സങ്കീർത്തനങ്ങൾ 68:1-18
സങ്കീർത്തനങ്ങൾ 68:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകയ്ക്കുന്നവരും അവന്റെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു. പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിനു പാടുവിൻ, അവന്റെ നാമത്തിനു സ്തുതി പാടുവിൻ; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും. ദൈവമേ, നീ നിന്റെ ജനത്തിനു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി നടകൊണ്ടപ്പോൾ- സേലാ. ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. കർത്താവ് ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയൊരു ഗണമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവതം ദൈവത്തിന്റെ പർവതം ആകുന്നു; ബാശാൻപർവതം കൊടുമുടികളേറിയ പർവതം ആകുന്നു. കൊടുമുടികളേറിയ പർവതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവതത്തെ നിങ്ങൾ സ്പർധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിനു നീ മനുഷ്യരോടു, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 68:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എഴുന്നേല്‌ക്കണമേ, അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ, ദൈവത്തെ ദ്വേഷിക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ. കാറ്റിൽപ്പെട്ട പുകപോലെ അവർ പാറിപ്പോകട്ടെ. തീയുടെ മുമ്പിൽ മെഴുകെന്നപോലെ ദുഷ്ടർ തിരുമുമ്പിൽ നശിക്കട്ടെ. എന്നാൽ നീതിമാന്മാർ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയിൽ അവർ ആഹ്ലാദിക്കട്ടെ. അവർ ആനന്ദഭരിതരാകട്ടെ. ദൈവത്തിനു സ്തുതി പാടുവിൻ, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിൻ. മേഘങ്ങളിൽ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിൻ. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുവിൻ. വിശുദ്ധമന്ദിരത്തിൽ വസിക്കുന്ന ദൈവം, അനാഥർക്കു പിതാവും വിധവകൾക്കു സംരക്ഷകനും ആകുന്നു. ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു. അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു. എന്നാൽ, ദൈവത്തോടു മത്സരിക്കുന്നവർ വരണ്ട ഭൂമിയിൽ പാർക്കും. ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോൾ, മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പിൽ നടന്നപ്പോൾ, ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു, അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂർവസ്ഥിതിയിലാക്കി. അങ്ങയുടെ അജഗണം അവിടെ പാർത്തു. അവിടുത്തെ നന്മയാൽ എളിയവർക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി. സർവേശ്വരൻ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകൾ സുവാർത്ത അറിയിക്കുന്നു. രാജാക്കന്മാർ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നിങ്ങൾ ആടുകളുടെ ആലയിൽ ഒളിച്ചിരിക്കുന്നുവോ? വീടുകളിലുള്ള സ്‍ത്രീകൾ കവർച്ചമുതൽ പങ്കിടുന്നു. ഇതാ, വെള്ളിച്ചിറകുകളും പൊൻതൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങൾ. സർവശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോൻമലയിൽ ഹിമം പെയ്തു. ഉത്തുംഗമായ ബാശാൻപർവതമേ, നിരവധി കൊടുമുടികളുള്ള പർവതമേ; ദൈവം വസിക്കാൻ തിരഞ്ഞെടുത്ത പർവതത്തെ; നീ എന്തിന് അസൂയയോടെ നോക്കുന്നു? സർവേശ്വരൻ അവിടെ എന്നേക്കും വസിക്കും. ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ; സർവേശ്വരൻ സീനായിയിൽനിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു. അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരിൽനിന്ന്, അങ്ങയോടു മത്സരിച്ചവരിൽ നിന്നുപോലും കാഴ്ചകൾ സ്വീകരിച്ചു. ദൈവമായ സർവേശ്വരൻ അവിടെ വസിക്കും
സങ്കീർത്തനങ്ങൾ 68:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ദൈവം എഴുന്നേല്ക്കുമ്പോൾ അങ്ങേയുടെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവിടുത്തെ വെറുക്കുന്നവരും തിരുമുമ്പിൽനിന്ന് ഓടിപ്പോകുന്നു. പുക പാറിപ്പോകുന്നതുപോലെ അവിടുന്ന് അവരെ പാറിക്കുന്നു; തീയിൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ച് ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിന് പാടുവിൻ, തിരുനാമത്തിന് സ്തുതിപാടുവിൻ; മരുഭൂമിയിൽക്കൂടി മുകളിലേക്ക് കയറി വരുന്നവന് വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവിടുത്തെ നാമം; തിരുമുമ്പിൽ ഉല്ലസിക്കുവിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്ക് പിതാവും വിധവമാർക്ക് സഹായകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവിടുന്ന് ബദ്ധന്മാരെ വിടുവിച്ച് സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്ത് വസിക്കും. ദൈവമേ, അങ്ങ് അങ്ങേയുടെ ജനത്തിന് മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി എഴുന്നെള്ളിയപ്പോൾ - സേലാ - ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ മഴ ചൊരിഞ്ഞു. ഈ സീനായി, യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, അവിടുന്ന് ധാരാളം മഴ പെയ്യിച്ച് ക്ഷീണിച്ചിരുന്ന അങ്ങേയുടെ അവകാശത്തെ തണുപ്പിച്ചു. അങ്ങേയുടെ ജനമായ ആട്ടിൻകൂട്ടം അതിൽ വസിച്ചു; ദൈവമേ, അങ്ങേയുടെ ദയയാൽ അവിടുന്ന് അത് എളിയവർക്കുവേണ്ടി ഒരുക്കിവച്ചു. കർത്താവ് ആജ്ഞ കൊടുക്കുന്നു; അത് വിളംബരം ചെയ്യുന്നവർ വലിയോരു കൂട്ടമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, അതെ അവർ ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടന്നാലും പ്രാവിന്‍റെ ചിറക് വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻപർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിക്കുവാൻ ഇച്ഛിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടി കോടിയുമാകുന്നു; കർത്താവ് അവരുടെ ഇടയിൽ, സീനായി പര്‍വ്വതത്തിലെ, വിശുദ്ധമന്ദിരത്തിൽ തന്നെ ഉണ്ട്. അവിടുന്ന് ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന് അങ്ങ് മനുഷ്യരോട്, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 68:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു. പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു. എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും. ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു. ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും. ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ - ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി. ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു. നിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു. കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു. സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു. നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു. സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു. ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു. കൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും. ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ. നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 68:1-18 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ. പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ— അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ. എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ; അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ. ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം. ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു. ദൈവം ആലംബഹീനരെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു, അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു; എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു. ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ, അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ. സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു; വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി. അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു, ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി. കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു, അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്: “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു; വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു. നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ, എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.” സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു. ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ, ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ, ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ, അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ? ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടിക്കോടിയും ആകുന്നു; യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു. യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി ആരോഹണംചെയ്തപ്പോൾ, അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി; അങ്ങ് മനുഷ്യരിൽനിന്ന്, മത്സരികളിൽനിന്നുപോലും കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു.