സങ്കീ. 71:15-24

സങ്കീ. 71:15-24 IRVMAL

എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. ദൈവമേ, എന്‍റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങേയോട് തുല്യൻ ആരാണുള്ളത്? അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. അങ്ങ് എന്‍റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. എന്‍റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്‍റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും. ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്‍റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. എന്‍റെ നാവും ഇടവിടാതെ അങ്ങേയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.