സങ്കീർത്തനങ്ങൾ 119:89-176
സങ്കീർത്തനങ്ങൾ 119:89-176 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, നിന്റെ വചനം സ്വർഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്. ഞാൻ നിനക്കുള്ളവനത്രേ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. സകല സമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണമായിരിക്കുന്നു. നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്റെ ധ്യാനമാകുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ട് എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിനു ഞാൻ സകല ദുർമാർഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകല വ്യാജമാർഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിനു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർഥമാകുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. നിന്റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബലമാക്കിയിരിക്കുന്നു. അതുകൊണ്ട് നിന്റെ കല്പനകൾ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാൻ സകല വ്യാജമാർഗത്തെയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ. നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. നിന്റെ വചനം അതിവിശുദ്ധമാകുന്നു. അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു. ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ. ഞാൻ പൂർണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും. ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാർഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകളൊക്കെയും സത്യംതന്നെ. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ. നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യംതന്നെ; നിന്റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ. പ്രഭുക്കന്മാർ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനം നിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾ നിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ട്; അവർക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. നിന്റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. നിന്റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:89-176 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, അങ്ങയുടെ വചനം സ്വർഗത്തിൽ എന്നേക്കും സുസ്ഥിരമാകുന്നു. അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്ക്കുന്നു. സർവസൃഷ്ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ. അങ്ങയുടെ ധർമശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കിൽ എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടുത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല. അവയാൽ അവിടുന്നു എനിക്ക് നവജീവൻ നല്കിയിരിക്കുന്നു. ഞാൻ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ. ദുഷ്ടന്മാർ എന്നെ നശിപ്പിക്കാൻ പതിയിരിക്കുന്നു. എന്നാൽ ഞാൻ അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നു. എല്ലാം ഒരു പരിധിവരെയേ പൂർണമാകൂ എന്ന് എനിക്കറിയാം. എന്നാൽ അവിടുത്തെ കല്പനകൾ നിസ്സീമമാണ്. പരമനാഥാ, അവിടുത്തെ ധർമശാസ്ത്രത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാൻ അതു ധ്യാനിക്കുന്നു. അവിടുത്തെ കല്പനകൾ എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്റെ ശത്രുക്കളെക്കാൾ ജ്ഞാനിയാക്കുന്നു. അവിടുത്തെ കല്പനകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ ഗുരുക്കന്മാരെക്കാൾ ഞാൻ അറിവുള്ളവനായിരിക്കുന്നു. ഞാൻ അവിടുത്തെ പ്രമാണങ്ങൾ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീർന്നിരിക്കുന്നു. അങ്ങയുടെ വചനം അനുസരിക്കാൻവേണ്ടി, എല്ലാ ദുർമാർഗങ്ങളിൽനിന്നും ഞാൻ പിന്തിരിയുന്നു. ഞാൻ അങ്ങയുടെ കല്പനകളിൽനിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്. അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മധുരമുള്ളത്. അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാൻ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാർഗങ്ങളോട് എനിക്കു വെറുപ്പാണ്. അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവുമാകുന്നു. അങ്ങയുടെ നീതിയുക്തമായ കല്പനകൾ അനുസരിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും. ഞാൻ അത്യധികം കഷ്ടതയിലായിരിക്കുന്നു. സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്കണമേ. പരമനാഥാ, ഞാനർപ്പിക്കുന്ന സ്തോത്രങ്ങൾ സ്വീകരിക്കണമേ. അവിടുത്തെ കല്പനകൾ എന്നെ പഠിപ്പിക്കണമേ. എന്റെ പ്രാണൻ എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാൻ അവിടുത്തെ ധർമശാസ്ത്രം മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങളിൽ നിന്നു വ്യതിചലിക്കുന്നില്ല. അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു. അങ്ങയുടെ ചട്ടങ്ങൾ എന്നേക്കും പാലിക്കുമെന്നു ഞാൻ തീരുമാനിച്ചിരിക്കുന്നു. കപടഹൃദയമുള്ളവരെ ഞാൻ വെറുക്കുന്നു. എന്നാൽ ഞാൻ അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാൻ അങ്ങയുടെ വാഗ്ദാനത്തിൽ പ്രത്യാശ വയ്ക്കുന്നു. ദുഷ്കർമികളേ, എന്നെ വിട്ടുപോകുവിൻ, ഞാൻ എന്റെ ദൈവത്തിന്റെ കല്പനകൾ അനുസരിക്കട്ടെ. എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാൻ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ. എന്നെ താങ്ങണമേ. ഞാൻ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാൻ എപ്പോഴും ആദരിക്കട്ടെ. അങ്ങയുടെ ചട്ടങ്ങളിൽനിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യർഥമാണ്. ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാൻ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു. അങ്ങയോടുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാൻ ഭയപ്പെടുന്നു. നീതിയും ന്യായവുമാണ് ഞാൻ പ്രവർത്തിച്ചിട്ടുള്ളത്. മർദകന്മാർക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ. അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. അവിടുത്തെ രക്ഷയും നീതിപൂർവമായ വാഗ്ദാനത്തിന്റെ പൂർത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വർത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. ഞാൻ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകൾ ഗ്രഹിക്കാൻ എനിക്കു വിവേകം നല്കണമേ. സർവേശ്വരാ, അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധർമശാസ്ത്രം അവർ ലംഘിച്ചിരിക്കുന്നുവല്ലോ. ഞാൻ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാൾ സ്നേഹിക്കുന്നു. അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാർഗത്തിൽ നടക്കാൻ ഞാനിഷ്ടപ്പെടുന്നു. ഞാൻ എല്ലാ ദുർമാർഗങ്ങളെയും വെറുക്കുന്നു. അങ്ങയുടെ കല്പനകൾ അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാൻ അവ അനുസരിക്കുന്നു. അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോൾ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു. അവിടുത്തെ കല്പനകൾക്കുവേണ്ടിയുള്ള അഭിവാഞ്ഛയാൽ, ഞാൻ ആർത്തിയോടെ വായ് തുറക്കുന്നു. അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ. അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധർമങ്ങൾ എന്നെ കീഴടക്കാതിരിക്കട്ടെ. പീഡകരിൽനിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങൾ ഞാൻ അനുസരിക്കും. അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കണമേ. മനുഷ്യർ അവിടുത്തെ ധർമശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണിൽനിന്നു കണ്ണുനീർ നീർച്ചാലുപോലെ ഒഴുകുന്നു. സർവേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികൾ നീതിനിഷ്ഠമാണ്. നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകൾ നല്കിയിരിക്കുന്നു. എന്റെ ശത്രുക്കൾ അവിടുത്തെ വചനം അവഗണിക്കുന്നതിനാൽ, അവരോടുള്ള കോപം എന്നിൽ ജ്വലിക്കുന്നു. അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസൻ അതിനെ സ്നേഹിക്കുന്നു. ഞാൻ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകൾ ഞാൻ വിസ്മരിക്കുന്നില്ല. അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധർമശാസ്ത്രം സത്യവുമാകുന്നു. കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടുത്തെ കല്പനകൾ എന്നും നീതിനിഷ്ഠമാകുന്നു. ഞാൻ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്കണമേ. ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സർവേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങൾ ഞാൻ പാലിക്കും. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാൻ അങ്ങയുടെ കല്പനകൾ അനുസരിക്കും. ഞാൻ അതിരാവിലെ ഉണർന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാൻ അവിടുത്തെ വാഗ്ദാനങ്ങളിൽ പ്രത്യാശ വയ്ക്കുന്നു. അങ്ങയുടെ വചനം ധ്യാനിക്കാൻ രാത്രിയുടെ യാമങ്ങളിൽ ഞാൻ ഉണർന്നിരിക്കുന്നു. അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ യാചന കേൾക്കണമേ. സർവേശ്വരാ, അവിടുത്തെ നീതിയാൽ എന്റെ ജീവനെ സംരക്ഷിക്കണമേ. ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവർ എന്നെ സമീപിക്കുന്നു. അവർ അവിടുത്തെ ധർമശാസ്ത്രത്തെ പൂർണമായി അവഗണിച്ചിരിക്കുന്നു. എന്നാൽ സർവേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ. അവിടുത്തെ കല്പനകൾ ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. നാഥാ, എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ. അങ്ങയുടെ ധർമശാസ്ത്രം ഞാൻ അവഗണിക്കുന്നില്ലല്ലോ. എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും, അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവൻ നല്കണമേ. ദുഷ്ടരെ ദൈവം രക്ഷിക്കയില്ല. അവിടുത്തെ ചട്ടങ്ങൾ അവർ അനുസരിക്കുന്നില്ലല്ലോ. സർവേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവൻ നല്കണമേ. എന്നെ പീഡിപ്പിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു. എങ്കിലും അങ്ങയുടെ കല്പനകളിൽനിന്നു ഞാൻ വ്യതിചലിക്കുന്നില്ല. അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്. അവർ അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നില്ലല്ലോ. സർവേശ്വരാ, അവിടുത്തെ കല്പനകൾ എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ജീവൻ കാത്തുകൊള്ളണമേ. അങ്ങയുടെ വചനത്തിന്റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകൾ നീതിയുക്തവും ശാശ്വതവുമാണ്. പ്രഭുക്കന്മാർ അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാൻ ഭയഭക്തിയോടെ ആദരിക്കുന്നു. വലിയ കൊള്ളമുതൽ ലഭിച്ചവനെപ്പോലെ, ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു. അസത്യത്തെ ഞാൻ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാൻ അവിടുത്തെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നു. അങ്ങയുടെ നീതിപൂർവകമായ കല്പനകൾക്കായി, ദിവസം ഏഴു പ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ ധർമശാസ്ത്രത്തെ സ്നേഹിക്കുന്നവർക്ക് പൂർണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താൻ യാതൊന്നിനും കഴിയുകയില്ല. സർവേശ്വരാ, അവിടുത്തെ രക്ഷയ്ക്കായി ഞാൻ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകൾ അനുസരിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകൾ പാലിക്കുന്നു. ഞാൻ അവയെ വളരെയധികം സ്നേഹിക്കുന്നു. ഞാൻ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ. സർവേശ്വരാ, എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്കണമേ. എന്റെ അപേക്ഷ തിരുസന്നിധിയിൽ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ. അവിടുത്തെ ചട്ടങ്ങൾ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കും. ഞാൻ അവിടുത്തെ വചനത്തെ പ്രകീർത്തിക്കും. അവിടുത്തെ കല്പനകൾ നീതിനിഷ്ഠമല്ലോ. അവിടുന്ന് എന്നെ സഹായിക്കാൻ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകൾ അനുസരിക്കാൻ ഞാൻ ഉറച്ചിരിക്കുന്നുവല്ലോ. പരമനാഥാ, അവിടുന്നു നല്കുന്ന രക്ഷയ്ക്കായി ഞാൻ കാംക്ഷിക്കുന്നു. അവിടുത്തെ ധർമശാസ്ത്രമാണ് എന്റെ ആനന്ദം. അങ്ങയെ സ്തുതിക്കാൻവേണ്ടി ഞാൻ ജീവിക്കട്ടെ. അവിടുത്തെ കല്പനകൾ എനിക്ക് ആശ്രയമായിരിക്കട്ടെ. കൂട്ടംവിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകൾ ഞാൻ അവഗണിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 119:89-176 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
യഹോവേ, അങ്ങേയുടെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു. അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ. അങ്ങേയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും. സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; അങ്ങേയുടെ കല്പനയോ അതിരുകള് ഇല്ലാത്തതായിരിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു. അങ്ങേയുടെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്. അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. അങ്ങേയുടെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. എന്റെ ജീവന് എപ്പോഴും അപകടത്തില് ആയിരിക്കുന്നു; എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങ് എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ. അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണ് അങ്ങേയുടെ രക്ഷയെയും അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങേയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു. അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. എന്റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ. അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു. അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. അങ്ങേയുടെ നീതി ശാശ്വതനീതിയും അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങേയുടെ കല്പനകൾ എന്റെ പ്രമോദമാകുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ. ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ അങ്ങേയുടെ ചട്ടങ്ങൾ പ്രമാണിക്കും. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; അങ്ങേയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; അങ്ങേയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു; അങ്ങേയുടെ കല്പനകൾ സകലവും സത്യം തന്നെ. അങ്ങേയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ അങ്ങേയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. യഹോവേ, അങ്ങേയുടെ കരുണ വലിയതാകുന്നു; അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ അങ്ങേയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ. അങ്ങേയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. അങ്ങേയുടെ വചനത്തിന്റെ സാരം സത്യം തന്നെ; അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. അധികാരികള് വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങേയുടെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു. വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അങ്ങേയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് അങ്ങേയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ. അങ്ങേയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ അങ്ങേയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. അങ്ങയെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; അങ്ങേയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; അങ്ങേയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:89-176 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു. ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിപ്പാൻ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും. സകലസമ്പൂർത്തിക്കും ഞാൻ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീർണ്ണമായിരിക്കുന്നു. നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു. നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ടു. നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകല ഗുരുക്കന്മാരിലും ഞാൻ ബുദ്ധിമാനാകുന്നു. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാൻ വയോധികന്മാരിലും വിവേകമേറിയവനാകുന്നു. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകല ദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു. നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാൻ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു. നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ. ഞാൻ പ്രാണത്യാഗം ചെയ്വാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാൻ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല. ഞാൻ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാൻ ഞാൻ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാൻ പ്രമാണിക്കേണ്ടതിന്നു ദുഷ്കർമ്മികളേ, എന്നെ വിട്ടകന്നു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളിൽ ഞാൻ നിരന്തരം രസിക്കും. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചം കൊള്ളുന്നു; നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്കു എന്നെ ഏല്പിച്ചുകൊടുക്കരുതേ. അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു. നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ. യഹോവേ, ഇതു നിനക്കു പ്രവർത്തിപ്പാനുള്ള സമയമാകുന്നു; അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ടു നിന്റെ കല്പനകൾ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. ആകയാൽ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാൻ സകലവ്യാജമാർഗ്ഗത്തേയും വെറുക്കുന്നു. നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ. എന്റെ കാലടികളെ നിന്റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്റെ പീഡനത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങളെ അനുസരിക്കും. അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ. അവർ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നേ. നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്റെ വൈരികൾ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു. നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു. ഞാൻ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു. നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ. ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും. ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവെക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. നിന്റെ ദയക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവർ അകന്നിരിക്കുന്നു. യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ ഒക്കെയും സത്യം തന്നേ. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു. എന്നു ഞാൻ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു. എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാൻ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ. നിന്റെ പ്രമാണങ്ങൾ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ. നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികൾ ഒക്കെയും എന്നേക്കുമുള്ളവ. പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്കു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു. നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല. യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാൻ ആചരിക്കുന്നു. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു. ഞാൻ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ. എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. നിന്റെ കല്പനകൾ ഒക്കെയും നീതിയായിരിക്കയാൽ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ. നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ. യഹോവേ, ഞാൻ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു. നിന്നെ സ്തുതിക്കേണ്ടതിന്നു എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാൻ മറക്കുന്നില്ല.
