സങ്കീർത്തനങ്ങൾ 25:1-5
സങ്കീർത്തനങ്ങൾ 25:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിങ്കലേക്കു ഞാൻ മനസ്സ് ഉയർത്തുന്നു; എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്‍റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവയ്ക്കുന്നു.
സങ്കീർത്തനങ്ങൾ 25:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാൻ അങ്ങയെ ആരാധിക്കുന്നു; ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു. എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. ലജ്ജിതനാകാൻ എനിക്ക് ഇടവരരുതേ; എന്റെമേൽ ജയഘോഷംകൊള്ളാൻ ശത്രുക്കൾക്ക് ഇട കൊടുക്കരുതേ. അങ്ങയിൽ പ്രത്യാശവയ്‍ക്കുന്നവർ നിരാശരാകാതിരിക്കട്ടെ. അകാരണമായി ദ്രോഹിക്കുന്നവർ അപമാനിതരാകും. അവിടുത്തെ വഴികൾ എന്നെ പഠിപ്പിക്കണമേ. അവിടുത്തെ മാർഗങ്ങൾ എനിക്കു മനസ്സിലാക്കിത്തരണമേ. അവിടുത്തെ സത്യത്തിൽ വഴിനടക്കാൻ എന്നെ പഠിപ്പിച്ചാലും; അവിടുന്ന് എന്റെ രക്ഷകനായ ദൈവമാണല്ലോ; ഞാൻ എപ്പോഴും അങ്ങയിൽ ശരണപ്പെടുന്നു.
സങ്കീർത്തനങ്ങൾ 25:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, അങ്ങയിലേക്ക് ഞാൻ മനസ്സ് ഉയർത്തുന്നു; എന്റെ ദൈവമേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചുപോകരുതേ; എന്‍റെ ശത്രുക്കൾ എന്‍റെ മേൽ ജയം ഘോഷിക്കരുതേ. അങ്ങേയ്ക്കായി കാത്തിരിക്കുന്ന ഒരുവനും ലജ്ജിച്ചു പോകുകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. യഹോവേ, അങ്ങേയുടെ വഴികൾ എന്നെ അറിയിക്കേണമേ; അങ്ങേയുടെ പാതകൾ എനിക്ക് ഉപദേശിച്ചു തരേണമേ! അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കണമേ; അവിടുന്ന് എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
സങ്കീർത്തനങ്ങൾ 25:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു; എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ. നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും. യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.
സങ്കീർത്തനങ്ങൾ 25:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു. എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ. അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും ഒരിക്കലും ലജ്ജിച്ചുപോകുകയില്ല, എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ ലജ്ജിതരായിത്തീരട്ടെ. യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ, അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ. അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ, കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം, ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.