്കീർത്തനങ്ങൾ 78:21-33 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ യഹോവ അത് കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവിന്‍റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു. മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു. അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
സങ്കീർത്തനങ്ങൾ 78:21-33 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
സങ്കീർത്തനങ്ങൾ 78:21-33 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു, അവർ ദൈവത്തിൽ വിശ്വസിക്കുകയോ അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ. എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു ആകാശത്തിന്റെ കവാടങ്ങൾ തുറന്നു; അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി. അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു. അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു. അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു. അവയെ അവരുടെ പാളയത്തിലേക്ക്, അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി. മതിയാകുവോളം അവർ ഭക്ഷിച്ചു; അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി. എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ, ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു. എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല. അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.