സങ്കീർത്തനങ്ങൾ 76:1-12

സങ്കീർത്തനങ്ങൾ 76:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു. അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. അവിടെവച്ച് അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ. ശാശ്വതപർവതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു. ധൈര്യശാലികളെ കൊള്ളയിട്ട് അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്ക് ആർക്കും കൈക്കരുത്തില്ലാതെപോയി. യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു. നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാവുന്നവൻ ആർ? സ്വർഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് അമർന്നിരുന്നു. സേലാ. മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും. നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കയും ചെയ്‍വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ. അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു.

സങ്കീർത്തനങ്ങൾ 76:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം യെഹൂദായിൽ പ്രസിദ്ധനാണ്; ഇസ്രായേലിൽ അവിടുത്തെ നാമം മഹത്ത്വപൂർണമാണ്. അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു. അവിടെവച്ച് അവിടുന്നു ശത്രുക്കളുടെ തീയമ്പുകളും വാളും പരിചയും മറ്റെല്ലാ ആയുധങ്ങളും തകർത്തുകളഞ്ഞു. ശാശ്വതശൈലങ്ങളെക്കാൾ അവിടുന്നു, മഹോന്നതനും മഹിമയുള്ളവനും ആകുന്നു. ധീരന്മാരുടെ സമ്പത്ത് കൊള്ളയടിച്ചു, അവർ എല്ലാവരും മരണമടഞ്ഞു. അവർക്ക് കൈ ഉയർത്താൻപോലും കഴിഞ്ഞില്ല. യാക്കോബിന്റെ ദൈവമേ, അങ്ങ് ശാസിച്ചപ്പോൾ കുതിരകളും തേരാളികളും പ്രജ്ഞയറ്റു വീണു. എല്ലാവരും അങ്ങയെ ഭയപ്പെടുന്നു, അവിടുത്തെ കോപം ജ്വലിച്ചാൽ തിരുമുമ്പിൽ നില്‌ക്കാൻ ആർക്കു കഴിയും? സ്വർഗത്തിൽനിന്ന് അവിടുന്നു വിധി പ്രസ്താവിച്ചു, ഭൂമി നടുങ്ങി വിറച്ചു. ദൈവം വിധി നടപ്പിലാക്കാൻ എഴുന്നേറ്റു, ഭൂമിയിലെ സകല പീഡിതരെയും രക്ഷിക്കാൻ തന്നെ. ദൈവമേ, മനുഷ്യന്റെ കോപവും അവിടുത്തേക്കു സ്തുതിയായി ഭവിക്കും. അവിടുത്തെ കോപത്തിൽനിന്നു രക്ഷപെടുന്നവർ അങ്ങയോടു ചേർന്നു നില്‌ക്കും. നിങ്ങളുടെ ദൈവമായ സർവേശ്വരനു നേർച്ചകൾ നേരുകയും നിറവേറ്റുകയും ചെയ്യുവിൻ. എല്ലാവരും ഭയപ്പെടുന്ന അങ്ങേക്ക്, ചുറ്റുമുള്ള രാജ്യങ്ങൾ കാഴ്ചകൾ കൊണ്ടുവരട്ടെ. അവിടുന്നു പ്രഭുക്കന്മാരുടെ ഗർവ് അടക്കും. ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്നു ഭീതിദനാണ്.

സങ്കീർത്തനങ്ങൾ 76:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. ദൈവത്തിന്‍റെ കൂടാരം ശാലേമിലും അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. ദൈവം അവിടെവച്ച് മിന്നുന്ന അമ്പുകളും, യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ. ശാശ്വതപർവ്വതങ്ങളെക്കാൾ അവിടുന്ന് തേജസ്സും മഹിമയും ഉള്ളവനാകുന്നു. ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. യാക്കോബിന്‍റെ ദൈവമേ, അങ്ങേയുടെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു. അങ്ങ് ഭയങ്കരനാകുന്നു; അങ്ങ് കോപിച്ചാൽ തിരുമുമ്പാകെ നില്‍ക്കാൻ കഴിയുന്നവൻ ആര്‍? സ്വർഗ്ഗത്തിൽനിന്ന് അങ്ങ് വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ. മനുഷ്യന്‍റെ ക്രോധം അങ്ങയെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം അവിടുന്ന് അരയ്ക്ക് കെട്ടും. നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; കർത്താവിന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ച കൊണ്ടുവരട്ടെ. ദൈവം പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവിടുന്ന് ഭയങ്കരനാകുന്നു.

സങ്കീർത്തനങ്ങൾ 76:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു. അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകർത്തുകളഞ്ഞു. സേലാ. ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു. ധൈര്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികൾക്കു ആർക്കും കൈക്കരുത്തില്ലാതെ പോയി. യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു. നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാകുന്നവൻ ആർ? സ്വർഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാൻ ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ടു അമർന്നിരുന്നു. സേലാ. മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും. നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവർത്തിക്കയും ചെയ്‌വിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ. അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്കു അവൻ ഭയങ്കരനാകുന്നു.

സങ്കീർത്തനങ്ങൾ 76:1-12 സമകാലിക മലയാളവിവർത്തനം (MCV)

ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്. അവിടത്തെ കൂടാരം ശാലേമിലും അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്. അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ. അവിടന്ന് പ്രഭാപൂരിതനാണ്, വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ. പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു. യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ, കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി. ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം. അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും? ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ. മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം, അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു. നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ. അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു. സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ.