സങ്കീ. 5
5
മാർഗ്ഗനിർദേശത്തിനായുള്ള പ്രാർത്ഥന
സംഗീതപ്രമാണിക്ക് വേണുനാദത്തോടെ ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, എന്റെ വാക്കുകൾ കേൾക്കേണമേ;
എന്റെ ധ്യാനം ശ്രദ്ധിക്കേണമേ;
2എന്റെ രാജാവും എന്റെ ദൈവവുമേ,
എന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കേണമേ;
അങ്ങയോടല്ലോ ഞാൻ പ്രാർത്ഥിക്കുന്നത്.
3യഹോവേ, രാവിലെ എന്റെ പ്രാർത്ഥന കേൾക്കേണമേ;
രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു#5:3 രാവിലെ ഞാൻ അങ്ങേയ്ക്കായി യാചന ഒരുക്കി കാത്തിരിക്കുന്നു രാവിലെ ഞാൻ യാഗം ഒരുക്കുന്നു.
4അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല;
ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല.
5അഹങ്കാരികൾ തിരുസന്നിധിയിൽ നില്ക്കുകയില്ല;
നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു.
6വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും;
രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു;
7ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു
അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും.
8യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ;
എന്റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.
9അവരുടെ വായിൽ ഒട്ടും നേരില്ല;
അവരുടെ അന്തരംഗം നാശകൂപം തന്നെ;
അവരുടെ തൊണ്ട തുറന്ന ശവക്കുഴി പോലെയാകുന്നു;
നാവുകൊണ്ട് അവർ മധുരവാക്കു പറയുന്നു.
10ദൈവമേ അവരെ കുറ്റം വിധിക്കണമേ;
അവരുടെ ആലോചനകളാൽ തന്നെ അവർ വീഴട്ടെ;
അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയണമേ;
അങ്ങയോടല്ലോ അവർ മത്സരിച്ചിരിക്കുന്നത്.
11എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും;
അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും;
തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും;
12യഹോവേ, അവിടുന്ന് നീതിമാനെ അനുഗ്രഹിക്കും;
പരിചകൊണ്ടെന്നപോലെ അവിടുന്ന് ദയകൊണ്ട് അവനെ മറയ്ക്കും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
സങ്കീ. 5: IRVMAL
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
MAL-IRV
Creative Commons License
Indian Revised Version (IRV) - Malayalam (ഇന്ത്യന് റിവൈസ്ഡ് വേര്ഷന് - മലയാളം), 2019 by Bridge Connectivity Solutions Pvt. Ltd. is licensed under a Creative Commons Attribution-ShareAlike 4.0 International License. This resource is published originally on VachanOnline, a premier Scripture Engagement digital platform for Indian and South Asian Languages and made available to users via vachanonline.com website and the companion VachanGo mobile app.