സങ്കീർത്തനങ്ങൾ 119:89-176 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു; അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു. അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു; അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു. അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു, കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ. അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ, എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു. അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്. എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ; അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്. എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു, എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും. സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്. ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു. അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു; അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്. അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ, വയോധികരെക്കാളും വിവേകം എനിക്കുണ്ട്. തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു. അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്. തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്. അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു. അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ. എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല. ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല. അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം. അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു. ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു. അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു. അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ! അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ. എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും. അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ. ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു. അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു. നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു; എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ. അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ; അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ. അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്, എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു. അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ, അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ഞാൻ അവിടത്തെ ദാസനാകുന്നു; അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം, അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു, അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു, എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു. അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു. അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ. തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ. മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും. അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ. ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു. യഹോവേ, അവിടന്നു നീതിമാൻ ആകുന്നു, അവിടത്തെ നിയമങ്ങളും നീതിയുക്തമായവ. അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ; അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു. എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്, എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു. അവിടത്തെ വാഗ്ദാനങ്ങൾ സ്ഫുടംചെയ്തവയാണ്, അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു. ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും, അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല. അവിടത്തെ നീതി ശാശ്വതവും ന്യായപ്രമാണം സത്യവും ആകുന്നു. കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ. യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ, ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും. ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ, ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും. ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു; ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു. ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്, രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു. യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്. എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്, അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ. അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന് വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ, കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ. രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല. യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്, എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല. ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു, കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ. അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ. അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു; അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്. ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു. വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു. കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു. അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു. അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല. യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു. അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു. ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്. യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ. എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ; അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ. അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്, എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ. ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ. യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു, അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു. ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ, അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ. കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു. അടിയനെ തേടി വരണമേ, അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.