സങ്കീർത്തനങ്ങൾ 30:8-12
സങ്കീർത്തനങ്ങൾ 30:8-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 30:8-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിച്ചു; അവിടുത്തെ കരുണയ്‍ക്കായി യാചിച്ചു. ഞാൻ മരണഗർത്തത്തിൽ പതിക്കുന്നതു കൊണ്ട് അങ്ങേക്കെന്തു നേട്ടം? മണ്ണിൽ മറഞ്ഞ മൃതന്മാർ അങ്ങയെ സ്തുതിക്കുമോ? അവിടുത്തെ വിശ്വസ്തതയെ അവർ പ്രഘോഷിക്കുമോ? സർവേശ്വരാ, എന്റെ യാചന കേൾക്കണമേ; എന്നോടു കരുണയുണ്ടാകണമേ; അവിടുന്ന് എനിക്ക് തുണയായിരിക്കണമേ. എന്റെ വിലാപത്തെ അങ്ങ് ആനന്ദനൃത്തമാക്കിത്തീർത്തു; എന്റെ വിലാപവസ്ത്രം മാറ്റി എന്നെ ആമോദം അണിയിച്ചു. അതുകൊണ്ടു ഞാൻ മൗനമായിരിക്കാതെ അങ്ങയെ സ്തുതിക്കും. എന്റെ ദൈവമായ സർവേശ്വരാ, ഞാൻ എന്നും അങ്ങേക്കു സ്തോത്രം അർപ്പിക്കും.
സങ്കീർത്തനങ്ങൾ 30:8-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, ഞാൻ അങ്ങേയോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അങ്ങേയുടെ സത്യം പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോട് കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. അവിടുന്ന് എന്‍റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; അവിടുന്ന് എന്‍റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു; ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 30:8-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു. ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ? യഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ. നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു. ഞാൻ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 30:8-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു: “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ? യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്നെ സഹായിക്കണമേ.” അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു, എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും. സംഗീതസംവിധായകന്.