SAM 22:14-24

SAM 22:14-24 MALCLBSI

എന്റെ ശക്തി വെള്ളംപോലെ തൂവിപ്പോയിരിക്കുന്നു, എന്റെ അസ്ഥികൾ ഉലഞ്ഞിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെ ഉരുകിയിരിക്കുന്നു. എന്റെ തൊണ്ട പൊട്ടി വറകലംപോലെ വരണ്ടിരിക്കുന്നു; എന്റെ നാവ് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു. മരണത്തിന്റെ പൂഴിയിൽ അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു. ദുഷ്ടന്മാരുടെ കൂട്ടം നായ്‍ക്കളെപ്പോലെ എന്നെ വളഞ്ഞു; അവർ എന്റെ കൈകാലുകൾ കടിച്ചുകീറി. എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാവുന്ന വിധത്തിലായി; എന്റെ ശത്രുക്കൾ എന്നെ തുറിച്ചുനോക്കുന്നു. എന്റെ വസ്ത്രങ്ങൾ അവർ പങ്കിടുന്നു, അങ്കിക്കായി അവർ ചീട്ടിടുന്നു. സർവേശ്വരാ, അവിടുന്ന് എന്നിൽനിന്ന് അകന്നു പോകരുതേ; എനിക്കു തുണയരുളുന്ന നാഥാ, സഹായിക്കാൻ വേഗം വരണമേ. ശത്രുക്കളുടെ വാളിൽനിന്ന് എന്നെ രക്ഷിക്കണമേ, നായ്‍ക്കളുടെ കൈയിൽനിന്ന് എന്റെ ജീവനെ വിടുവിക്കണമേ. സിംഹങ്ങളുടെ വായിൽനിന്ന് എന്നെ രക്ഷിക്കണമേ; കാട്ടുപോത്തുകളുടെ കൊമ്പുകൾക്കിടയിൽ നിന്ന് ഈ പീഡിതാത്മാവിനെ വീണ്ടെടുക്കണമേ. അവിടുന്നു ചെയ്ത നന്മകൾ എന്റെ സഹോദരന്മാരെ ഞാൻ അറിയിക്കും. ഭക്തജനങ്ങളേ, സർവേശ്വരനെ സ്തുതിക്കുക; യാക്കോബിന്റെ സന്തതികളേ, അവിടുത്തെ പ്രകീർത്തിക്കുക; ഇസ്രായേൽമക്കളേ, ഭയഭക്തിയോടെ അവിടുത്തെ ആരാധിക്കുക. പീഡിതനെ അവിടുന്ന് അവഗണിക്കുന്നില്ല, അവന്റെ ദുരിതത്തെ നിന്ദയോടെ നോക്കുന്നില്ല; തിരുമുഖം അവനിൽനിന്നു മറയ്‍ക്കുന്നുമില്ല; അങ്ങയോടു നിലവിളിച്ചപ്പോൾ അവിടുന്ന് അവന് ഉത്തരമരുളി.

SAM 22 വായിക്കുക