SAM 142:1-7

SAM 142:1-7 MALCLBSI

ഞാൻ ഉച്ചത്തിൽ സർവേശ്വരനെ വിളിച്ചപേക്ഷിക്കുന്നു. ശബ്ദം ഉയർത്തി അവിടുത്തോടു യാചിക്കുന്നു. ഞാൻ എന്റെ സങ്കടം തിരുമുമ്പിൽ പകരുന്നു. അവിടുത്തോട് എന്റെ ദുരിതങ്ങൾ വിവരിക്കുന്നു. മനം തളരുമ്പോൾ, ഞാൻ പോകേണ്ട വഴി അവിടുന്ന് അറിയുന്നു. എന്റെ പാതയിൽ അവർ കെണി വച്ചിരിക്കുന്നു. ഞാൻ വലത്തോട്ടു നോക്കി കാത്തിരിക്കുന്നു. എന്നെ ആരും ശ്രദ്ധിക്കുന്നില്ല. ഒരു ആശ്രയസ്ഥാനവും എനിക്ക് അവശേഷിക്കുന്നില്ല. ആരും എന്നെ ഗൗനിക്കുന്നുമില്ല. സർവേശ്വരാ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. “അങ്ങാണെന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തെ എന്റെ ഓഹരിയും അവിടുന്നാകുന്നു. എന്റെ നിലവിളി ശ്രദ്ധിക്കണമേ, ഞാൻ ഏറ്റവും തകർന്നിരിക്കുന്നു. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവർ എന്നെക്കാൾ ശക്തരാണല്ലോ. കാരാഗൃഹത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാൻ അങ്ങയുടെ നാമത്തിനു സ്തോത്രം അർപ്പിക്കട്ടെ. അവിടുന്ന് എന്നോടു കാരുണ്യം കാണിക്കുന്നതുകൊണ്ടു, നീതിമാന്മാർ എന്റെ ചുറ്റും കൂടും.”

SAM 142 വായിക്കുക