സങ്കീർത്തനങ്ങൾ 22:14-24
സങ്കീർത്തനങ്ങൾ 22:14-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവേ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. എന്റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. വാളിങ്കൽനിന്ന് എന്റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും: സഭാമധ്യേ ഞാൻ നിന്നെ സ്തുതിക്കും. യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ. അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തത്.
സങ്കീർത്തനങ്ങൾ 22:14-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു, എന്റെ അസ്ഥികൾ ഉലഞ്ഞിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു. എന്റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. മരണത്തിന്റെ പൂഴിയിൽ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു. ദുഷ്ടന്മാരുടെ കൂട്ടം നായ്‍ക്കളെപ്പോലെ എന്നെ വളഞ്ഞു; അവർ എന്റെ കൈകാലുകൾ കടിച്ചുകീറി. എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാവുന്ന വിധത്തിലായി; എന്റെ ശത്രുക്കൾ എന്നെ തുറിച്ചുനോക്കുന്നു. എന്റെ വസ്ത്രങ്ങൾ അവർ പങ്കിടുന്നു, അങ്കിക്കായി അവർ ചീട്ടിടുന്നു. സർവേശ്വരാ, അവിടുന്ന് എന്നിൽനിന്ന് അകന്നു പോകരുതേ; എനിക്കു തുണയരുളുന്ന നാഥാ, സഹായിക്കാൻ വേഗം വരണമേ. ശത്രുക്കളുടെ വാളിൽനിന്ന് എന്നെ രക്ഷിക്കണമേ, നായ്‍ക്കളുടെ കൈയിൽനിന്ന് എന്റെ ജീവനെ വിടുവിക്കണമേ. സിംഹങ്ങളുടെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നിന്ന് ഈ പീഡിതാത്മാവിനെ വീണ്ടെടുക്കണമേ. അവിടുന്നു ചെയ്ത നന്മകൾ എന്റെ സഹോദരന്മാരെ ഞാൻ അറിയിക്കും. ഭക്തജനങ്ങളേ, സർവേശ്വരനെ സ്തുതിക്കുക; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ പ്രകീർത്തിക്കുക; ഇസ്രായേൽമക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക. പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല, അവന്റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല; തിരുമുഖം അവനിൽനിന്നു മറയ്‍ക്കുന്നുമില്ല; അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവന് ഉത്തരമരുളി.
സങ്കീർത്തനങ്ങൾ 22:14-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവ് അണ്ണാക്കോട് പറ്റിയിരിക്കുന്നു. അങ്ങ് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളച്ചു. എന്‍റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം; അവർ എന്നെ തുറിച്ച് നോക്കുന്നു. എന്‍റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. അവിടുന്ന് അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. വാളിൽനിന്ന് എന്‍റെ പ്രാണനെയും നായയുടെ കയ്യിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ അവിടുന്ന് എന്നെ രക്ഷിക്കുന്നു. ഞാൻ തിരുനാമത്തെ എന്‍റെ സഹോദരന്മാരോട് കീർത്തിക്കും; സഭാമദ്ധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും. യഹോവാഭക്തന്മാരേ, അവിടുത്തെ സ്തുതിക്കുവിൻ; യാക്കോബിന്‍റെ സകലസന്തതികളുമേ, അവിടുത്തെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്‍റെ സർവ്വസന്തതികളുമേ, കർത്താവിനെ ഭയപ്പെടുവിൻ. അരിഷ്ടന്റെ അരിഷ്ടത അവിടുന്ന് നിരസിച്ചില്ല, വെറുത്തതുമില്ല; തന്റെ മുഖം അവന് മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കുകയത്രേ ചെയ്തത്.
സങ്കീർത്തനങ്ങൾ 22:14-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു. എന്റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുമിരിക്കുന്നു. നായ്ക്കൾ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവർ എന്റെ കൈകളെയും കാലുകളെയും തുളെച്ചു. എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവർ എന്നെ ഉറ്റുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവർ ചീട്ടിടുന്നു. നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ. വാളിങ്കൽനിന്നു എന്റെ പ്രാണനെയും നായുടെ കയ്യിൽനിന്നു എന്റെ ജീവനെയും വിടുവിക്കേണമേ. സിംഹത്തിന്റെ വായിൽനിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നീ എനിക്കു ഉത്തരമരുളുന്നു. ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും. യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിൻ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിൻ; യിസ്രായേലിന്റെ സർവ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിൻ. അരിഷ്ടന്റെ അരിഷ്ടത അവൻ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോൾ കേൾക്കയത്രേ ചെയ്തതു.
സങ്കീർത്തനങ്ങൾ 22:14-24 സമകാലിക മലയാളവിവർത്തനം (MCV)
ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു, എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെയായി, എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു. എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു. നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു, ഒരുകൂട്ടം ദുഷ്ടജനങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; അവർ എന്റെ കൈകളും പാദങ്ങളും കുത്തിത്തുളച്ചിരിക്കുന്നു. എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം അവർ എന്നെ പരിഹാസപൂർവം തുറിച്ചുനോക്കുന്നു. എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിടുന്നു. എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ. അവിടന്നാണ് എന്റെ ശക്തി; എന്നെ സഹായിക്കാൻ വേഗം വരണമേ. വാളിൽനിന്ന് എന്നെ രക്ഷിക്കണമേ; ഈ നായ്ക്കളുടെ പിടിയിൽനിന്ന് എന്റെ വിലപ്പെട്ട ജീവനെയും! സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ; കാട്ടുകാളകളുടെ കൊമ്പുകൾക്കിടയിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും. യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക! യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക! സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക! കാരണം പീഡിതരുടെ കഷ്ടത അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല; തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.