സങ്കീർത്തനങ്ങൾ 71:15-24
സങ്കീർത്തനങ്ങൾ 71:15-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അദ്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളൂ? അനവധി കഷ്ടങ്ങളും അനർഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും. നീ എന്റെ മഹത്ത്വം വർധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും. ഞാൻ നിനക്കു സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്ക് അനർഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:15-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ നീതിപൂർവകവും രക്ഷാകരവുമായ പ്രവൃത്തികളെ ഞാൻ എപ്പോഴും വിവരിക്കും. അവ എന്റെ അറിവിന് അപ്രാപ്യംതന്നെ. ദൈവമായ സർവേശ്വരന്റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാൻ വരും. അവിടുത്തെ നീതിയെ മാത്രം ഞാൻ പ്രകീർത്തിക്കും. ദൈവമേ, ബാല്യംമുതൽ അവിടുന്നെന്നെ പഠിപ്പിച്ചു. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാനിപ്പോഴും പ്രഘോഷിക്കുന്നു. ദൈവമേ, വാർധക്യവും നരയും ബാധിച്ച എന്നെ ഉപേക്ഷിക്കരുതേ. അവിടുത്തെ പ്രഭാവവും ശക്തിയും വരുംതലമുറകളെ അറിയിക്കാൻ എനിക്കിടയാക്കണമേ! ദൈവമേ, അവിടുത്തെ നീതി അത്യുന്നതമായിരിക്കുന്നു. അവിടുന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു. ദൈവമേ, അങ്ങേക്കു തുല്യനായി ആരുമില്ലല്ലോ. കഠിനമായ കഷ്ടതകൾ അവിടുന്ന് എനിക്കു തന്നു, എങ്കിലും അവിടുന്ന് എനിക്കു വീണ്ടും നവജീവൻ നല്‌കും. പാതാളത്തിൽനിന്ന് അവിടുന്ന് എന്നെ കരകയറ്റും. അവിടുന്ന് എന്റെ മഹത്ത്വം വർധിപ്പിക്കുകയും എന്നെ വീണ്ടും ആശ്വസിപ്പിക്കുകയും ചെയ്യും. ഞാൻ വീണ മീട്ടി അവിടുത്തെ വിശ്വസ്തതയെ പ്രകീർത്തിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമേ, കിന്നരം മീട്ടി ഞാൻ അങ്ങേക്കു കീർത്തനം പാടും. ഞാൻ അങ്ങയെ പ്രകീർത്തിക്കുമ്പോൾ, ഞാൻ സർവാത്മനാ ആനന്ദംകൊണ്ട് ആർത്തുവിളിക്കും. അവിടുന്ന് എന്നെ രക്ഷിച്ചുവല്ലോ! അവിടുത്തെ നീതിപൂർവകമായ പ്രവൃത്തികൾ ഞാൻ നിരന്തരം ഘോഷിക്കും. എന്നെ ദ്രോഹിക്കാൻ നോക്കിയവർ ലജ്ജിതരും അപമാനിതരും ആയിത്തീർന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:15-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങേയോട് തുല്യൻ ആരാണുള്ളത്? അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. അങ്ങ് എന്‍റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്‍റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും. ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. എന്റെ നാവും ഇടവിടാതെ അങ്ങേയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:15-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു? അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും. നീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും. ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:15-24 സമകാലിക മലയാളവിവർത്തനം (MCV)
ദിവസംമുഴുവനും എന്റെ വായ് അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും— അവ എന്റെ അറിവിന് അതീതമാണല്ലോ. കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും; അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം. ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു, ഇന്നുവരെ ഞാൻ അവിടത്തെ അത്ഭുതപ്രവൃത്തികളെപ്പറ്റി വർണിക്കുന്നു. എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും. എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു. അങ്ങ് മഹത്കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവമേ, അങ്ങേക്കുതുല്യൻ ആരുള്ളൂ? ഒട്ടനവധി കഠിനയാതനകളിലൂടെ അവിടന്ന് എന്നെ നടത്തിയെങ്കിലും അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും; ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും. അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച് ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും. കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനേ, വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും. ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും. ദിവസംമുഴുവനും എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും, കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.