സങ്കീർത്തനങ്ങൾ 5:7-12
സങ്കീർത്തനങ്ങൾ 5:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ. അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും. യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.
സങ്കീർത്തനങ്ങൾ 5:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും. സർവേശ്വരാ, എന്റെ ശത്രുക്കൾ നിരവധിയാണല്ലോ, എന്നെ നീതിയുടെ പാതയിൽ നയിക്കണമേ. അവിടുത്തെ നേർവഴി എനിക്കു കാണിച്ചുതരണമേ. അവരുടെ അധരത്തിൽ സത്യത്തിനു സ്ഥാനമില്ല. അവരുടെ അന്തരംഗം നാശകൂപം അവരുടെ തൊണ്ട തുറന്ന ശവക്കുഴി. അവരുടെ നാവിൽ മുഖസ്തുതി കളിയാടുന്നു. ദൈവമേ, അവരുടെ കുറ്റങ്ങൾക്കു ശിക്ഷ നല്‌കണമേ, സ്വന്തം ഉപായങ്ങളിൽത്തന്നെ അവർ വീഴട്ടെ. അവരുടെ അകൃത്യങ്ങളുടെ ആധിക്യത്താൽ അവരെ തുരത്തണമേ. അങ്ങയെ അവർ ധിക്കരിച്ചിരിക്കുന്നുവല്ലോ. അങ്ങയിൽ അഭയംതേടുന്നവർ ആനന്ദിക്കട്ടെ. അവർ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്ന് അവരെ കാത്തുകൊള്ളണമേ, അങ്ങയെ സ്നേഹിച്ചവർ സന്തോഷിക്കട്ടെ. പരമനാഥാ, നീതിമാന്മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു. പരിചകൊണ്ടെന്നപോലെ തിരുസ്നേഹത്താൽ അവിടുന്ന് അവരെ സംരക്ഷിക്കും.
സങ്കീർത്തനങ്ങൾ 5:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്‍റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ. അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു; നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു. ദൈവമേ അവരെ കുറ്റം വിധിക്കണമേ; അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ; അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്. എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും; യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.
സങ്കീർത്തനങ്ങൾ 5:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ. അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു. ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നേ അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവർ മത്സരിച്ചിരിക്കുന്നതു. എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും; യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും
സങ്കീർത്തനങ്ങൾ 5:7-12 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ. അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; അവരുടെ ഹൃദയം നാശകൂപംതന്നെ. അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; നാവിനാലവർ മുഖസ്തുതിയുരുവിടുന്നു. അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ. എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ. യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ.