സങ്കീർത്തനങ്ങൾ 25

25
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, നിങ്കലേക്കു ഞാൻ മനസ്സ് ഉയർത്തുന്നു;
2എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു;
ഞാൻ ലജ്ജിച്ചുപോകരുതേ;
എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
3നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല;
വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
4യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ;
നിന്റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ!
5നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ;
നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ;
ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവയ്ക്കുന്നു.
6യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ;
അവ പണ്ടുപണ്ടേയുള്ളവയല്ലോ.
7എന്റെ ബാല്യത്തിലെ പാപങ്ങളെയും
എന്റെ ലംഘനങ്ങളെയും ഓർക്കരുതേ;
യഹോവേ, നിന്റെ കൃപപ്രകാരം
നിന്റെ ദയ നിമിത്തം എന്നെ ഓർക്കേണമേ.
8യഹോവ നല്ലവനും നേരുള്ളവനും ആകുന്നു.
അതുകൊണ്ട് അവൻ പാപികളെ നേർവഴി കാണിക്കുന്നു.
9സൗമ്യതയുള്ളവരെ അവൻ ന്യായത്തിൽ നടത്തുന്നു;
സൗമ്യതയുള്ളവർക്ക് തന്റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.
10യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവർക്ക്
അവന്റെ പാതകളൊക്കെയും ദയയും
സത്യവും ആകുന്നു.
11യഹോവേ, എന്റെ അകൃത്യം വലിയത്;
നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
12യഹോവാഭക്തനായ പുരുഷൻ ആർ?
അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താൻ അവനു കാണിച്ചുകൊടുക്കും.
13അവൻ സുഖത്തോടെ വസിക്കും;
അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
14യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്ക് ഉണ്ടാകും;
അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
15എന്റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു;
അവൻ എന്റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും.
16എങ്കലേക്കു തിരിഞ്ഞ് എന്നോടു
കരുണയുണ്ടാകേണമേ;
ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
17എനിക്കു മനഃപീഡകൾ വർധിച്ചിരിക്കുന്നു;
എന്റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.
18എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ;
എന്റെ സകല പാപങ്ങളും ക്ഷമിക്കേണമേ.
19എന്റെ ശത്രുക്കളെ നോക്കേണമേ; അവർ പെരുകിയിരിക്കുന്നു;
അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
20എന്റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ;
നിന്നെ ശരണമാക്കിയിരിക്കയാൽ ഞാൻ ലജ്ജിച്ചുപോകരുതേ.
21നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ;
ഞാൻ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.
22ദൈവമേ, യിസ്രായേലിനെ അവന്റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

സങ്കീർത്തനങ്ങൾ 25: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക

സങ്കീർത്തനങ്ങൾ 25 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു