സങ്കീർത്തനങ്ങൾ 25:8-15
സങ്കീർത്തനങ്ങൾ 25:8-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവൻ പാപികളെ നേർവഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. യഹോവേ, എന്റെ അകൃത്യം വലിയത്; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവനു കാണിച്ചുകൊടുക്കും. അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും.
സങ്കീർത്തനങ്ങൾ 25:8-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ നല്ലവനും നീതിമാനും ആണ്. അവിടുന്നു പാപികൾക്കു നേർവഴി കാട്ടുന്നു. എളിയവരെ അവിടുന്നു നീതിമാർഗത്തിൽ നയിക്കുന്നു; അവിടുത്തെ വഴി അവരെ പഠിപ്പിക്കുന്നു. സർവേശ്വരന്റെ ഉടമ്പടിയും കല്പനകളും പാലിക്കുന്നവരെ സുസ്ഥിരസ്നേഹത്തിലും സത്യത്തിലും അവിടുന്നു വഴിനടത്തും. സർവേശ്വരാ, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്റെ ബഹുലമായ പാപങ്ങൾ ക്ഷമിക്കണമേ. സർവേശ്വരനോടു ഭയഭക്തിയുള്ളവൻ ചരിക്കേണ്ട പാത അവിടുന്ന് അവനു കാണിച്ചുകൊടുക്കും. അവൻ ഐശ്വര്യത്തോടെ വസിക്കും; അവന്റെ സന്തതി ദേശം സ്വന്തമാക്കും. സർവേശ്വരൻ തന്റെ ഭക്തന്മാരോടു സൗഹൃദം കാണിക്കുന്നു. അവിടുത്തെ ഉടമ്പടി അവർക്കു വെളിപ്പെടുത്തുന്നു. സർവേശ്വരനെ ഞാൻ എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു; അവിടുന്നെന്റെ കാലുകളെ കെണിയിൽ നിന്നു വിടുവിക്കുന്നു.
സങ്കീർത്തനങ്ങൾ 25:8-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവിടുന്ന് പാപികളെ നേർവഴി പഠിപ്പിക്കുന്നു. സൗമ്യതയുള്ളവരെ അവിടുന്ന് ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക് അവിടുത്തെ വഴികളെല്ലാം ദയയും സത്യവും ആകുന്നു. യഹോവേ, എന്റെ അകൃത്യം വലിയത്; തിരുനാമംനിമിത്തം അത് ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആര്‍? അവൻ തിരഞ്ഞെടുക്കേണ്ട വഴി കർത്താവ് അവന് കാണിച്ചുകൊടുക്കും. അവൻ മനോസുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശം അവകാശമാക്കും. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും; അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; കർത്താവ് എന്‍റെ കാലുകളെ വലയിൽനിന്ന് വിടുവിക്കും.
സങ്കീർത്തനങ്ങൾ 25:8-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവൻ പാപികളെ നേർവ്വഴി കാണിക്കുന്നു. സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവർക്കു തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു. യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്കു അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു. യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ. യഹോവാഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവന്നു കാണിച്ചുകൊടുക്കും. അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു. എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവൻ എന്റെ കാലുകളെ വലയിൽനിന്നു വിടുവിക്കും.
സങ്കീർത്തനങ്ങൾ 25:8-15 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു; അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു. വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു തന്റെ വഴി അവരെ പഠിപ്പിക്കുന്നു. അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു. എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ. യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്? അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും. അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും. യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു. എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.