സങ്കീർത്തനങ്ങൾ 69:1-15

സങ്കീർത്തനങ്ങൾ 69:1-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു. എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ച് എന്റെ കണ്ണു മങ്ങിപ്പോകുന്നു. കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ച ചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, നീ എന്റെ ഭോഷത്തം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവയ്ക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. നിന്റെ നിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്ക് അന്യനും ആയിത്തീർന്നിരിക്കുന്നു. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണിരിക്കുന്നു. ഞാൻ കരഞ്ഞ് ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായിത്തീർന്നു; ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായിത്തീർന്നു. പട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ. ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ.

സങ്കീർത്തനങ്ങൾ 69:1-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, എന്നെ രക്ഷിക്കണമേ, വെള്ളം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. ആഴമുള്ള ചേറ്റിൽ ഞാൻ താഴുന്നു; ചുവടുറപ്പിക്കാൻ എനിക്കു കഴിയുന്നില്ല. കൊടുംകയത്തിൽ ഞാൻ പെട്ടിരിക്കുന്നു, വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകുന്നു; കരഞ്ഞുകരഞ്ഞു ഞാൻ തളരുന്നു. എന്റെ തൊണ്ട വരളുന്നു. ദൈവത്തെ കാത്തിരുന്ന് എന്റെ കണ്ണു മങ്ങുന്നു. കാരണം കൂടാതെ എന്നെ ദ്വേഷിക്കുന്നവർ, എന്റെ തലയിലെ രോമങ്ങളെക്കാൾ അധികം. എന്നെ നശിപ്പിക്കാൻ ഒരുങ്ങുന്നവർ പ്രബലരാണ്. അവർ എനിക്കെതിരെ വ്യാജം പറയുന്നു. ഞാൻ മോഷ്‍ടിക്കാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, എന്റെ അപരാധങ്ങൾ അങ്ങയിൽ നിന്നു മറഞ്ഞിരിക്കുന്നില്ല. എന്റെ ഭോഷത്തം അവിടുന്ന് അറിയുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, അങ്ങയിൽ പ്രത്യാശ വയ്‍ക്കുന്നവർ, എനിക്കുണ്ടാകുന്ന അപമാനം നിമിത്തം ലജ്ജിച്ചുപോകരുതേ. ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ ആരാധിക്കുന്നവർ, ഞാൻ നിന്ദിക്കപ്പെടുന്നതുമൂലം അപമാനിതരാകരുതേ. അങ്ങേക്കുവേണ്ടിയാണല്ലോ ഞാൻ നിന്ദ സഹിച്ചത്. ലജ്ജ എന്നെ പൊതിയുന്നു. എന്റെ സഹോദരന്മാർക്കു ഞാൻ അപരിചിതനും എന്റെ കൂടെപ്പിറപ്പുകൾക്കു ഞാൻ അന്യനുമായി തീർന്നിരിക്കുന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു. അങ്ങയെ നിന്ദിക്കുന്നവരുടെ വാക്കുകൾ എന്റെമേൽ പതിക്കുന്നു. ഉപവാസത്താൽ ഞാൻ എന്നെത്തന്നെ വിനയപ്പെടുത്തി. അതും എനിക്കു നിന്ദയ്‍ക്കു കാരണമായി. ഞാൻ വിലാപവസ്ത്രം ധരിച്ചു, ഞാൻ അവർക്ക് പഴഞ്ചൊല്ലായിത്തീർന്നു. ഞാൻ പട്ടണവാതില്‌ക്കലിരിക്കുന്നവരുടെ സംസാരവിഷയമാണ്. മദ്യപന്മാർ എന്നെക്കുറിച്ചു പാട്ടു ചമയ്‍ക്കുന്നു. എങ്കിലും സർവേശ്വരാ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. തിരുവുള്ളമുണ്ടാകുമ്പോൾ ഉത്തരമരുളണമേ. അവിടുത്തെ അളവറ്റ സ്നേഹത്താൽ എന്നെ രക്ഷിക്കണമേ. ചേറിൽ താണുപോകാതെ എന്നെ രക്ഷിക്കണമേ. ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ. ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കണമേ വെള്ളം എന്റെ മീതെ കവിഞ്ഞൊഴുകരുതേ! ആഴം എന്നെ മൂടരുതേ, പാതാളം എന്നെ വിഴുങ്ങരുതേ.

സങ്കീർത്തനങ്ങൾ 69:1-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു. എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്‍റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്‍റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു; എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്‍റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്‍റെ നിമിത്തം നാണിച്ചുപോകരുതേ. അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു. എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്‍റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണിരിക്കുന്നു. ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു; ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളണമേ. ചേറ്റിൽനിന്ന് എന്നെ കയറ്റണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ.

സങ്കീർത്തനങ്ങൾ 69:1-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു. എന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു. കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ. നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു. എന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു. നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു. ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു; ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു. പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു. ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.

സങ്കീർത്തനങ്ങൾ 69:1-15 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, എന്നെ രക്ഷിക്കണമേ, ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു. കാലുകൾ ഉറപ്പിക്കാനാകാത്ത ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു. സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. എന്റെ ദൈവത്തിനായി കാത്തിരുന്ന് എന്റെ കണ്ണുകൾ മങ്ങുന്നു. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാകുന്നു. ഞാൻ അപഹരിക്കാത്ത വസ്തുവകകൾ മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു. ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല. കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ. കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു. എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു; അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു. ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു; ഞാൻ ചാക്കുശീലധരിക്കുമ്പോൾ അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു. നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു. എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ. ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; എന്നെ വെറുക്കുന്നവരിൽനിന്നും ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ. ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ.