സങ്കീ. 35:19-28

സങ്കീ. 35:19-28 IRVMAL

വെറുതെ എനിക്ക് ശത്രുക്കളായവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകക്കുന്നവർ പരിഹാസത്തോടെ കണ്ണിമയ്ക്കുകയും അരുതേ. അവർ സമാധാനവാക്കുകൾ സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു. അവർ എന്‍റെ നേരെ വായ് പിളർന്നു: “നന്നായി, ഞങ്ങൾ സ്വന്തകണ്ണാൽ കണ്ടു” എന്നു പറഞ്ഞു. യഹോവേ, അവിടുന്ന് കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കർത്താവേ, എന്നോട് അകന്നിരിക്കരുതേ, എന്‍റെ ദൈവവും എന്‍റെ കർത്താവുമായുള്ള യഹോവേ, ഉണർന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും വേണ്ടി ജാഗരിക്കേണമേ. എന്‍റെ ദൈവമായ യഹോവേ, അവിടുത്തെ നീതിനിമിത്തം എനിക്ക് ന്യായം പാലിച്ചുതരേണമേ; അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ. അവർ അവരുടെ ഹൃദയത്തിൽ: “നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു” എന്നു പറയരുതേ; “ഞങ്ങൾ അവനെ തകര്‍ത്തുകളഞ്ഞു” എന്നും പറയരുതേ. എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ എല്ലാം ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ നേരെ വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ. എന്‍റെ നീതിയിൽ പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ; “തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവൻ” എന്നിങ്ങനെ അവർ എപ്പോഴും പറയട്ടെ. എന്‍റെ നാവ് അവിടുത്തെ നീതിയെയും ദിവസം മുഴുവൻ അങ്ങേയുടെ സ്തുതിയെയും വർണ്ണിക്കും.