സങ്കീ. 119:89-176

സങ്കീ. 119:89-176 IRVMAL

യഹോവേ, അങ്ങേയുടെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. അങ്ങേയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു. അവ ഇന്നുവരെ അങ്ങേയുടെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും അങ്ങേയുടെ ദാസന്മാരല്ലോ. അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു. ഞാൻ ഒരുനാളും അങ്ങേയുടെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു. ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു. ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്‍റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും. സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; അങ്ങേയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്‍റെ ധ്യാനമാകുന്നു. അങ്ങേയുടെ കല്പനകൾ എന്നെ എന്‍റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്‍റെ ധ്യാനമായിരിക്കുകകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു. അങ്ങേയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു. അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങേയുടെ വിധികൾ വിട്ടുമാറിയിട്ടില്ല. തിരുവചനം എന്‍റെ നാവിന് എത്ര മധുരം! അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്. അങ്ങേയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു. അങ്ങേയുടെ വചനം എന്‍റെ കാലിന് ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും. ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; അങ്ങേയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരേണമേ. എന്‍റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങേയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല. ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല. ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ എന്‍റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു. അങ്ങേയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്‍റെ ഹൃദയം ചായിച്ചിരിക്കുന്നു. ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങ് എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്‍റെ ദൈവത്തിന്‍റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ. ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങേയുടെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്‍റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ. ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; അങ്ങേയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും. അങ്ങേയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു. ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങേയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു. അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്‍റെ ദേഹം വിറയ്ക്കുന്നു; അങ്ങേയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു. ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്‍റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ. അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ. എന്‍റെ കണ്ണ് അങ്ങേയുടെ രക്ഷയെയും അങ്ങേയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു. അങ്ങേയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. ഞാൻ അങ്ങേയുടെ ദാസൻ ആകുന്നു; അങ്ങേയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കേണമേ. യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങേയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു. അതുകൊണ്ട് അങ്ങേയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു. അതുകൊണ്ട് അങ്ങേയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്‍റെ മനസ്സ് അവ പ്രമാണിക്കുന്നു. അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ. അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്‍റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു. അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. അങ്ങേയുടെ നീതി ശാശ്വതനീതിയും അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങേയുടെ കല്പനകൾ എന്‍റെ പ്രമോദമാകുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ. ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ അങ്ങേയുടെ ചട്ടങ്ങൾ പ്രമാണിക്കും. ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും. ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; അങ്ങേയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു. തിരുവചനം ധ്യാനിക്കേണ്ടതിന് എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്‍റെ അപേക്ഷ കേൾക്കേണമേ; യഹോവേ, അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; അങ്ങേയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു. യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു; അങ്ങേയുടെ കല്പനകൾ സകലവും സത്യം തന്നെ. അങ്ങേയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. എന്‍റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ. രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ അങ്ങേയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ. യഹോവേ, അങ്ങേയുടെ കരുണ വലിയതാകുന്നു; അങ്ങേയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ. എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല. ഞാൻ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവർ അങ്ങേയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ. അങ്ങേയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ. അങ്ങേയുടെ വചനത്തിന്‍റെ സാരം സത്യം തന്നെ; അങ്ങേയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ. അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങേയുടെ വചനത്തെ എന്‍റെ ഹൃദയം ഭയപ്പെടുന്നു. വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങേയുടെ വചനത്തിൽ ആനന്ദിക്കുന്നു. ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. അങ്ങേയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങേയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു. എന്‍റെ മനസ്സ് അങ്ങേയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു. ഞാൻ അങ്ങേയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്‍റെ വഴികളെല്ലാം അങ്ങേയുടെ മുമ്പാകെ ഇരിക്കുന്നു. യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കേണമേ. എന്‍റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ. അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്‍റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ. അങ്ങേയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്‍റെ നാവ് അങ്ങേയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ. അങ്ങേയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ അങ്ങേയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ. യഹോവേ, ഞാൻ അങ്ങേയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു. അങ്ങയെ സ്തുതിക്കേണ്ടതിന് എന്‍റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; അങ്ങേയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ. കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; അങ്ങേയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.