സങ്കീർത്തനങ്ങൾ 142:1-7

സങ്കീർത്തനങ്ങൾ 142:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് യാചിക്കുന്നു. അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. എന്റെ ആത്മാവ് എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. വലത്തോട്ടുനോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് പൊയ്പോയിരിക്കുന്നു; എന്റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു. എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. ഞാൻ നിന്റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റും വന്നുകൂടും.

സങ്കീർത്തനങ്ങൾ 142:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ ഉച്ചത്തിൽ സർവേശ്വരനെ വിളിച്ചപേക്ഷിക്കുന്നു. ശബ്ദം ഉയർത്തി അവിടുത്തോടു യാചിക്കുന്നു. ഞാൻ എന്റെ സങ്കടം തിരുമുമ്പിൽ പകരുന്നു. അവിടുത്തോട് എന്റെ ദുരിതങ്ങൾ വിവരിക്കുന്നു. മനം തളരുമ്പോൾ, ഞാൻ പോകേണ്ട വഴി അവിടുന്ന് അറിയുന്നു. എന്റെ പാതയിൽ അവർ കെണി വച്ചിരിക്കുന്നു. ഞാൻ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല. സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു. എന്റെ നിലവിളി ശ്രദ്ധിക്കണമേ, ഞാൻ ഏറ്റവും തകർന്നിരിക്കുന്നു. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവർ എന്നെക്കാൾ ശക്തരാണല്ലോ. കാരാഗൃഹത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാൻ അങ്ങയുടെ നാമത്തിനു സ്തോത്രം അർപ്പിക്കട്ടെ. അവിടുന്ന് എന്നോടു കാരുണ്യം കാണിക്കുന്നതുകൊണ്ടു, നീതിമാന്മാർ എന്റെ ചുറ്റും കൂടും.”

സങ്കീർത്തനങ്ങൾ 142:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ഞാൻ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോട് പ്രാർത്ഥിക്കുന്നു. ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു. എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ അവിടുന്ന് എന്‍റെ പാത അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു. എന്‍റെ വലത്തുഭാഗത്തേക്ക് നോക്കി കാണേണമേ; എന്നെ ശ്രദ്ധിക്കുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്ക് നഷ്ടമായിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ അങ്ങയോടു നിലവിളിച്ചു; “അവിടുന്ന് എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്‍റെ ഓഹരിയും ആകുന്നു” എന്നു ഞാൻ പറഞ്ഞു. എന്‍റെ നിലവിളിക്ക് ചെവിതരണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ. ഞാൻ അങ്ങേയുടെ നാമത്തിന് സ്തോത്രം ചെയ്യുവാൻ എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; അങ്ങ് എനിക്ക് ഉപകാരം ചെയ്തിരിക്കുകയാൽ നീതിമാന്മാർ എന്‍റെ ചുറ്റം വന്നുകൂടും.

സങ്കീർത്തനങ്ങൾ 142:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു. അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ നീ എന്റെ പാതയെ അറിയുന്നു. ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു. വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവൻ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല. യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു. എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ. ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

സങ്കീർത്തനങ്ങൾ 142:1-7 സമകാലിക മലയാളവിവർത്തനം (MCV)

യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു; കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു. എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു. എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ, എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ. ഞാൻ പോകേണ്ട പാതകളിൽ എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു. എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല; എനിക്കൊരു അഭയസ്ഥാനവുമില്ല. യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; “അങ്ങാണ് എന്റെ സങ്കേതം, ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു. എന്റെ കരച്ചിൽ കേൾക്കണമേ, ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവർ എന്നെക്കാൾ അതിശക്തരാണ്. ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്, തടവറയിൽനിന്നും എന്നെ വിടുവിക്കണമേ. അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.