സങ്കീർത്തനങ്ങൾ 35:19-28

സങ്കീർത്തനങ്ങൾ 35:19-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വെറുതേ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവർ കണ്ണിമയ്ക്കയുമരുതേ. അവർ സമാധാനവാക്ക് സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരേ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. അവർ എന്റെ നേരേ വായ് പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു. യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ. എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്ന് എന്റെ ന്യായത്തിനും വ്യവഹാരത്തിനും ജാഗരിക്കേണമേ. എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ. എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരേ വമ്പു പറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്റെ നാവ് നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണിക്കും.

സങ്കീർത്തനങ്ങൾ 35:19-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അകാരണമായി എന്നെ ദ്വേഷിച്ചവർ; എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ. കാരണം കൂടാതെ എന്നെ വെറുക്കുന്നവർ എന്നെ പരിഹസിക്കരുതേ. അവർക്കു സമാധാനം ആവശ്യമില്ല; ശാന്തരായി കഴിയുന്നവർക്കെതിരെ അവർ വഞ്ചന നിരൂപിക്കും. ‘ആഹാ, നീ ചെയ്തതു ഞങ്ങൾ കണ്ടല്ലോ,’ എന്നവർ പരിഹാസത്തോടെ വിളിച്ചുകൂകും. എന്നാൽ സർവേശ്വരാ, അവിടുന്നെല്ലാം കാണുന്നുവല്ലോ. അങ്ങു മൗനമായിരിക്കരുതേ; നാഥാ, എന്നിൽനിന്ന് അകന്നിരിക്കരുതേ! എന്റെ ദൈവമായ സർവേശ്വരാ, ഉണർന്നെഴുന്നേല്‌ക്കണമേ; എനിക്കു നീതിയും ന്യായവും നടത്തിത്തരണമേ, അവിടുന്നു നീതിമാനാണല്ലോ, എനിക്കു നീതി നടത്തിത്തന്നാലും; അവർ എന്നെക്കുറിച്ചു സന്തോഷിക്കാൻ ഇടയാക്കരുതേ. ‘ഞങ്ങൾ ആഗ്രഹിച്ചതു നടന്നല്ലോ; ഞങ്ങൾ അവന്റെ ഉന്മൂലനാശം വരുത്തിയല്ലോ’ എന്ന് അവർ പറയാതിരിക്കട്ടെ. എന്റെ അനർഥത്തിൽ സന്തോഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിക്കട്ടെ. എനിക്കെതിരെ വീമ്പിളക്കിയവർ, ലജ്ജിതരും അപമാനിതരും ആകട്ടെ. എനിക്കു നീതി ലഭിക്കാൻ ആഗ്രഹിച്ചവർ ആർപ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്റെ ശ്രേയസ്സിൽ സന്തോഷിക്കുന്ന സർവേശ്വരൻ എത്ര വലിയവൻ’ എന്ന് അവർ എപ്പോഴും പറയട്ടെ. അവിടുത്തെ നീതിയും സ്തുതിയും ഞാൻ രാപ്പകൽ ഘോഷിക്കും.

സങ്കീർത്തനങ്ങൾ 35:19-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. അവർ എന്‍റെ നേരെ വായ് പിളർന്നു: “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു. യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോട് അകന്നിരിക്കരുതേ, എന്‍റെ ദൈവവും എന്‍റെ കർത്താവുമായുള്ള യഹോവേ, ഉണർന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കേണമേ. എന്‍റെ ദൈവമായ യഹോവേ, അവിടുത്തെ നീതിനിമിത്തം എനിക്ക് ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്നു പറയരുതേ; “ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു” എന്നും പറയരുതേ. എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്‍റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ അങ്ങേയുടെ സ്തുതിയെയും വർണ്ണിക്കും.

സങ്കീർത്തനങ്ങൾ 35:19-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വെറുതെ എനിക്കു ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവർ കണ്ണിമെക്കയുമരുതേ. അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. അവർ എന്റെ നേരെ വായ്പിളർന്നു: നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു. യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോടകന്നിരിക്കരുതേ, എന്റെ ദൈവവും എന്റെ കർത്താവുമായുള്ളോവേ, ഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ. എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ. അവർ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ. എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. എന്റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; തന്റെ ദാസന്റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വർണ്ണിക്കും.

സങ്കീർത്തനങ്ങൾ 35:19-28 സമകാലിക മലയാളവിവർത്തനം (MCV)

അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ; അകാരണമായി എന്നെ വെറുക്കുന്നവർക്ക് എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ. അവർ സമാധാനപരമായി സംസാരിക്കുന്നില്ല, ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു. അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു “ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു. യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ. ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ! എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ. എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ; അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ. “ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ. എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ. എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ; “തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ, യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ. എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, ദിവസംമുഴുവനും അവിടത്തെ സ്തുതിയും. സംഗീതസംവിധായകന്.