ദൈവമേ, എഴുന്നേല്‌ക്കണമേ, അവിടുത്തെ ശത്രുക്കൾ ചിതറിപ്പോകട്ടെ, ദൈവത്തെ ദ്വേഷിക്കുന്നവർ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ. കാറ്റിൽപ്പെട്ട പുകപോലെ അവർ പാറിപ്പോകട്ടെ. തീയുടെ മുമ്പിൽ മെഴുകെന്നപോലെ ദുഷ്ടർ തിരുമുമ്പിൽ നശിക്കട്ടെ. എന്നാൽ നീതിമാന്മാർ സന്തോഷിക്കട്ടെ, അവിടുത്തെ സന്നിധിയിൽ അവർ ആഹ്ലാദിക്കട്ടെ. അവർ ആനന്ദഭരിതരാകട്ടെ. ദൈവത്തിനു സ്തുതി പാടുവിൻ, തിരുനാമത്തിനു സ്തുതിഗീതം ആലപിക്കുവിൻ. മേഘങ്ങളിൽ സഞ്ചരിക്കുന്നവന്, സ്തോത്രഗീതം ആലപിക്കുവിൻ. സർവേശ്വരൻ എന്നാണ് അവിടുത്തെ നാമം, അവിടുത്തെ സന്നിധിയിൽ ആനന്ദിക്കുവിൻ. വിശുദ്ധമന്ദിരത്തിൽ വസിക്കുന്ന ദൈവം, അനാഥർക്കു പിതാവും വിധവകൾക്കു സംരക്ഷകനും ആകുന്നു. ഏകാകിക്ക് അവിടുന്നു കുടുംബം നല്‌കുന്നു. അവിടുന്നു ബന്ദികളെ സ്വതന്ത്രരാക്കി ഐശ്വര്യത്തിലേക്കു നയിക്കുന്നു. എന്നാൽ, ദൈവത്തോടു മത്സരിക്കുന്നവർ വരണ്ട ഭൂമിയിൽ പാർക്കും. ദൈവമേ, അവിടുത്തെ ജനത്തെ അങ്ങു നയിച്ചപ്പോൾ, മരുഭൂമിയിലൂടെ അങ്ങ് അവരുടെ മുമ്പിൽ നടന്നപ്പോൾ, ഇസ്രായേലിന്റെ ദൈവത്തിന്റെ സന്നിധിയിൽ, സീനായിയിലെ ദൈവത്തിന്റെ സാന്നിധ്യത്തിൽതന്നെ, ഭൂമി കുലുങ്ങി, ആകാശം മഴ ചൊരിഞ്ഞു. ദൈവമേ, അങ്ങു സമൃദ്ധമായി മഴ പെയ്യിച്ചു, അങ്ങയുടെ വാടിക്കരിഞ്ഞ ദേശത്തെ അവിടുന്നു പൂർവസ്ഥിതിയിലാക്കി. അങ്ങയുടെ അജഗണം അവിടെ പാർത്തു. അവിടുത്തെ നന്മയാൽ എളിയവർക്കു വേണ്ടതെല്ലാം അവിടുന്നു നല്‌കി. സർവേശ്വരൻ കല്പന നല്‌കുന്നു. വലിയൊരു ഗണം സ്‍ത്രീകൾ സുവാർത്ത അറിയിക്കുന്നു. രാജാക്കന്മാർ സൈന്യങ്ങളോടൊപ്പം പലായനം ചെയ്യുന്നു. നിങ്ങൾ ആടുകളുടെ ആലയിൽ ഒളിച്ചിരിക്കുന്നുവോ? വീടുകളിലുള്ള സ്‍ത്രീകൾ കവർച്ചമുതൽ പങ്കിടുന്നു. ഇതാ, വെള്ളിച്ചിറകുകളും പൊൻതൂവലുകളുമുള്ള പ്രാവുകളുടെ രൂപങ്ങൾ. സർവശക്തനായ ദൈവം രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോൻമലയിൽ ഹിമം പെയ്തു. ഉത്തുംഗമായ ബാശാൻപർവതമേ, നിരവധി കൊടുമുടികളുള്ള പർവതമേ; ദൈവം വസിക്കാൻ തിരഞ്ഞെടുത്ത പർവതത്തെ; നീ എന്തിന് അസൂയയോടെ നോക്കുന്നു? സർവേശ്വരൻ അവിടെ എന്നേക്കും വസിക്കും. ശക്തിയേറിയ ബഹുസഹസ്രം രഥങ്ങളോടുകൂടെ; സർവേശ്വരൻ സീനായിയിൽനിന്ന് വിശുദ്ധസ്ഥലത്തേക്കു വന്നു. അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു കയറി ബന്ദികളെ അവിടുന്നു കൂടെ കൊണ്ടുപോയി. അവിടുന്നു മനുഷ്യരിൽനിന്ന്, അങ്ങയോടു മത്സരിച്ചവരിൽ നിന്നുപോലും കാഴ്ചകൾ സ്വീകരിച്ചു. ദൈവമായ സർവേശ്വരൻ അവിടെ വസിക്കും
SAM 68 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: SAM 68:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